എനിക്ക് അയാളുടെ വിക്കറ്റ് വീഴ്ത്തണം :മുന്നറിയിപ്പ് നൽകി സിറാജ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര എല്ലാ ക്രിക്കറ്റ്‌ പ്രേമികളും ആവേശത്തോടെ തന്നെ കാത്തിരിക്കുകയാണ്.5 ടെസ്റ്റുകൾ ഉൾപ്പെട്ട പരമ്പരയിൽ ആരാകും ജയം നേടുകയെന്നത് പ്രവചനങ്ങൾക്കും എല്ലാം അപ്പുറമാണ്. ഇംഗ്ലണ്ടിലെ സ്വിങ്ങ് സാഹചര്യങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം എപ്രകാരമാകും കളിക്കുകയെന്നതും പ്രധാനമാണ്. എന്നാൽ പരമ്പരക്ക് മുൻപ് ഇന്ത്യൻ സ്‌ക്വാഡിലെ മൂന്ന് താരങ്ങൾ പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങിയ മോശം സാഹചര്യം ഇന്ത്യൻ ടീമിന് ഒരു തിരിച്ചടിയായി മാറുന്ന ഘടകമാണ്.

അതേസമയം ടെസ്റ്റ് പരമ്പരക്ക് മുൻപ് ഇംഗ്ലണ്ട് ടീമിന് ശക്തമായ ഒരു മുന്നറിയിപ്പ് നൽകുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ സിറാജ്.കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീമിലെ പ്രധാന ബൗളറാണ് സിറാജ്. ഓസ്ട്രേലിയൻ പരമ്പരയിൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ സിറാജ് മനോഹരമായി പന്തെറിഞ്ഞിരുന്നു. ടെസ്റ്റ് പരമ്പരയിൽ തനിക്കും ശോഭിക്കുവാൻ സാധിക്കുമെന്ന് പറയുന്ന സിറാജ് ടീം ഇന്ത്യക്കായി ഈ പരമ്പരയിൽ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് ഏറെ അനിവാര്യമാണെന്നും അഭിപ്രായം വിശദീകരിക്കുന്നു.

“വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ പരമാവധി വിക്കറ്റ് നേടുകയാണ് എന്റെ ലക്ഷ്യം. എങ്കിലും ഇംഗ്ലണ്ട് ടീമിലെ സ്റ്റാർ ബാറ്റ്‌സ്മാൻ ജോ റൂട്ടിന്റെ വിക്കറ്റ് എന്റെ ആഗ്രഹമാണ്. അദേഹത്തിന്റെ വിക്കറ്റ് വീഴ്ത്തുവാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഓസ്ട്രേലിയക്ക് എതിരായ പരമ്പരയിൽ ഞാൻ വളരെ ഏറെ കാര്യങ്ങൾ പഠിച്ചു. ഇന്ത്യൻ ടീം ശക്തമാണ്. വിരാട് കോഹ്ലിക്ക് ഒപ്പം ഇംഗ്ലണ്ടിൽ പരമ്പര നേടുവാൻ ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു ” മുഹമ്മദ്‌ സിറാജ് തന്റെ അഭിപ്രായം വിശദമാക്കി