ഇത് ഇന്ത്യയുടെ ഏറ്റവും മികച്ച ടീം :മറുപടിയുമായി ലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌

ക്രിക്കറ്റ്‌ പ്രേമികളും ഒപ്പം ഇന്ത്യൻ ടീമിന്റെ പ്രിയ ആരാധകരും ഇപ്പോൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യൻ ടീമിന്റെ വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനായിട്ടാണ്.മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന പരമ്പരയും ഒപ്പം ടി :20 പരമ്പരയും ഇന്ത്യൻ ടീമിന്റെ വരുന്ന പര്യടനത്തിലുണ്ട്. സീനിയർ താരങ്ങളുടെ അഭാവത്തിൽ യുവനിരക്ക് പ്രാധാന്യം നൽകിയുള്ള ടീമിൽ ധാരാളം പുതുമുഖ താരങ്ങൾക്കും അവസരം ലഭിച്ചു. ലങ്കൻ പര്യടനത്തിനുള്ള സ്‌ക്വാഡിനെ കഴിഞ്ഞ മാസം തന്നെ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കയിൽ എത്തിയ ഇന്ത്യൻ ടീം ക്വാറന്റൈൻ പൂർത്തിയാക്കി വൈകാതെ പരിശീലനം ആരംഭിക്കും. പക്ഷേ ഇന്ത്യൻ ടീമിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ ശ്രീലങ്കൻ താരം അർജുന രണതുംഗ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയത് വൻ ചർച്ചയായി മാറിയിരുന്നു.

എന്നാൽ ഇപ്പോൾ മുൻ ലങ്കൻ നായകനെ തിരുത്തി കർശന നിലപാടിൽ രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌ . ഏകദിന, ടി :ട്വന്റി പരമ്പരകൾ കളിക്കുവാനായി ഒരു രണ്ടാം നിര ടീമിനെയാണ് ബിസിസിഐ അയച്ചത് എന്ന് പറഞ്ഞ താരം ലങ്കൻ ക്രിക്കറ്റിനെ നശിപ്പിക്കുന്ന ഇത്തരം തീരുമാനത്തിന് സമ്മതം മൂളിയ ലങ്കൻ ബോർഡിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചതിനും ഉറച്ച മറുപടി നൽകുകയാണ്. കരുത്തുറ്റ ഒരു ടീമാണ് ലങ്കക്ക് എതിരെ കളിക്കുവാൻ വരുന്നത് എന്ന് പറഞ്ഞ ലങ്കൻ ക്രിക്കറ്റ്‌ ബോർഡ്‌ അധികൃതർ കൂടുതലായി ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ തെറ്റാണ് എന്നും വിശദമാക്കി.

“ഇന്ത്യൻ സ്‌ക്വാഡ് ഏറെ മികച്ച താരങ്ങൾ അടങ്ങിയതാണ്.ഇത് ഒരിക്കലും രണ്ടാം നിര ടീമല്ല. അവരുടെ സ്‌ക്വാഡിലുള്ള 20 താരങ്ങളിൽ 14 പേരും ഇതിനകം ടീം ഇന്ത്യക്കായി ഏതേലും ഫോർമാറ്റിൽ കളിച്ചവരാണ്. ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ ശിഖർ ധവാൻ നയിക്കുന്ന ടീമിൽ ഏറെ മികച്ച താരങ്ങളുമുണ്ട് “ലങ്കൻ ബോർഡ്‌ പ്രസ്താവനയിൽ വിശദമാക്കി. എന്നാൽ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യൻ ടീം രണ്ട് രാജ്യങ്ങളിൽ അതും വ്യത്യസ്ത ഫോർമാറ്റിൽ ഒരേ സമയം പര്യടനം നടത്തുന്നത്. നായകൻ കോഹ്ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീമിപ്പോൾ ഓഗസ്റ്റിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പര കളിക്കാനായി ഇംഗ്ലണ്ടിലാണ്