ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരക്കായിട്ടാണ്. പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ടീമിനോട് എട്ട് വിക്കറ്റ് തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന് ആരാധകരിൽ നിന്നും രൂക്ഷ വിമർശനം കേൾക്കവേയാണ് ടീം ഇന്ത്യക്കും ഒപ്പം നായകൻ കോഹ്ലിക്കും ആശ്വാസ വാർത്ത നൽകി പുത്തൻ തീരുമാനം ഏവരെയും ബിസിസിഐ അറിയിച്ചത്. ടെസ്റ്റ് പരമ്പര ഓഗസ്റ്റ് 5ന് ആരംഭിക്കുവാനിരിക്കെ ബിസിസിഐ ആവശ്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് പരിശീലന മത്സരം കളിക്കാനുള്ള ഒരു അവസരം ഒരുക്കണമെന്ന ബിസിസിഐ ആവശ്യം ഒടുവിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചു.ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുൻപായി കൗണ്ടി ടീമുമായി പരിശീലന മത്സരം കളിക്കാനുള്ള അവസരം ഒരുക്കാം എന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇന്നാണ് ബിസിസിഐ അധികൃതരെ അറിയിച്ചത്. ഈ മാസം 20 മുതൽ 22 വരെയാകും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന മത്സരം ഇന്ത്യൻ ടീം കളിക്കുക. ഏത് കൗണ്ടി ടീമുമായിട്ടാകും മത്സരമെന്നത് വൈകാതെ തീരുമാനിക്കും
അതേസമയം പരിശീലന മത്സരം മുൻപ് കളിക്കാതെയാണ് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഇന്ത്യൻ ടീം ന്യൂസിലാൻഡിന് എതിരെ കളിക്കുവാൻ ഇറങ്ങിയത്. ടീം ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ സ്വിങ്ങ് സാഹചര്യങ്ങൾക്ക് ഏറെ അനുകൂലമായ ഇംഗ്ലണ്ടിൽ ഒട്ടും മത്സര പരിചയമില്ലാതെ കളിച്ചതാണ് തിരിച്ചടിയായതെന്ന് പല ആരാധകരും അഭിപ്രായപെട്ടിരുന്നു.പല പരമ്പരകളിലും പരിശീലന മത്സരങ്ങൾ ഇന്ത്യൻ ടെസ്റ്റ് ടീം കളിക്കാറുണ്ട് എങ്കിലും ഇത്തവണ പരിശീലന മത്സരാമില്ലാതെ ഇറങ്ങുന്നത് തിരിച്ചടിയാകുമോ എന്ന ഒരു ആശങ്ക ആരാധകർ പലരും സോഷ്യൽ മീഡിയയിൽ അടക്കം പങ്കിവെച്ചിരുന്നു. സുനിൽ ഗവാസ്ക്കർ അടക്കം മുൻ താരങ്ങളും സമാന അഭിപ്രായം തന്നെ പങ്കുവെച്ചിരുന്നു.