Home Blog

സഞ്ജു നായകനായി തിരിച്ചുവരുന്നു. പഞ്ചാബിനെതിരെ രാജസ്ഥാനെ നയിക്കും.

0

2025 ഐപിഎല്ലിലെ തങ്ങളുടെ നാലാം മത്സരത്തിന് മുന്നോടിയായി രാജസ്ഥാന് സന്തോഷവാർത്ത. രാജസ്ഥാന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസൺ പൂർണ്ണമായി തന്റെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് പൂർണമായി ഫിറ്റ്നസ് വീണ്ടെടുത്ത സഞ്ജു സാംസൺ രാജസ്ഥാൻ നായകനാവാൻ ഇതിനോടകം തന്നെ തയ്യാറായിക്കഴിഞ്ഞു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജസ്ഥാന്റെ അടുത്ത മത്സരത്തിൽ നായകനായാവും സഞ്ജു സാംസൺ തിരികെയെത്തുക. കഴിഞ്ഞ മത്സരങ്ങളിൽ റിയാൻ പരഗാണ് രാജസ്ഥാനെ നയിച്ചിരുന്നത്.

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഇമ്പാക്ട് താരമായാണ് സഞ്ജു സാംസൺ കളിച്ചത്. നായകനായി സഞ്ജു ഇല്ലാത്തതിനാൽ തന്നെ മോശം തുടക്കമായിരുന്നു രാജസ്ഥാന് ഈ സീസൺ ലഭിച്ചത്. ആദ്യ മത്സരത്തിൽ ഹൈദരാബാദ് ടീമിനെതിരെ വലിയ പരാജയം രാജസ്ഥാന് ഏറ്റുവാങ്ങേണ്ടിവന്നു. ശേഷം കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലും രാജസ്ഥാൻ പരാജയപ്പെട്ടിരുന്നു. പിന്നീടാണ് ചെന്നൈയ്ക്കെതിരെ രാജസ്ഥാൻ ആദ്യ വിജയം സ്വന്തമാക്കിയത്. ഇതിന് ശേഷം സഞ്ജു സാംസൺ തിരിച്ചു വരുന്ന വാർത്ത രാജസ്ഥാനെ സംബന്ധിച്ച് ഒരുപാട് സന്തോഷം നൽകുന്നു.

“ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് രാജസ്ഥാൻ റോയൽസിന്റെ നായകൻ സഞ്ജു സാംസണ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്. ഇനി സഞ്ജുവിന് തന്റെ വിക്കറ്റ് കീപ്പിംഗ് ജോലികളും ചെയ്യാൻ സാധിക്കും. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മെഡിക്കൽ ടീമിന്റെ പൂർണമായ പരിശോധനയ്ക്ക് ശേഷമാണ് സഞ്ജുവിന് ഇത്തരത്തിൽ ഒരു ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയത്. ഈ സാഹചര്യത്തിൽ സഞ്ജു രാജസ്ഥാൻ ടീമിന്റെ പൂർണ നായകനായി തന്നെ തിരിച്ചു വരും. പഞ്ചാബ് കിങ്സിനെതിരായ രാജസ്ഥാന്റെ അടുത്ത മത്സരത്തിൽ തന്നെ സഞ്ജു നായകനായെത്തും.”- രാജസ്ഥാൻ പുറത്തുവിട്ട ഒരു പ്രസ്താവനയിൽ പറയുന്നു.

നായകനല്ലെങ്കിലും ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഞ്ജുവിന് ആദ്യ മത്സരത്തിൽ സാധിച്ചിരുന്നു. ആദ്യ മത്സരത്തിൽ 66 റൺസാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്. പിന്നീടുള്ള മത്സരങ്ങളിൽ 13, 20 എന്നിങ്ങനെ സ്വന്തമാക്കാനേ സഞ്ജുവിന് സാധിച്ചുള്ളൂ. നിലവിൽ ഈ സീസണിൽ ഒരു വിജയം മാത്രം സ്വന്തമാക്കിയ രാജസ്ഥാൻ ടീം പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. പഞ്ചാബിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയം സ്വന്തമാക്കി തിരിച്ചുവരാനാണ് രാജസ്ഥാന്റെ നിലവിലെ ശ്രമം.

അശ്വിനെ ഇനി പവർപ്ലേയിൽ കളിപ്പിക്കരുത്, കോൺവേ തിരിച്ച് വരണം. ചെന്നൈ ടീമിലെ മാറ്റങ്ങൾ.

0

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച തുടക്കമല്ല ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന് ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈക്കെതിരെ വിജയം സ്വന്തമാക്കിയെങ്കിലും പിന്നീട് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെയും രാജസ്ഥാൻ റോയൽസിനെതിരെയും ചെന്നൈയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇതിന് ശേഷം ചെന്നൈ തങ്ങളുടെ ടീമിൽ വരുത്തേണ്ട പ്രധാനപ്പെട്ട മാറ്റങ്ങളെ പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ക്രിസ് ശ്രീകാന്ത്.

ചെന്നൈ തങ്ങളുടെ ബോളിംഗ് ലൈനപ്പിൽ കുറച്ചു മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് എന്നാണ് ശ്രീകാന്ത് പറയുന്നത്. യുവതാരമായ അൻഷുൽ കാംബോജിനെ ചെന്നൈ ടീമിൽ ഉൾപ്പെടുത്തണമെന്ന് ശ്രീകാന്ത് പറയുന്നു. ഒപ്പം രവിചന്ദ്രൻ അശ്വിനെ ഇനി പവർപ്ലേ ഓവറുകളിൽ എറിയിക്കാൻ പാടില്ലയെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു. 7 മുതൽ 18 വരെയുള്ള ഓവറുകളിലാണ് അശ്വിൻ കൂടുതൽ അപകടകാരി എന്നാണ് ശ്രീകാന്തിന്റെ വിലയിരുത്തൽ.

“ജാമി ഓവർടൺ കളിക്കുന്ന സ്ഥാനത്തേക്ക് കോൺവെയെ കൊണ്ടുവരാൻ ചെന്നൈ ശ്രമിക്കണം. മാത്രമല്ല തങ്ങളുടെ പ്ലെയിങ് ഇലവനിലേക്ക് യുവ പേസറായ അൻഷുൽ കാംബോജിനെയും ചെന്നൈ ഉൾപ്പെടുത്തണം. അശ്വിനെപ്പറ്റി പറയുകയാണെങ്കിൽ അവനെ ഒരിക്കലും ടീമിൽ നിന്ന് ഒഴിവാക്കാൻ പാടില്ല. പക്ഷേ പവർപ്ലെ ഓവറുകളിൽ അവന് പന്ത് നൽകരുത്. കാരണം 7 മുതൽ 18 വരെയുള്ള ഓവറുകളിലാണ് അശ്വിൻ കൂടുതൽ അപകടകാരി. ജഡേജ, നൂർ അഹമദ് എന്നീ മികച്ച സ്പിന്നർമാർ ടീമിലുള്ളതിനാൽ തന്നെ 10 ഓവറുകൾ അവർക്ക് അനായാസം പന്തറിയാൻ സാധിക്കും. ചെന്നൈ ഇപ്പോൾ ഒഴിവാക്കേണ്ടത് ത്രിപാതിയെയാണ്. ശേഷം കാംബോജിനെയും കോൺവേയെയും ടീമിൽ ഉൾപ്പെടുത്തണം.”- ശ്രീകാന്ത് പറയുന്നു.

ഇതുവരെ ഈ ഐപിഎല്ലിൽ 3 മത്സരങ്ങളിൽ കളിച്ച അശ്വിൻ 3 വിക്കറ്റുകൾ മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. 33 എന്ന ശരാശരിയിലാണ് അശ്വിന്റെ വിക്കറ്റ് നേട്ടം. മാത്രമല്ല 9.9 എന്ന ഉയർന്ന എക്കണോമി റേറ്റും അശ്വിനെതിരെ ബാറ്റർമാർ നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ ചെന്നൈ ടീമിന്റെ ഇമ്പാക്ട് താരമായി കളിച്ച ശിവം ദുബെയെ ഇനിയും അത്തരത്തിൽ കളിപ്പിക്കാൻ പാടില്ല എന്നും ശ്രീകാന്ത് പറഞ്ഞു. ശിവം ദുബയെ പ്ലയിങ് ഇലവനിൽ ഉൾപ്പെടുത്തി ആൻഡ്ര സിദ്ധാർത്ഥിനെ ഇമ്പാക്ട് സബ്സ്റ്റിട്യൂട്ടാക്കി ചെന്നൈ കളിക്കണമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

“ഞാനായിരുന്നുവെങ്കിൽ ശിവം ദുബെയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേനെ. മാത്രമല്ല ആൻഡ്ര സിദ്ധാർത്ഥിനെ ഇമ്പാക്ട് താരമായി ഞാൻ ഉൾപ്പെടുത്തിയേനെ. മുകേഷ് ചൗദരിയെ ടീമിൽ കളിപ്പിച്ചാലും അത് മികച്ച ഒരു ഓപ്ഷനാണ്. കാരണം ചെന്നൈയ്ക്കായി മുൻപ് മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച ചരിത്രം മുകേഷിനുണ്ട്.”- ശ്രീകാന്ത് പറഞ്ഞു വെക്കുന്നു. ഏപ്രിൽ അഞ്ചിന് ഡൽഹി ക്യാപിറ്റൽസ് ടീമിനെതിരെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ അടുത്ത മത്സരം നടക്കുന്നത്.

“ഞങ്ങൾ ഹൈദരാബാദാണ്. 160-170 നേടി രക്ഷപെടാൻ നോക്കുന്ന ടീമല്ല” – കമ്മിൻസ് പറയുന്നു.

0

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ സാധിക്കാതെ വന്ന ഫ്രാഞ്ചൈസികളിൽ ഒന്നാണ് ഹൈദരാബാദ്. ആദ്യ മത്സരത്തിൽ ഒരു റെക്കോർഡ് സ്കോർ സ്വന്തമാക്കി വിജയം സ്വന്തമാക്കാൻ ഹൈദരാബാദിന് സാധിച്ചിരുന്നു. ശേഷം പിന്നീടുള്ള 2 മത്സരങ്ങളിൽ ഡൽഹിക്കും ലക്നൗവിനുമെതിരെ ഹൈദരാബാദ് പരാജയം ഏറ്റുവാങ്ങി.

ഇതിന് ശേഷം ടീമിനെതിരെ വിമർശനങ്ങളും ശക്തമാണ്. ഈ സാഹചര്യത്തിൽ എല്ലാത്തിനും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ് ഇപ്പോൾ. തങ്ങൾ പുലർത്തുന്ന ആക്രമണ ശൈലിയിൽ തന്നെ ഇനിയും മുന്നോട്ട് പോകാനാണ് ടീമിന്റെ തീരുമാനം എന്ന് കമ്മിൻസ് പറയുകയുണ്ടായി.

160- 170 റൺസ് സ്വന്തമാക്കിയാൽ സുരക്ഷിതമാവുമെന്ന് കരുതുന്ന ഒരു ടീമല്ല ഹൈദരാബാദ് എന്ന് കമ്മിൻസ് പറയുകയുണ്ടായി. അതിന് മുകളിൽ ആക്രമണ മനോഭാവം പുലർത്താനാണ് തങ്ങൾ ശ്രമിക്കുന്നത് എന്നും കമ്മിൻസ് പറഞ്ഞു. ഡ്രസ്സിംഗ് റൂമിൽ നടന്ന ഒരു ചർച്ചയിലാണ് കമ്മിൻസ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ മത്സരത്തിലും ഇത്തരത്തിൽ ആക്രമണ ശൈലിയിൽ തന്നെ കളിക്കണമെന്ന് തന്റെ സഹതാരങ്ങളോട് ബോധിപ്പിക്കുകയാണ് കമ്മിൻസ് ചെയ്തത്. പരാജയങ്ങൾ തങ്ങളെ ബാധിക്കുന്നില്ല എന്ന് കമ്മിൻസ് തുറന്നുപറയുകയും ചെയ്തു.

“ഐപിഎല്ലിലെ ചില ടീമുകൾ പുതിയ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ സുരക്ഷിതമായി കളിക്കാനാണ് ശ്രമിക്കാറുള്ളത്. 160-170 റൺസ് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാവും അവർ എത്തുക. പക്ഷേ നമ്മുടെ ടീം അങ്ങനെയല്ല. അവസാന മത്സരത്തിൽ അനികേത് നല്ല രീതിയിൽ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചു. മികച്ച ഒരു സ്കോർ നമുക്ക് ലഭിച്ചു. ഒരാൾ കൂടിയുണ്ടായിരുന്നു എങ്കിൽ നമുക്ക് 200ലധികം സ്വന്തമാക്കാൻ സാധിച്ചേനെ. അങ്ങനെയെങ്കിൽ ആ മത്സരത്തിൽ നമ്മൾ വിജയിച്ചേനെ. അവസാന 2 മത്സരത്തിൽ നിർഭാഗ്യമാണ് നമുക്ക് തിരിച്ചടിയായത്. വെല്ലുവിളികൾ വരുമ്പോൾ അതിനെതിരെ പോരാടുകയാണ് വേണ്ടത്. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 280 റൺസാണ് നമ്മൾ സ്വന്തമാക്കിയത്. അത്തരത്തിൽ ഒരു ലക്ഷ്യം വച്ച് മുൻപോട്ട് പോകുന്ന ടീമാണ് നമ്മുടേത്. അതിനപ്പുറത്തേക്ക് നമ്മൾ ഒന്നും ചിന്തിക്കേണ്ട കാര്യമില്ല.”- കമ്മിൻസ് പറയുകയുണ്ടായി.

രാജസ്ഥാൻ റോയൽസ് ടീമിനെതിരെ ശക്തമായ ഒരു വിജയം സ്വന്തമാക്കിയായിരുന്നു ഹൈദരാബാദ് ഇത്തവണത്തെ ക്യാമ്പയിൻ ആരംഭിച്ചത്. ആദ്യ മത്സരത്തിൽ തന്നെ പുതിയ താരമായ ഇഷാൻ കിഷൻ ഹൈദരാബാദിനായി സെഞ്ചുറി സ്വന്തമാക്കുകയുണ്ടായി. മാത്രമല്ല ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറും മത്സരത്തിൽ ഹൈദരാബാദ് നേടി. പക്ഷേ അതിന് ശേഷമുള്ള 2 മത്സരങ്ങളിലും ഹൈദരാബാദ് ബാറ്റിംഗ് നിര തകർന്നു വീഴുന്നതാണ് കാണാൻ സാധിച്ചത്. ഏപ്രിൽ മൂന്നിന് കൊൽക്കത്തയ്ക്കെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം നടക്കുന്നത്.

“രോഹിത് ശർമ എന്ന പേര് കൊണ്ട് മാത്രം അവൻ ഇപ്പോളും ടീമിൽ തുടരുന്നു”. വിമർശനവുമായി മുൻ ഇംഗ്ലീഷ് താരം..

0

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ 3 മത്സരങ്ങളിലും മോശം ഫോമിലാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ കളിച്ചത്. ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ രോഹിത് ശർമ രണ്ടാം മത്സരത്തിൽ 8 റൺസ് മാത്രമായിരുന്നു സ്വന്തമാക്കിയത്. ശേഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 12 പന്തുകളിൽ 13 റൺസ് മാത്രമേ രോഹിത്തിന് നേടാൻ സാധിച്ചുള്ളൂ.

ഇതിനുശേഷം രോഹിത് ശർമയ്ക്കെതിരെ വലിയ വിമർശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരമായ മൈക്കിൾ വോൺ. രോഹിത് ശർമ എന്നൊരു പേരുകൊണ്ട് മാത്രമാണ് ഇപ്പോഴും ഈ താരം ടീമിൽ തുടരുന്നത് എന്ന് മൈക്കിൾ വോൺ പരിഹസിക്കുകയുണ്ടായി.

രോഹിത് എന്ന പേരാണ് താരത്തെ ഇപ്പോഴും ടീമിൽ പിടിച്ചുനിർത്തുന്നത് എന്ന് മൈക്കിൾ വോൺ തുറന്നടിക്കുന്നു. മാത്രമല്ല പേരിനും പെരുമയ്ക്കുമൊത്ത പ്രകടനം ഉടൻതന്നെ പുറത്തെടുക്കാൻ രോഹിത് ശർമയ്ക്ക് സാധിക്കണമെന്നും മൈക്കിൾ വോൺ പറയുന്നു. കൊൽക്കത്തക്കെതിരായ മത്സരത്തിന് ശേഷമാണ് വോണിന്റെ ഈ അഭിപ്രായ പ്രകടനം.

“ഇതുവരെയുള്ള രോഹിത് ശർമയുടെ സ്കോർ പരിശോധിക്കു. ഈ ഘട്ടത്തിൽ രോഹിതിനെ ഒരു ബാറ്ററെന്ന നിലയിൽ മാത്രമേ നമുക്ക് വിലയിരുത്താൻ സാധിക്കൂ. കാരണം അദ്ദേഹം ഇപ്പോൾ മുംബൈ ടീമിന്റെ നായകനല്ല. അങ്ങനെ നോക്കുമ്പോൾ രോഹിത്തിന്റെ പ്രകടനം വെറും ശരാശരി മാത്രമാണ്. രോഹിത് ശർമ എന്ന പേരില്ലായിരുന്നുവെങ്കിൽ ഈ താരം നേരത്തെ ടീമിന് പുറത്തു പോയേനെ. ഇത്തരത്തിലുള്ള പ്രകടനങ്ങളല്ല രോഹിത് ശർമയെ പോലെയുള്ള താരങ്ങളിൽ നിന്ന് ഉണ്ടാവേണ്ടത്.”- വോൺ പറയുന്നു.

“ഇപ്പോൾ അദ്ദേഹം ക്യാപ്റ്റനല്ലാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് ബാറ്റിംഗിലെ നമ്പറുകൾ മാത്രം നോക്കി നമ്മൾ വിലയിരുത്തുന്നത്. അദ്ദേഹം മുംബൈ ടീമിന്റെ നായകനായിരുന്നുവെങ്കിൽ അതുകൂടി നമ്മൾ കണക്കിലെടുത്തേനെ. അത്തരമൊരു സാഹചര്യമായിരുന്നുവെങ്കിൽ തന്റെ നേതൃത്വപാടവും തന്ത്രങ്ങളും പരിചയസമ്പന്നതയും ടീമിനായി ഉപയോഗപ്പെടുത്താൻ രോഹിത്തിന് സാധിച്ചേനെ. പക്ഷേ ഇപ്പോൾ അങ്ങനെയല്ല സാഹചര്യങ്ങൾ. അവൻ ഒരു ബാറ്റർ മാത്രമാണ്. ബാറ്റിംഗിലെ പ്രകടനം മാത്രമാണ് നമ്മൾക്ക് പരിശോധിക്കാൻ സാധിക്കുക.”- വോൺ കൂട്ടിചേർക്കുന്നു.

“ഇക്കാരണത്താൽ മുംബൈ ഇന്ത്യൻസ് രോഹിത് ശർമ ടീമിൽ നിന്ന് തഴയുമെന്ന് ഞാൻ പറയുന്നില്ല. ഞാനാണ് ടീമിനൊപ്പം ഉണ്ടായിരുന്നതെങ്കിലും ഒരിക്കലും രോഹിത്തിനെ തഴയില്ല. പക്ഷേ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കേണ്ട സമയമായിരിക്കുന്നു. ആദ്യ 2 മത്സരങ്ങളിലും പരാജയം നേരിട്ട ടീമാണ് മുംബൈ ഇന്ത്യൻസ്. അങ്ങനെയൊരു ടീമിനെ സംബന്ധിച്ച് രോഹിത് ശർമയെ പോലെയുള്ള വലിയ താരങ്ങളുടെ അനുഭവസമ്പത്ത് വളരെ നിർണായകമാണ്. വരും മത്സരങ്ങളിൽ രോഹിത്തിന് അത് പുലർത്താൻ സാധിക്കണം.” – വോൺ പറഞ്ഞുവെക്കുന്നു.

“ധോണിയ്ക്ക് 10 ഓവറുകൾ ബാറ്റ് ചെയ്യാൻ കഴിയില്ല, കാൽമുട്ടിന് പരിക്കുണ്ട്”. ചെന്നൈ കോച്ചിന്റെ വാക്കുകൾ.

0

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണത്തെ മെഗാ ലേലത്തിന് മുന്നോടിയായി ധോണിയെ നിലനിർത്തുകയാണ് ഉണ്ടായത്. എന്നിരുന്നാലും 43കാരനായ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് കൃത്യമായ സമയത്ത് ക്രീസിലെത്താനും ചെന്നൈക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സാധിക്കുന്നില്ല. ബാംഗ്ലൂരിനെതിരായ ചെന്നൈയുടെ മത്സരത്തിൽ ഒൻപതാമനായി ആയിരുന്നു ധോണി ക്രീസിലെത്തിയത്. ഇത് ആരാധകരിൽ നിന്നും വലിയ വിമർശനം ഉണ്ടാകാൻ കാരണമായി. ഇതേ സംബന്ധിച്ചാണ് ചെന്നൈയുടെ പരിശീലകനായ സ്റ്റീഫൻ ഫ്ലമിങ്‌ സംസാരിക്കുന്നത്.

ഇത്തരത്തിൽ ധോണി ബാറ്റിംഗ് ഓർഡറിൽ പിന്നിലേക്ക് പോകാൻ പ്രധാന കാരണം അദ്ദേഹത്തിന്റെ ഫിറ്റ്നസാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഫ്ലെമിങ്. ധോണിയുടെ കാൽമുട്ടിന് നിലവിൽ പ്രശ്നങ്ങളുണ്ടെന്നും അത് കണക്കിലെടുത്താണ് ധോണി മൈതാനത്ത് എത്താറുള്ളത് എന്നും ഫ്ലെമിങ് തുറന്നു പറയുന്നു. രാജസ്ഥാനെതിരായ ഐപിഎൽ മത്സരത്തിൽ 6 റൺസിന്റെ പരാജയം ചെന്നൈയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഫ്ലമിങ്‌ ഇക്കാര്യം വ്യക്തമാക്കിയത്. കാൽമുട്ടിന് പരിക്കുള്ളതിനാൽ തന്നെ ധോണിയ്ക്ക് 10 ഓവറുകളോളം ബാറ്റിംഗിൽ തുടരാൻ സാധിക്കില്ല എന്നാണ് ഫ്ലെമിങ് വിശദീകരിച്ചത്.

ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോഴും മറ്റു താരങ്ങൾക്ക് വേണ്ട രീതിയിൽ അവസരങ്ങൾ നൽകാനും അവരെ പിന്തുണയ്ക്കാനും ധോണി തയ്യാറാവുന്നുണ്ട് എന്ന് ഫ്ലെമിങ് പറയുന്നു. “ഇത് സമയവുമായി ബന്ധപ്പെട്ട കാര്യമാണ്. ധോണിയ്ക്ക് അത് കൃത്യമായി തന്നെ അറിയാം. ധോണിയുടെ കാൽമുട്ട് പഴയതുപോലെയല്ല ഇപ്പോൾ ഉള്ളത്. മൈതാനത്ത് അവൻ ചലിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നിരുന്നാലും ഫിറ്റ്നസ്സിൽ അവന് ഇനിയും പ്രശ്നങ്ങൾ നിലനിൽക്കുന്നു. അതുകൊണ്ടു തന്നെ 10 ഓവറുകളോളം ബാറ്റ് ചെയ്യാൻ ധോണിയ്ക്ക് സാധിക്കില്ല. ഈ മാനദണ്ഡങ്ങളൊക്കെയും പരിശോധിച്ച ശേഷമാണ് ഇത്തരം ഒരു പൊസിഷൻ ധോണിയ്ക്ക് നൽകുന്നത്. ഇന്നത്തെ പോലെ മത്സരം ബാലൻസായി നിൽക്കുകയാണെങ്കിൽ ബാറ്റിംഗ് ഓർഡറിൽ നേരത്തെ എത്താൻ ധോണിയ്ക്ക് കഴിയും. മാത്രമല്ല പ്രധാനമായും മറ്റു താരങ്ങളെ പിന്തുണയ്ക്കാനും അവർക്ക് അവസരങ്ങൾ നൽകാനുമാവും ധോണി ശ്രമിക്കുന്നത്.”- ഫ്ലെമിംഗ് പറഞ്ഞു.

ബാറ്റിംഗിൽ നിശ്ചിതമായ സേവനം മാത്രമാണ് ധോണിയിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിന് ലഭിക്കുന്നത്. എന്നിരുന്നാലും ചെന്നൈയെ സംബന്ധിച്ച് ധോണി വിലപ്പെട്ട താരം തന്നെയാണ് എന്ന് ഫ്ലെമിങ് തുറന്നു പറയുകയുണ്ടായി. “കഴിഞ്ഞ വർഷവും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഒരുപാട് മൂല്യമുള്ള ഒരു താരമാണ് ധോണി. നേതൃത്വത്തിലും വിക്കറ്റ് കീപ്പിങ്ങിലും ധോണി ഒരു അവിശ്വസനീയ കളിക്കാരനാണ്. ഒരു മത്സരത്തിന്റെ 13-14 ഓവറുകൾക്ക് ശേഷമുള്ള സാഹചര്യമാണ് ധോണിയുടെ ബാറ്റിംഗ് പൊസിഷൻ നിർണയിക്കുന്നത്.”- ഫ്ലെമിങ് കൂട്ടിച്ചേർത്തു.

പഞ്ചാബിൽ അവസരം കിട്ടിയില്ല, പക്ഷേ മുംബൈ റാഞ്ചി. കൊൽക്കത്തയെ ഞെട്ടിച്ച അശ്വനി കുമാർ ആര്? Details

0

മുംബൈ ഇന്ത്യൻസിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെതിരായ മത്സരത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് യുവതാരം അശ്വനി കുമാർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ തനിക്ക് ലഭിച്ച ആദ്യ അവസരത്തിൽ തന്നെ 4 വിക്കറ്റുകൾ സ്വന്തമാക്കി റെക്കോർഡുകൾ നേടാൻ താരത്തിന് സാധിച്ചു.

ഐപിഎൽ ചരിത്രത്തിൽ തന്നെ അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് ഇതോടെ അശ്വനി കുമാർ തന്റെ പേരിൽ ചേർത്തു. മത്സരത്തിൽ കൊൽക്കത്ത നായകൻ അജിങ്ക്യ രഹാനെയെ ആദ്യ പന്തിൽ പുറത്താക്കിയായിരുന്നു അശ്വനി കുമാർ ആരംഭിച്ചത്.

ഇതിന് പിന്നാലെ റിങ്കൂ സിങ്, മനീഷ് പാണ്ഡെ, ആൻഡ്ര റസൽ എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകൾ സ്വന്തമാക്കാനും താരത്തിന് സാധിച്ചു. ആരാണ് അശ്വിനികുമാർ എന്ന് പരിശോധിക്കാം. മൊഹാലിയിൽ ജനിച്ച അശ്വനി കുമാർ വാർത്തകളിൽ സജീവമായത് ഷെർ-ഇ-പഞ്ചാബ് ട്വന്റി20 ടൂർണമെന്റിലൂടെയായിരുന്നു. അവസാന ഓവറുകളിലെ ബോളിംഗ് മികവാണ് അശ്വനി കുമാറിനെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തിയത്. ശേഷമാണ് 2025 മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് താരത്തെ 30 ലക്ഷം രൂപയ്ക്ക് തങ്ങളുടെ ടീമിൽ എത്തിച്ചത്. 2024ൽ പഞ്ചാബ് കിംഗ്സ് ടീമിൽ ഇടംപിടിക്കാൻ അശ്വിനിക്ക് സാധിച്ചിരുന്നു. എന്നാൽ ഫ്രാഞ്ചൈസിക്കായി ഒരു മത്സരം പോലും താരം കളിച്ചില്ല.

2022ലെ സൈദ് മുഷ്തഖ്‌ അലി ട്രോഫിയിലൂടെയാണ് അശ്വനി കുമാർ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ സജീവ സാന്നിധ്യമായി മാറിയത്. ടൂർണമെന്റിൽ പഞ്ചാബിനായി 4 മത്സരങ്ങൾ കളിക്കാൻ താരത്തിന് സാധിച്ചു. 3 വിക്കറ്റുകളാണ് താരം ഇവിടെ സ്വന്തമാക്കിയത്. ഇതിനുശേഷം 2 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 4 ലിസ്റ്റ് എ മത്സരങ്ങളും പഞ്ചാബിനായി കളിക്കാനും താരത്തിന് അവസരം ലഭിച്ചു. ശേഷമാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസ് ടീമിനായി തകർപ്പൻ അരങ്ങേറ്റം ഐപിഎല്ലിൽ താരം കാഴ്ച വച്ചിരിക്കുന്നത്. 24 റൺസ് മാത്രം വിട്ടു നൽകിയിരുന്നു അശ്വിനി 4 വിക്കറ്റുകൾ മത്സരത്തിൽ സ്വന്തമാക്കിയത്.

മത്സരത്തിലേക്ക് കടന്നുവന്നാൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പൂർണമായും എറിഞ്ഞിടാൻ അശ്വനി കുമാറിന് സാധിച്ചു. മറ്റ് മുംബൈ ബോളർമാരും തകർപ്പൻ പ്രകടനം കാഴ്ചവച്ചപ്പോൾ ശക്തരായ കൊൽക്കത്തയുടെ ബാറ്റിംഗ് നിര തകർന്നു വീഴുകയായിരുന്നു. 26 റൺസ് നേടിയ രഘുവംശി മാത്രമാണ് കൊൽക്കത്ത ടീമിൽ അല്പമെങ്കിലും പിടിച്ചുനിന്നത്. അവസാന ഓവറുകളിൽ രമൺദ്വീപ് പരമാവധി ശ്രമിക്കുകയുണ്ടായി. പക്ഷേ കേവലം 116 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഓൾഔട്ട് ആവുകയാണ് ഉണ്ടായത്.

ചെന്നൈയ്ക്കെതിരെ ത്രില്ലിംഗ് വിജയം നേടി രാജസ്ഥാൻ., 6 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം.

0

2025 ഐപിഎല്ലിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ 6 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ രാജസ്ഥാനായി നിതീഷ് റാണയാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ 4 വിക്കറ്റുകൾ സ്വന്തമാക്കിയ ഹസരംഗ മികവുപുലർത്തി. മറുവശത്ത് ചെന്നയെ സംബന്ധിച്ച് തുടർച്ചയായ രണ്ടാം പരാജയമാണ് മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയസ്വാളിന്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും രാജസ്ഥാനെ കൈപിടിച്ചു കയറ്റാൻ നിതീഷ് റാണയ്ക്ക് സാധിച്ചു. പവർപ്ലേ ഓവറുകളിൽ പൂർണ്ണമായും ചെന്നൈ ടീമിനെതിരെ ആക്രമണം അഴിച്ചുവിടാൻ റാണയ്ക്ക് കഴിഞ്ഞു. മത്സരത്തിൽ 36 പന്തുകൾ നേരിട്ട റാണ 10 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 81 റൺസായിരുന്നു സ്വന്തമാക്കിയത്. മധ്യ ഓവറുകളിൽ റാണയ്ക്ക് പിന്തുണയുമായി റിയാൻ പരഗുമെത്തിയപ്പോൾ രാജസ്ഥാന്റെ സ്കോർ കുതിക്കുകയായിരുന്നു.

എന്നാൽ അവസാന ഓവറുകളിൽ വേണ്ട രീതിയിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാൻ രാജസ്ഥാന് സാധിച്ചില്ല. ഇതോടെ രാജസ്ഥാന്റെ ഇന്നിംഗ്സ് 182 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിംഗ് ആരംഭിച്ച ചെന്നൈയ്ക്ക് ആദ്യം തന്നെ സൂപ്പർ താരം രചിൻ രവീന്ദ്രയുടെ വിക്കറ്റ് നഷ്ടമായി. മത്സരത്തിൽ പൂജ്യനായാണ് രവീന്ദ്ര മടങ്ങിയത്. ശേഷം ത്രിപാതിയും നായകൻ ഋതുരാജും ചേർന്ന് ചെന്നൈയെ കൈപിടിച്ചു കയറ്റുകയായിരുന്നു. എന്നാൽ വേണ്ട രീതിയിൽ സ്കോറിംഗ് റേറ്റ് ഉയർത്താൻ ഇരുവർക്കും ആദ്യ ഓവറുകളിൽ സാധിച്ചിരുന്നില്ല. ത്രിപാതി 23 റൺസ് നേടിയാണ് കൂടാരം കയറിയത്.

പിന്നീട് എത്തിയ ശിവം ദുബെ സ്പിന്നിനെതിരെ ആക്രമണം അഴിച്ചുവിട്ട് തുടങ്ങി. 10 പന്തുകളിൽ 18 റൺസ് ആണ് ദുബെ നേടിയത്. പക്ഷേ ഹസരംഗയുടെ പന്തിൽ ഒരു കിടിലൻ ക്യാച്ചിലൂടെ പരഗ് ദുബയെ പുറത്താക്കി. ഇതോടെ മത്സരം രാജസ്ഥാന്റെ കൈകളിലേക്ക് എത്തുകയായിരുന്നു. പക്ഷേ ശേഷം രാജസ്ഥാന് ഭീഷണി സൃഷ്ടിക്കാൻ ചെന്നൈ നായകൻ ഋതുരാജിന് സാധിച്ചു. കൃത്യമായ സമയങ്ങളിൽ ബൗണ്ടറി കണ്ടെത്തി ഋതുരാജ് ചെന്നൈയെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. പക്ഷേ 44 പന്തുകളിൽ 63 റൺസ് നേടിയ ഋതുരാജിനെ പുറത്താക്കി ഹസരംഗ രാജസ്ഥാന് വീണ്ടും പ്രതീക്ഷകൾ നൽകി.

അവസാന 3 ഓവറുകളിൽ 45 റൺസ് ആയിരുന്നു ചെന്നൈ സൂപ്പർ കിങ്സിന് ആവശ്യം. ധോണിയും ജഡേജയും ആയിരുന്നു ക്രീസിലുണ്ടായിരുന്നത്. പതിനെട്ടാം ഓവർ മികച്ച രീതിയിൽ എറിയാൻ തീക്ഷണക്ക് സാധിച്ചു. ഇതോടെ ചെന്നൈയുടെ അവസാന രണ്ട് ഓവറുകളിലെ വിജയലക്ഷ്യം 39 റൺസായി മാറി. എന്നാൽ 19ആം ഓവറിൽ ധോണിയും ജഡേജയും വെടിക്കെട്ട് തീർത്തതോടെ ചെന്നൈ പ്രതീക്ഷകൾ നിലനിർത്തി. അവസാന ഓവറിൽ 20 റൺസായിരുന്നു ചെന്നൈയ്ക്ക് ആവശ്യം. എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ തന്നെ ധോണിയെ പുറത്താക്കാൻ സന്ദീപ് ശർമയ്ക്ക് സാധിച്ചു. ശേഷം നാലാം പന്തിൽ ഓവർടേൺ ഒരു സിക്സർ നേടി. എന്നാൽ പിന്നീട് ചെന്നൈ പരാജയത്തിലേക്ക് വീഴുകയായിരുന്നു

തുടക്കം മുതലാക്കാതെ സഞ്ജു. റാണയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് തീർത്ത് മടങ്ങി.

0

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിലും തുടക്കം മുതലാക്കാൻ സാധിക്കാതെ മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ ഭേദപ്പെട്ട ഒരു തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കുന്നതിൽ സഞ്ജു പൂർണമായി പരാജയപ്പെടുകയായിരുന്നു. എന്നിരുന്നാലും നിതീഷ് റാണയ്ക്കൊപ്പം ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർക്കാൻ സഞ്ജുവിന് സാധിച്ചു. മത്സരത്തിൽ 16 പന്തുകളിൽ 20 റൺസ് സ്വന്തമാക്കിയ ശേഷമായിരുന്നു സഞ്ജു സാംസൺ കൂടാരം കയറിയത്. നൂർ അഹമ്മദിന്റെ പന്തിയിരുന്നു സഞ്ജു പുറത്തായത്.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഒരു ഓപ്പണായാണ് സഞ്ജു സാംസൺ ക്രീസിലെത്തിയത്. എന്നാൽ ആദ്യ ഓവറിൽ തന്നെ തന്റെ പങ്കാളിയായ ജയസ്വാളിനെ സഞ്ജുവിന് നഷ്ടമായി. ശേഷമെത്തിയ നിതീഷ് റാണ പവർപ്ലേ ഓവറുകളിൽ രാജസ്ഥാന് വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയായിരുന്നു. ഇതോടെ സഞ്ജു ഒരു രണ്ടാം ഫീഡിൽ കളിക്കാനായി തയ്യാറായി. പവർപ്ലേ ഓവറുകളിൽ അടക്കം നിതീഷ് റാണയ്ക്ക് കൂടുതലായി സിംഗിളുകൾ നൽകി മത്സരം മുന്നോട്ടു കൊണ്ടുപോകാനാണ് സഞ്ജു ശ്രമിച്ചത്.

ഒരുവശത്ത് നിതീഷ് റാണ അടിച്ചു തകർത്തപ്പോൾ മറുവശത്ത് സഞ്ജു സെൻസിബിളായ ഒരു ക്യാപ്റ്റൻ ഇന്നിങ്സാണ് കളിച്ചത്. പക്ഷേ 16 പന്തുകളിൽ 20 റൺസ് സ്വന്തമാക്കിയ സഞ്ജു സാംസൺ നൂർ അഹമദിന്റെ പന്തിൽ പുറത്താകുകയുണ്ടായി. മത്സരത്തിന്റെ എട്ടാം ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജു സാംസൺ പുറത്തായത്. നൂറ് അഹമ്മദിനെതിരെ ഒരു സിക്സർ നേടാൻ ശ്രമിക്കുകയായിരുന്നു സഞ്ജു. എന്നാൽ ലോങ് ഓഫിൽ ഉണ്ടായിരുന്ന രചിൻ രവീന്ദ്ര പന്ത് കൈപ്പിടിയിൽ ഒതുക്കുകയും സഞ്ജുവിനെ പുറത്താക്കുകയും ചെയ്തു. ഇന്നിംഗ്സിൽ ഒരു ബൗണ്ടറിയും ഒരു സിക്സറുമാണ് സഞ്ജു സ്വന്തമാക്കിയത്.

മത്സരത്തിലെ സഞ്ജുവിന്റെ വിക്കറ്റ് ചെന്നൈയെ സംബന്ധിച്ച് വളരെ ആശ്വാസമാണ് നൽകിയത്. കാരണം പവർപ്ലേ ഓവറുകളിൽ ചെന്നൈ ബോളന്മാർക്കെതിരെ ആക്രമണം അഴിച്ചുവിടാൻ രാജസ്ഥാന്റെ ബാറ്റർമാർക്ക് സാധിച്ചിരുന്നു. സഞ്ജു സാംസൺ ക്രീസിൽ തുടരുകയായിരുന്നു എങ്കിൽ, ഒരുപക്ഷേ അവസാന ഓവറുകളിൽ രാജസ്ഥാന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി മാറിയേനെ. എന്നാൽ കൃത്യമായ സമയത്ത് സഞ്ജുവിനെ പുറത്താക്കി നൂർ അഹമ്മദ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

മുംബൈ ജേഴ്സിയല്ല, ഇന്ത്യൻ ജേഴ്സിയാണ് ഇട്ടിരിക്കുന്നത് എന്നോർത്ത് രോഹിത് കളിക്കണം. മൈക്കിൾ വോണിന്റ ഉപദേശം.

0

2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്റെ ആദ്യ 2 മത്സരത്തിലും ബാറ്റിംഗിൽ പൂർണമായും പരാജയപ്പെട്ട മുംബൈയുടെ മുൻ നായകൻ രോഹിത് ശർമയ്ക്ക് ഉപദേശവുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ. രോഹിത് ശർമ ഉടൻ തന്നെ ഫോമിലേക്ക് തിരികെയെത്തേണ്ടത് മുംബൈ ഇന്ത്യൻസ് ടീമിന്റെ ആവശ്യമാണ് എന്ന് മൈക്കിൾ വോൺ പറയുകയുണ്ടായി. താൻ ഇന്ത്യൻ ജേഴ്സിയാണ് അണിഞ്ഞിരിക്കുന്നത് എന്ന് മനസ്സിൽ വിചാരിച്ച് രോഹിത് ബാറ്റിംഗ് തുടരണമെന്നാണ് തമാശ രൂപേണ മൈക്കിൾ വോൺ വ്യക്തമാക്കിയത്. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ പൂജ്യനായി പുറത്തായ രോഹിത് ശർമയ്ക്ക് ഗുജറാത്തിനെതിരെ 8 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്. ശേഷമാണ് വോൺ രംഗത്ത് എത്തിയത്.

“രോഹിത് ശർമ ഇപ്പോൾ ചെയ്യേണ്ടത് ഒരു കാര്യമാണ്. താൻ മുംബൈ ഇന്ത്യൻസിന്റെ നീല ജേഴ്സിയല്ല അണിഞ്ഞിരിക്കുന്നത് എന്ന് ചിന്തിക്കുക. ഇന്ത്യൻ ടീമിന്റെ നീല ജേഴ്സിയാണ് തന്റെ ശരീരത്തിലുള്ളത് എന്ന് വിചാരിച്ച് മുൻപിലേക്ക് പോവുക. കാരണം അത്രമാത്രം മികച്ച താരമാണ് രോഹിത് ശർമ. ഈ വർഷം മുംബൈ കിരീടത്തിന് അടുത്തേക്ക് എത്തണമെങ്കിൽ രോഹിത് ശർമ റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. മുൻപ് മുംബൈ ടീമിന് തകർപ്പൻ തുടക്കങ്ങൾ നൽകിയിരുന്ന താരമാണ് രോഹിത് ശർമ. അതുകൊണ്ടു തന്നെ അവൻ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്. രോഹിത് ശർമ ഈ സീസണിൽ ആക്രമണം അഴിച്ചുവിട്ടില്ലെങ്കിൽ മുംബൈ ഇന്ത്യൻസ് പ്ലേയോഫിലേക്ക് യോഗ്യത നേടുമെന്ന് ഞാൻ കരുതുന്നില്ല. സ്വന്തമായി മത്സരം വിജയിക്കാൻ പ്രാപ്തിയുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് രോഹിത് ശർമ.”- മൈക്കിൾ വോൺ പറഞ്ഞു.

“ചില സമയങ്ങളിൽ രോഹിത് ഇത്തരത്തിൽ വ്യത്യസ്തമായാണ് കാണപ്പെടാറുള്ളത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും താൻ ഇപ്പോൾ എവിടെയാണ് നിൽക്കുന്നത് എന്ന് ചിന്തിക്കാൻ സാധിക്കാത്ത രോഹിത്തിനെയാണ് കാണാൻ സാധിച്ചത്. ഇത്തരത്തിലല്ല രോഹിത് മുമ്പോട്ട് പോകേണ്ടത്. അവൻ കൃത്യമായി തന്റെയുള്ളിൽ ഒരു പ്രചോദനം ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്. അത്തരത്തിൽ മുൻപോട്ടു വരാൻ സാധിച്ചാൽ രോഹിതിനെക്കാൾ അപകടകാരിയായ മറ്റൊരു ബാറ്റർ ലോക ക്രിക്കറ്റിൽ നിലവിലില്ല.”- മൈക്കിൾ വോൺ കൂട്ടിച്ചേർത്തു.

ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ആദ്യ മത്സരത്തിൽ 4 പന്തുകൾ നേരിട്ടെങ്കിലും രോഹിത് ശർമയ്ക്ക് ഒരു റൺസ് പോലും സ്വന്തമാക്കാൻ സാധിച്ചില്ല. ശേഷം ഗുജറാത്തിനെതിരെ 2 ബൗണ്ടറികൾ നേടിയാണ് രോഹിത് ശർമ തന്റെ ഇന്നിംഗ്സിൽ തുടക്കമിട്ടത്. പക്ഷേ തൊട്ടടുത്ത പന്തിൽ തന്നെ രോഹിത്തിന് പുറത്താകേണ്ടി വന്നു. 2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ വിജയത്തിലെത്തിച്ചതിന് ശേഷം വലിയ പ്രതീക്ഷയോടെ ആയിരുന്നു രോഹിത് ശർമ ഐപിഎല്ലിലേക്ക് എത്തിയത്. എന്നാൽ മികച്ച തുടക്കമല്ല താരത്തിന് ലഭിച്ചിരിക്കുന്നത്.

“ബാറ്റർമാർ ഉത്തരവാദിത്തം കാണിക്കണം, ഫീൽഡിങ്ങിലെ പിഴവ് ഒഴിവാക്കണം”- മുംബൈ ടീമിന് ഹാർദിക്കിന്റെ നിർദ്ദേശങ്ങൾ.

0

2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ തുടർച്ചയായി രണ്ടാം പരാജയമാണ് ഇപ്പോൾ മുംബൈ ഏറ്റുവാങ്ങിയിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസ് ടീമിനോട് 36 റൺസിനായിരുന്നു മുംബൈ പരാജയപ്പെട്ടത്. ബാറ്റിങ്ങിലും ബോളിങ്ങിലും വന്ന ശക്തമായ വീഴ്ചകളാണ് മത്സരത്തിൽ മുംബൈയ്ക്ക് തിരിച്ചടിയായി മാറിയത്. മുൻനിര ബാറ്റർമാരടക്കം കൃത്യമായ രീതിയിൽ മനോഭാവം വച്ചുപുലർത്താതിരുന്നത് മത്സരത്തിൽ ടീമിനെ ബാധിക്കുകയായിരുന്നു. ഇതേ സംബന്ധിച്ചാണ് മുംബൈ നായകൻ ഹർദിക് പാണ്ഡ്യ സംസാരിക്കുന്നത്. മൈതാനത്ത് താരങ്ങൾ കൂടുതലായി പ്രൊഫഷണലിസം കാട്ടാൻ തയ്യാറാവണം എന്നാണ് പാണ്ഡ്യ പറയുന്നത്.

മൈതാനത്ത് ഉത്തരവാദിത്വം പുലർത്താൻ താരങ്ങൾ തയ്യാറാവണമെന്നും പാണ്ഡ്യ കൂട്ടിച്ചേർത്തു. “ഇന്നത്തെ മത്സരത്തിൽ ഫീൽഡിങ്ങിൽ താരങ്ങളുടെ പ്രകടനം വളരെ മോശമായിരുന്നു. ജോസ് ബട്ലറുടെ നിർണായകമായ ക്യാച്ച് ഞങ്ങൾ വിട്ടുകളയുകയുണ്ടായി. പല അവസരങ്ങളിലും അനാവശ്യമായി ബൗണ്ടറികൾ താരങ്ങൾ വിട്ടുനൽകുന്ന സാഹചര്യങ്ങളുണ്ടായി. ഓവർ ത്രോയിലൂടെയും ഗുജറാത്തിന് കുറച്ചധികം റൺസ് ലഭിച്ചു. ഇത്തരത്തിൽ റൺസ് വഴങ്ങിയത് ഞങ്ങൾക്ക് തിരിച്ചടിയായി മാറുകയായിരുന്നു.”- ഹർദിക് പാണ്ഡ്യ പറഞ്ഞു.

ബാറ്റിംഗിലും ബോളിങ്ങിലും തങ്ങൾ 15- 20 റൺസ് പിന്നിലായിരുന്നു എന്നാണ് പാണ്ഡ്യ വ്യക്തമാക്കിയത്. “പിഴവുകളിലൂടെ ഒരു 20- 25 റൺസെങ്കിലും കൂടുതൽ ഗുജറാത്തിന് ഞങ്ങൾ നൽകി. അത് ഒരു ട്വന്റി20 മത്സരത്തിന് ചേർന്ന രീതിയല്ല. ഗുജറാത്തിന്റെ ബാറ്റർമാർ വളരെ മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്യുകയുണ്ടായി. അവർ ഒരുപാട് റിസ്ക് എടുക്കാതെ തന്നെ റൺസ് സ്വന്തമാക്കി. ഒരുപാട് റിസ്കി ഷോട്ടുകൾ കളിക്കാതെ റൺസ് സ്വന്തമാക്കാനുള്ള അവസരവും അവർക്ക് ലഭിച്ചിരുന്നു. അതിന് ശേഷം ഞങ്ങൾ അവർക്കൊപ്പം എത്താനാണ് ശ്രമിച്ചത്. ഈ സമയത്ത് ഞങ്ങളെല്ലാവരും ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനാണ് ശ്രദ്ധിക്കേണ്ടത്.”- പാണ്ഡ്യ കൂട്ടിച്ചേർത്തു.

“എന്നിരുന്നാലും ഇത് ടൂർണമെന്റിന്റെ തുടക്ക സമയമാണ്. ബാറ്റർമാർ കൂടുതലായി മത്സരത്തിലേക്ക് എത്താനുണ്ട്. ഉടൻ തന്നെ അവർ അതിലേക്ക് എത്തുമെന്നാണ് ഞാൻ കരുതുന്നത്. ഈ വിക്കറ്റിൽ ഗുജറാത്ത് എറിഞ്ഞ സ്ലോ ബോളുകളായിരുന്നു ഞങ്ങൾക്ക് ഏറ്റവും പ്രയാസമുണ്ടാക്കിയത്. ചില പന്തുകൾ വളരെയധികം ബുദ്ധിമുട്ട് ഞങ്ങൾക്ക് സൃഷ്ടിച്ചു. ചില പന്തുകൾക്ക് നല്ല ബൗൺസ് ഇവിടെ ലഭിച്ചു. ഇത് ബാറ്റർമാർക്ക് പ്രയാസമുണ്ടാക്കി. ഞാൻ എന്താണോ ബോളിംഗിൽ ചെയ്തത്, അതുതന്നെയാണ് ഗുജറാത്ത് ഞങ്ങൾക്കെതിരെയും ആവർത്തിച്ചത്.”- പാണ്ഡ്യ പറഞ്ഞുവയ്ക്കുന്നു.

“കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് 10 ഇരട്ടി ശക്തമായ ടീമാണ് ഇപ്പോൾ ബാംഗ്ലൂർ”- ഡിവില്ലിയേഴ്സ് പറയുന്നു.

0

2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സ്‌ക്വാഡിനെ അങ്ങേയറ്റം പ്രശംസിച്ച് മുൻ ദക്ഷിണാഫ്രിക്കൻ താരവും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മുൻ കളിക്കാരനുമായ എബി ഡിവില്ലിയേഴ്സ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ബാലൻസ്ഡായ ബാംഗ്ലൂർ ടീമാണ് ഇത്തവണ മൈതാനത്ത് ഇറങ്ങിയിരിക്കുന്നത് എന്നാണ് ഡിവില്ലിയേഴ്സ് പറഞ്ഞത്. ഇത്തവണത്തെ ഐപിഎൽ സീസണിൽ മികച്ച തുടക്കം ബാംഗ്ലൂരിന് ലഭിക്കാനുള്ള കാരണം ഇത്തരത്തിൽ സന്തുലിതാവസ്ഥയുള്ള ഒരു നിര തന്നെയാണ് എന്ന് ഡിവില്ലിയേഴ്സ് പറഞ്ഞുവയ്ക്കുകയുണ്ടായി.

2025 ഐപിഎൽ സീസണിൽ മികച്ച ഒരു തുടക്കം തന്നെയാണ് ബാംഗ്ലൂർ ടീമിന് ലഭിച്ചിരിക്കുന്നത്. ഇതുവരെ കളിച്ച 2 മത്സരങ്ങളിലും ബാംഗ്ലൂർ വിജയം സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ 50 റൺസിന്റെ കൂറ്റൻ വിജയമായിരുന്നു ബാംഗ്ലൂർ സ്വത്തമാക്കിയത്. ഇതിന് ശേഷമാണ് ഡിവില്ലിയേഴ്സ് രംഗത്ത് എത്തിയത്
ഇത്തവണത്തെ ഐപിഎല്ലിൽ കൃത്യമായ ബാലൻസ് ഉള്ള ഒരു ടീമിനെ സ്വന്തമാക്കാൻ ബാംഗ്ലൂരിന് സാധിച്ചിട്ടുണ്ട് എന്നാണ് ഡിവില്ലിയേഴ്സിന്റെ അഭിപ്രായം.

“കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത്തവണത്തെ ബാംഗ്ലൂർ ടീം 10 ഇരട്ടിയോളം ബാലൻസ് ഉള്ളതാണ്. കഴിഞ്ഞ വർഷത്തെ ഐപിഎൽ ലേലത്തിന് ശേഷം ഞാൻ ബാംഗ്ലൂർ ടീം സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതിന്റെ ആവശ്യത്തെപ്പറ്റി സംസാരിച്ചിരുന്നു. ബാറ്റർമാർ, ബോളർമാർ, ഫീൽഡർമാർ എന്നിങ്ങനെ ടീമിലേക്ക് കൊണ്ടുവരിക എന്നതിലല്ല കാര്യം. കൃത്യമായി ടീമിനുള്ളിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്താൻ എല്ലാവർക്കും സാധിക്കണം. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.”- ഡിവില്ലിയേഴ്സ് പറയുന്നു.

ഇത്തവണത്തെ ലേലത്തിൽ തന്ത്രപരമായ മാറ്റങ്ങൾ വരുത്തിയായിരുന്നു ബാംഗ്ലൂർ മൈതാനത്ത് എത്തിയത്. മികച്ച ഒരു കോർ നിർമ്മിക്കാനാണ് ബാംഗ്ലൂർ ലേലത്തിൽ ശ്രമിച്ചത്. ബോളിംഗ് വിഭാഗത്തിലും ബാറ്റിംഗ് വിഭാഗത്തിലും ആവശ്യമായ ഡെപ്ത്ത് ഉണ്ടാക്കാൻ ബാംഗ്ലൂർ ലേലത്തിൽ ശ്രമിച്ചു. ഓസ്ട്രേലിയയുടെ സൂപ്പർ പേസറായ ഹേസല്‍വുഡ്. ഇന്ത്യയുടെ താരം ഭുവനേശ്വർ കുമാർ എന്നിവരെ കൃത്യമായ രീതിയിൽ ടീമിലെത്തിക്കാൻ ബാംഗ്ലൂരിന് സാധിച്ചിരുന്നു. ട്വന്റി20 ക്രിക്കറ്റിലെ മൂന്നാം നമ്പർ ബാറ്റർ സോൾട്ടിനെയും ബാംഗ്ലൂർ ടീമിൽ എത്തിക്കുകയുണ്ടായി.

“അശ്വിന് മുമ്പ് ധോണി ക്രീസിൽ എത്തണമായിരുന്നു, 9ആം നമ്പറിൽ കളിക്കേണ്ട താരമല്ല”, മുൻ ഇന്ത്യൻ താരങ്ങൾ.

0

ചെന്നൈയ്ക്കെതിരായ മത്സരത്തിൽ 50 റൺസിന്റെ വിജയം സ്വന്തമാക്കിയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ചരിത്രം സൃഷ്ടിച്ചത്. മത്സരത്തിൽ 197 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈയുടെ ഇന്നിങ്സ് 146 റൺസിൽ അവസാനിക്കുകയായിരുന്നു. ചെന്നൈ തങ്ങളുടെ നാട്ടിൽ ഏറ്റുവാങ്ങുന്ന ഏറ്റവും വലിയ പരാജയമാണ് മത്സരത്തിൽ ഉണ്ടായത്. മത്സരത്തിൽ ഒമ്പതാം നമ്പറിലായിരുന്നു ചെന്നൈയുടെ മുൻനായകൻ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് ക്രീസിൽ എത്തിയത്. ടീം പരാജയം നേരിടുമെന്ന് ഉറപ്പിച്ച ശേഷമായിരുന്നു ധോണിയുടെ മൈതാനത്തേക്കുള്ള എൻട്രി. മത്സരത്തിൽ 16 പന്തുകളിൽ 30 റൺസാണ് ധോണി സ്വന്തമാക്കിയത്. 3 ബൗണ്ടറികളും 2 സിക്സറുകളും ധോണിയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു.

എന്നാൽ ഒൻപതാം നമ്പരിൽ എത്താനുള്ള ധോണിയുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്തതാണ് മുൻ ഇന്ത്യൻ തരം ആകാശ് ചോപ്ര സംസാരിച്ചത്. ധോണി അല്പം കൂടി മുൻപേ ബാറ്റിങ്ങിനായി മൈതാനത്ത് എത്തേണ്ടതായിരുന്നു എന്ന് ആകാശ് വിമർശിക്കുകയുണ്ടായി. “ഇപ്പോഴും 17 മുതൽ 20 വരെയുള്ള ഓവറുകളിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കിയ താരം മഹേന്ദ്ര സിംഗ് ധോണിയാണ്. അതുകൊണ്ടു തന്നെ ബാറ്റിംഗ് ഓർഡറിൽ അത്ര താമസിച്ച് ധോണി മൈതാനത്ത് എത്താൻ പാടില്ലായിരുന്നു. തങ്ങളുടെ ടീം 197 റൺസ് ആയിരുന്നു ചെയ്സ് ചെയ്തത്. അതുകൊണ്ടു തന്നെ അവസാന ഓവറുകളിലെ ഏറ്റവുമധികം പന്തുകൾ നേരിടേണ്ടിത് ധോണിയെ പോലെയുള്ള താരങ്ങളാണ്.”- ചോപ്ര പറയുന്നു.

“ധോണി മൈതാനത്ത് എത്തിയ സമയത്ത് ചെന്നൈയുടെ കൈയിൽനിന്ന് മത്സരം പൂർണമായും നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല രവിചന്ദ്രൻ അശ്വിൻ ധോണിയെക്കാൾ മുൻപ് ബാറ്റിംഗ് ചെയ്തു. എത്ര റൺസ് എത്ര ബോളിൽ വേണമെന്ന് കൃത്യമായി മനസ്സിലാക്കി ധോണി കുറച്ചുകൂടി നേരത്തെ ക്രീസിലെത്തേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ ഒരുപക്ഷേ മത്സരത്തിൽ മറ്റൊരു ഫലം ഉണ്ടായേനെ.”- ആകാശ് ചോപ്ര പറയുകയുണ്ടായി. ഇതേ അഭിപ്രായം തന്നെയാണ് മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്നയും പങ്കുവെച്ചത്. ധോണി അശ്വിന് മുൻപ് എത്തേണ്ട താരമാണെന്നും ഒമ്പതാം നമ്പരിൽ ബാറ്റ് ചെയ്യേണ്ട കളിക്കാരനല്ല എന്നും റെയ്ന പറഞ്ഞു.

ഇത്തരത്തിൽ ധോണി ഡ്രസ്സിംഗ് റൂമിൽ തന്നെ കാത്തിരിക്കേണ്ട ആവശ്യകതയെ പറ്റിയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ സംസാരിച്ചത്. ഇത്തരമൊരു തീരുമാനം യാതൊരു തരത്തിലും ചെന്നൈയ്ക്ക് ഗുണം ചെയ്യില്ല എന്നാണ് ബംഗാറിന്റെ വിലയിരുത്തൽ. “ഈ ബാറ്റിംഗ് പൊസിഷനിൽ ധോണി മൈതാനത്ത് എത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ല. ഇതിൽ മാറ്റം ഉണ്ടാവണം”- ബംഗാർ പറഞ്ഞു. വരും മത്സരങ്ങളിൽ ധോണി ബാറ്റിംഗ് പൊസിഷനിൽ കുറച്ചുകൂടി മുൻപ് ക്രീസിലെത്തും എന്നാണ് കരുതുന്നത്.

മിന്നൽ വേഗത്തിൽ ധോണിയുടെ സ്റ്റമ്പിങ്. വീണ്ടും ആരാധകരെ ഞെട്ടിച്ച് “ഫാസ്റ്റ് ഹാൻഡ്‌സ്”.

0

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ വീണ്ടും ഒരു സൂപ്പർ സ്റ്റമ്പിങ്ങുമായി വെറ്ററൻ താരം മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിൽ അപകടകാരിയായ ഫിൽ സോൾട്ടിനെ പുറത്താക്കാനാണ് ധോണി ഒരു വെടിക്കെട്ട് സ്റ്റമ്പിങ് നടത്തിയത്.

ആദ്യ മത്സരത്തിൽ മുംബൈ നായകൻ സൂര്യകുമാർ യാദവിനെ ഒരു കിടിലൻ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കാൻ ധോണിയ്ക്ക് സാധിച്ചിരുന്നു. ഇതിനുശേഷം വീണ്ടും ഒരു ഫാസ്റ്റ് ഹാൻഡ് പ്രകടനത്തിലൂടെ ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് ധോണി.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന്റെ അഞ്ചാം ഓവറിലാണ് ധോണിയുടെ ഈ സ്റ്റമ്പിങ് പിറന്നത്. മത്സരത്തിന്റെ അഞ്ചാം ഓവർ എറിഞ്ഞത് നൂർ അഹമദായിരുന്നു. അഹമദിന്റെ ആദ്യ 5 പന്തുകൾ കൃത്യമായി പ്രതിരോധിക്കാൻ ബാംഗ്ലൂർ ബാറ്റർമാരായ കോഹ്ലിയ്ക്കും സോൾട്ടിനും സാധിച്ചു.

എന്നാൽ അവസാന പന്തിൽ സോൾട്ട് ഒരു ഷോട്ട് കളിക്കാൻ ശ്രമിച്ചെങ്കിലും ബോൾ ധോണിയുടെ കൈകളിൽ എത്തുകയായിരുന്നു. ഈ സമയത്ത് അതിവേഗത്തിൽ സ്റ്റമ്പ് പിഴുതെറിയാൻ ധോണിയ്ക്ക് സാധിച്ചു. പ്രഥമ ദൃഷ്ടിയിൽ ഇത് ഔട്ടാണോ എന്ന സംശയങ്ങൾ ആരാധകർക്ക് ഉണ്ടായിരുന്നു.

എന്നാൽ അമ്പയർ റിപ്ലൈ പരിശോധിച്ചപ്പോഴാണ് ഇത് ഔട്ടാണ് എന്ന ബോധ്യപ്പെട്ടത്. സോൾട്ട് തന്റെ കാലുയർത്തി ക്രീസിലേക്ക് വെക്കാൻ ശ്രമിക്കുന്നതിനു തൊട്ടുമുൻപായിരുന്നു ധോണി ബെയിൽ തെറിപ്പിച്ചത്. ഇതോടെ മത്സരത്തിലെ ആദ്യ വിക്കറ്റ് ചെന്നൈയ്ക്ക് ലഭിച്ചു. ബാംഗ്ലൂരിന് മികച്ച തുടക്കം തന്നെയായിരുന്നു സോൾട്ട് നൽകിയത്. 16 പന്തുകളിൽ 32 റൺസ് നേടിയാണ് ഫിൽ സോൾട്ട് പുറത്തായത്. 5 ബൗണ്ടറികളും ഒരു സിക്സറുമാണ് സോൾട്ടിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ചെന്നൈ ടീമിലെ ധോണിയുടെ സ്ഥാനത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയാണ് ആദ്യ രണ്ടു മത്സരത്തിൽ താരം നൽകിയിരിക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ചെന്നൈ, ബാംഗ്ലൂർ ടീമിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇര ടീമുകളിലും ഓരോ മാറ്റങ്ങളാണുള്ളത്. ചെന്നൈ ടീമിലേക്ക് സൂപ്പർ പേസർ പതിരാന തിരിച്ചുവന്നിരിക്കുന്നു എന്നതാണ് വലിയ മാറ്റം. ബാംഗ്ലൂരിലേക്ക് വെറ്ററൻ താരം ഭുവനേശ്വർ കുമാർ തിരികെ എത്തിയിട്ടുണ്ട്. ചെന്നൈയിലെ സ്പിന്നിന് അനുകൂലമായ പിച്ചിൽ തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ബാംഗ്ലൂരിന് ലഭിച്ചിരിക്കുന്നത്. ഇതു മുതലാക്കി വലിയ സ്കോർ സ്വന്തമാക്കുക എന്നതാണ് ബാംഗ്ലൂരിന്റെ ലക്ഷ്യം

“ഇനി ശ്രേയസിനെതിരെ ആരും ഷോട്ട് ബോൾ ഏറിയരുത്, ആ ദിവസങ്ങൾ പോയി മറഞ്ഞു”- മുഹമ്മദ്‌ കൈഫ്‌.

0

2 വർഷങ്ങൾക്ക് മുമ്പ് ഷോട്ട് ബോളിൽ ഏറ്റവുമധികം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ബാറ്ററാണ് ശ്രേയസ് അയ്യര്‍. നിരന്തരമായി ഷോർട്ട് ബോളുകളിൽ പരാജയപ്പെടുന്നതിനാൽ അയ്യർക്ക് ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും നഷ്ടപ്പെടുകയുണ്ടായി. എന്നാൽ ബൗൺസറുകൾക്കെതിരെയുള്ള തന്റെ ദൗർബല്യം കൃത്യമായി മനസ്സിലാക്കിയ അയ്യർ ആഭ്യന്തര ക്രിക്കറ്റിലേക്ക് എത്തുകയും അവിടെ നിരന്തരമായ പരിശീലനത്തിലൂടെ ഷോട്ട് ബോളുകളെ നന്നായി നേരിടാൻ തയ്യാറാവുകയും ചെയ്തു. ശേഷം ഇപ്പോൾ ഷോട്ട് ബോളുകൾക്കെതിരെ വലിയ ആക്രമണമാണ് ശ്രേയസ് പുറത്തുവിടുന്നത്. പഞ്ചാബിന്റെ ഗുജറാത്തിനെതിരായ മത്സരത്തിലും ശ്രേയസിന്റെ ഈ ആക്രമണം കാണുകയുണ്ടായി. ഇതേപ്പറ്റിയാണ് മുൻ ഇന്ത്യൻ താരമായ മുഹമ്മദ് കൈഫ് സംസാരിക്കുന്നത്.

ഗുജറാത്തിനെതിരായ മത്സരത്തിൽ 42 പന്തുകളിൽ 97 റൺസായിരുന്നു ശ്രേയസ് സ്വന്തമാക്കിയത്. 9 സിക്സറുകളും 5 ബൗണ്ടറികളുമാണ് താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. ഈ മത്സരത്തിനിടെ പലപ്പോഴും ബോളർമാർ ഷോട്ട് ബോളുകൾ ശ്രേയസിനെതിരെ എറിയാൻ നോക്കിയെങ്കിലും, അതിനെതിരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. ഇതിന് ശേഷം ഇപ്പോൾ ബോളർമാർക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് കൈഫ്. ശ്രേയസിനെതിരെ ഇനി ഷോർട്ട് ബോളുകൾ എറിയുമ്പോൾ ബോളർമാർ ശ്രദ്ധിക്കണം എന്നാണ് കൈഫ് പറയുന്നത്. ഇപ്പോൾ അവന് കൃത്യമായി ഷോർട്ട് ബോളുകൾക്കെതിരെ പ്രതികരിക്കാൻ സാധിക്കുന്നുണ്ട് എന്ന് കൈഫ് കൂട്ടിച്ചേർത്തു.

“ഈ സാഹചര്യത്തിൽ ശ്രേയസ് അയ്യർക്കെതിരെ ഷോട്ട് ബോളുകൾ എറിയുന്ന കാര്യം ബോളർമാർ മറക്കുന്നതാണ് നല്ലത്. കാരണം ഷോട്ട് ബോളുകൾക്കെതിരെ അവൻ ബുദ്ധിമുട്ടിയിരുന്ന ദിവസങ്ങൾ അവസാനിച്ചു. ഇപ്പോൾ ബൗൺസ് എറിയുമ്പോൾ അവൻ ഭയപ്പെടുന്നില്ല. ക്രീസിൽ പിന്നിലേക്ക് പോകുന്നില്ല. തന്റെ ദൗർബല്യത്തെ തന്റെ ശക്തിയാക്കി മാറ്റാൻ അവന് സാധിച്ചു. ഷോർട്ട് പിച്ച് ബോളുകൾ അവനെ ബാധിക്കുന്നില്ല.”- മുഹമ്മദ് കൈഫ് പറഞ്ഞുവയ്ക്കുന്നു.

തന്റെ പുതിയ ഫ്രാഞ്ചൈസിയ്ക്കായുള്ള ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനം കാഴ്ചവച്ചാണ് ശ്രേയസ് അയ്യർ ആരംഭിച്ചത്. മത്സരത്തിൽ തെല്ലും ഭയമില്ലാതെയാണ് ശ്രേയസ് ആക്രമണം അഴിച്ചുവിട്ടത്. ഈ ഐപിഎലിൽ ഉടനീളം ഈ രീതിയിൽ തന്നെ മുന്നോട്ട് പോകാനാണ് ശ്രേയസ് അയ്യരുടെ തീരുമാനം. മുൻപ് ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ക്യാമ്പയിനിലും ഇത്തരത്തിൽ തെല്ലും ഭയപ്പാടില്ലാതെ മധ്യനിരയിൽ ബാറ്റ് ചെയ്യാൻ ശ്രേയസ് ശ്രമിച്ചിരുന്നു. ആദ്യ മത്സരത്തിൽ പഞ്ചാബിനെ വിജയത്തിൽ എത്തിക്കുന്നതിൽ ശ്രേയസിന്റെ ഇന്നിംഗ്സ് വലിയ പങ്കുവഹിച്ചു.

പുലികളെ മടയിൽ ചെന്ന് തോൽപിച്ച് ലക്നൗ. ഹൈദരാബാദിന് മേൽ ആറാടി പൂരനും കൂട്ടരും.

0

കരുത്തരായ ഹൈദരാബാദിനെ അവരുടെ മൈതാനത്ത് വിരട്ടിയോടിച്ച ലക്നൗ സൂപ്പർ ജയന്റ്സ്. ഹൈദരാബാദിനെതിരായ മത്സരത്തിൽ 5 വിക്കറ്റുകളുടെ കൂറ്റൻ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്. മത്സരത്തിൽ അർത്ഥസെഞ്ച്വറി നേടിയ നിക്കോളാസ് പൂരന്റെയും മിച്ചൽ മാർഷിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ലക്നൗവിന്റെ വിജയത്തിൽ നിർണായകമായത്. ബോളിങ്ങിൽ 4 വിക്കറ്റുകൾ സ്വന്തമാക്കിയ ശർദുൽ താക്കൂർ ലക്നൗവിന്റെ വജ്രായുധമായി മാറി. ടൂർണമെന്റിൽ ലക്നൗവിന്റെ ആദ്യ വിജയമാണ് മത്സരത്തിൽ പിറന്നത്.

മത്സരത്തിൽ ടോസ് നേടിയ ലക്നൗ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ മികച്ച തുടക്കം തന്നെ ട്രാവിസ് ഹെഡ് ഹൈദരാബാദിന് നൽകി. എന്നാൽ മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ഹൈദരാബാദിന് തിരിച്ചടി ഉണ്ടാക്കി. 6 റൺസ് നേടിയ അഭിഷേക് ശർമയാണ് ആദ്യം പുറത്തായത്. ശേഷം ഇഷാൻ കിഷൻ അടുത്ത പന്തിൽ പുറത്തായതോടെ ഹൈദരാബാദിന്റെ റണ്ണൊഴുക്ക് നിയന്ത്രിക്കാൻ ലക്നൗ ടീമിന് സാധിച്ചു. എന്നിരുന്നാലും ഒരുവശത്ത് ഹെഡ് തീർത്ത വലയം മറികടക്കുന്നതിൽ ലക്നൗ പരാജയപ്പെട്ടു. 28 പന്തുകളിൽ 5 ബൗണ്ടറികളും 3 സിക്സറുകളുമടക്കം 47 റൺസാണ് ഹെഡിന് നേടാൻ സാധിച്ചത്.

പിന്നീടെത്തിയ ബാറ്റർമാർക്ക് കൃത്യമായി ക്രീസിലുറച്ച് ആക്രമണം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. എന്നാൽ മധ്യനിരയിൽ ബാറ്റിംഗിനിറങ്ങിയ യുവതാരം അനികേത് വർമ വെടിക്കെട്ട് തീർക്കുകയുണ്ടായി. 13 പന്തുകളിൽ 5 സിക്സറുകളടക്കം 36 റൺസാണ് അനികേത് നേടിയത്. ഒപ്പം നായകൻ കമ്മിൻസ് 4 പന്തുകളിൽ 3 സിക്സറുക,ളടക്കം 18 റൺസ് നേടി അവസാന ഓവറിൽ ഹൈദരാബാദിന് പ്രതീക്ഷ നൽകി. എന്നിരുന്നാലും ഹൈദരാബാദിന്റെ ഇന്നിംഗ്സ് 190 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ലക്നൗവിനെ തുടക്കത്തിൽ തന്നെ മാക്രത്തിന്റെ വിക്കറ്റ് നഷ്ടമായി.

എന്നാൽ പിന്നീട് നിക്കോളാസ് പൂരനും മിച്ചൽ മാർഷും ചേർന്ന് ലക്നൗവിനായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 116 റൺസാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ഇതിൽ ഏറ്റവും വലിയ ആക്രമണം തീർത്തത് പൂരൻ തന്നെയാണ്. 18 പന്തുകളിൽ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിക്കാൻ പൂരന് സാധിച്ചു. 26 പന്തുകളിൽ 6 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 70 റൺസാണ് പൂരൻ സ്വന്തമാക്കിയത്. മാർഷ് 31 പന്തുകളിൽ 52 റൺസ് നേടി. ഇങ്ങനെ ലക്നൗ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. മത്സരത്തിൽ 5 വിക്കറ്റുകളുടെ വിജയമായിരുന്നു ലക്നൗ സ്വന്തമാക്കിയത്.