ഇന്ത്യൻ പ്രീമിയർ ലീഗിലെ എൽ ക്ലാസിക്കോയാണ് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടം. ഇരുടീമുകളും ഐപിഎൽ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന ടീമുകൾ തന്നെയാണ്. കഴിഞ്ഞ വർഷങ്ങളിലൊക്കെയും ഈ ടീമുകൾ ഏറ്റുമുട്ടിയപ്പോഴാണ് ഐപിഎൽ ഏറ്റവുമധികം പ്രശസ്തിയാർജിച്ചത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ രണ്ടു തവണ ഈ ടീമുകൾ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ടുതവണയും മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സായിരുന്നു വിജയം കണ്ടത്. എന്നാൽ ചെന്നൈ-മുംബൈ ഫൈനലിനുള്ള എല്ലാ സാധ്യതകളും ഒരുങ്ങുന്നതിന്റെ സൂചനയാണ് 2023 ഐപിഎല്ലിൽ നിന്ന് ലഭിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ക്വാളിഫയറിൽ വിജയം നേടിയ ചെന്നൈ ഫൈനലിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. തൊട്ടു പിന്നാലെ എലിമിനേറ്ററിൽ ലക്നൗവിനെ തകർത്ത മുംബൈ രണ്ടാം ക്വാളിഫയറിലും സ്ഥാനം കണ്ടെത്തിയിരിക്കുന്നു. രണ്ടാം ക്വാളിഫയറിൽ മുംബൈ വിജയിക്കുകയാണെങ്കിൽ ആരാധകർ കാത്തിരിക്കുന്ന ചെന്നൈ-മുംബൈ ഫൈനൽ വീണ്ടും വന്നെത്തും.
എന്നാൽ പ്ലേയൊഫുകളിലേക്ക് വരുമ്പോൾ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ ഇതുവരെ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിന് സാധിച്ചിട്ടുണ്ട്. അതിനാൽതന്നെ ഐപിഎല്ലിന്റെ ഇത്തവണത്തെ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ നേരിടാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല എന്നാണ് ചെന്നൈയുടെ ബോളിങ് കോച്ച് ബ്രാവോ പറയുന്നത്. ഒരു ചെറു തമാശ രൂപേണയാണ് ബ്രാവോ ഇക്കാര്യം അവതരിപ്പിച്ചത്. “മുംബൈയാണ് എനിക്ക് ഭയം ഉണ്ടാക്കുന്ന ടീം.(ചെറുചിരി) ഞങ്ങൾ അങ്ങനെ കാര്യങ്ങളെ നിസ്സാരമായി കാണുന്നില്ല. പ്ലെയോഫിലെത്തിയ എല്ലാ ടീമുകളും അപകടകാരികൾ തന്നെയാണ്. എല്ലാം നിലവാരമുള്ള ടീമുകളാണ്.”- ബ്രാവോ പറഞ്ഞു.
“എന്നിരുന്നാലും സത്യസന്ധമായി പറഞ്ഞാൽ, എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ മുംബൈ ഇന്ത്യൻസിനെയാണ് ഞങ്ങൾ നേരിടാൻ ആഗ്രഹിക്കാത്തത്. അക്കാര്യം എന്റെ പ്രിയ സുഹൃത്ത് പൊള്ളാർഡിനറിയാം. തമാശകൾ ഒരു സൈഡിലേക്ക് മാറ്റിവെച്ച് ഇനീ പറയാം. എല്ലാ ടീമുകളും വളരെ മികച്ചത് തന്നെയാണ്. ആരെ നേരിടാനാണെങ്കിലും ഞങ്ങൾ തയ്യാർ തന്നെയാണ്. അതിനായുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു.”- ബ്രാവോ കൂട്ടിച്ചേർത്തു.
ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിന് തകർത്തായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ ഇടം കണ്ടെത്തിയത്. എലിമിനേറ്ററിൽ ലക്നൗവിനെ 81 റൺസിന് പരാജയപ്പെടുത്തി മുംബൈ ക്വാളിഫയർ 2ൽ ഇടം കണ്ടെത്തിയിട്ടുണ്ട്. ക്വാളിഫയർ രണ്ടിൽ ഗുജറാത്തിനെതിരെയാണ് മുംബൈ ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ മുംബൈയ്ക്ക് ഫൈനലിലെത്താൻ സാധിക്കൂ. എന്നിരുന്നാലും ടൂർണമെന്റിലെ ശക്തരായ ഒരു ടീം തന്നെയാണ് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റൻസ്.