പുതിയ സീസണിൽ പുതിയ താരത്തെ ടീമിലേക്ക് എത്തിക്കുവാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷയുടെ യുവ ഇന്ത്യൻ താരമായ ശുഭം സാരംഗിയാണ് ഫ്രീ ട്രാൻസ്ഫറിലൂടെ മഞ്ഞപ്പടയിലേക്ക് എത്തിക്കുവാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നത്. 22 വയസ്സ് മാത്രം പ്രായമുള്ള താരം വിംഗ് ബാക്ക് പൊസിഷനിൽ ആണ് കളിക്കുന്നത്.
ഈ വർഷം മെയ് മാസത്തിൽ താരത്തിന്റെ കരാർ ഒഡീഷയുമായി അവസാനിക്കും. കരാർ പുതുക്കി ഇല്ലെങ്കിൽ ട്രാൻസ്ഫർ തുകയൊന്നും മുടക്കാതെ താരത്തെ ഫ്രീ ഏജന്റായി സൈൻ ചെയ്യാനുള്ള ചർച്ചയിലാണ് ബ്ലാസ്റ്റേഴ്സ്. അതേസമയം നിലവിലെ ബ്ലാസ്റ്റേഴ്സ് ടീമിലുള്ള വിംഗ് ബാക്കുകൾ ടീം വിട്ടേക്കാം എന്നും സൂചനയുണ്ട്.
നിലവിലെ ടീമിലെ പ്രധാന താരങ്ങളായ ജെസൽ,നിഷു കുമാർ, ഖബ്ര എന്നിവരുടെ കരാർ ബ്ലാസ്റ്റേഴ്സ് ഇതുവരെയും പുതുക്കിയിട്ടില്ല. അതുകൊണ്ടാണ് ഈ സൂപ്പർതാരങ്ങൾ ക്ലബ്ബ് വിട്ടേക്കാം എന്ന സൂചന പുറത്തുവന്നത്. അതുകൊണ്ടുതന്നെ വിംഗ് ബാക്ക് പൊസിഷൻ ശക്തമാക്കുവാൻ കൂടുതൽ മികച്ച സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.
ഒഡീഷയ്ക്ക് വേണ്ടി മികച്ച പ്രകടനമായിരുന്നു ശുഭം സാരംഗി നടത്തിയത്. ട്രാൻസ്ഫർ മാർക്കറ്റിൽ മികച്ച വിംഗ് ബാക്കുകളെ സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ലെങ്കിൽ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന് അത് കനത്ത തിരിച്ചടിയാകും. അതുകൊണ്ടു തന്നെ എന്ത് വിലകൊടുത്തും മികച്ച വിംഗ് ബാക്കുകളെ സ്വന്തമാക്കുക ആയിരിക്കും ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ലക്ഷ്യം.