ഈ ബോളിംഗ് ലൈനപ്പ് വച്ച് ഫൈനലിലെത്താൻ ധോണിയ്ക്ക് മാത്രമേ കഴിയൂ. പ്രശംസയുമായി വിരേന്ദർ സേവാഗ്.

ezgif 5 65c6bb07cc

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിൽ ഒരു അത്യുഗ്രൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിംഗ്സ് കാഴ്ചവച്ചത്. ടൂർണമെന്റിന്റെ തുടക്കത്തിൽ മോശം ബോളിഗ് നിരയുടെ പേരിൽ ഒരുപാട് പഴികൾ കേട്ട ടീമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ്. മാത്രമല്ല ബെൻ സ്റ്റോക്സും ജാമിസനുമടക്കമുള്ള വലിയ പ്രതീക്ഷകളായിരുന്ന ബോളർമാർ സീസണിന്റെ തുടക്കത്തിൽ തന്നെ ചെന്നൈയെ വിട്ടു മടങ്ങിയിരുന്നു. ശേഷം നിലവിലെ ബോളിങ് നിര വയ്ച്ച് ചെന്നൈക്ക് പ്ലേയോഫിൽ എത്തുക എന്നത് അതികഠിനമാണ് എന്ന് പലരും വിലയിരുത്തുകയും ചെയ്തു. എന്നാൽ എല്ലാ പ്രവചനങ്ങളെയും തകിടം മറിച്ചുകൊണ്ട് ഒരു സ്റ്റാർ പ്രകടനം കാഴ്ചവച്ച് ചെന്നൈ പ്ലേയോഫിൽ സ്ഥാനം പിടിക്കുകയുണ്ടായി. ഇതിൽ പ്രധാനമായും എടുത്തു പറയേണ്ടത് മഹേന്ദ്ര സിംഗ് ധോണി എന്ന ക്യാപ്റ്റന്റെ ചിന്താശക്തി തന്നെയായിരുന്നു. ഈ സാഹചര്യത്തിൽ ധോണിയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ്.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സേവാഗ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ധോണിയൊഴികെ മറ്റൊരു നായകനും ഇത്തരമൊരു ബോളിങ് നിര വയ്ച്ച് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ തന്റെ ടീമിനെ എത്തിക്കാൻ സാധിക്കില്ല എന്നാണ് സേവാഗ് പറയുന്നത്. “ചെന്നൈ സൂപ്പർ കിങ്സ് എത്ര മനോഹരമായ ടീമാണ്. നായകത്വം എന്ന് പറയുന്നത് നമുക്കുള്ള റിസോഴ്സസിൽ നിന്ന് മികച്ചത് കണ്ടെത്തുന്നതിലാണ്. ഇത്തരമൊരു ബോളിംഗ് ലൈനപ്പ് വെച്ച് ചെന്നൈ പോലെ ഒരു ടീമിനെ ഫൈനലിലെത്തിക്കാൻ മഹേന്ദ്ര സിംഗ് ധോണിക്ക് മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് അദ്ദേഹം ഈ ലെവലിൽ നിൽക്കുന്നതും, ഒരുപാട് സ്നേഹം അർഹിക്കുന്നതും.”- സേവാഗ് പറഞ്ഞു.

See also  ഭാവിയിൽ രോഹിത് ചെന്നൈ ടീമിൽ കളിക്കും. പ്രതീക്ഷ പ്രകടിപ്പിച്ച് മുൻ മുംബൈ താരം.
988f16d9 62e3 4b96 bd92 aef0f15fa426

ഈ ഐപിഎൽ സീസണിന്റെ തുടക്കത്തിൽ ഒരുപാട് വിമർശനങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സ് കേൾക്കുകയുണ്ടായി. തങ്ങളുടെ ടീമിൽ ശക്തനായ ഒരു പേസർ ഇല്ലാതിരുന്നതാണ് ഇതിന് കാരണം. എന്നാൽ ടൂർണ്ണമെന്റ് പുരോഗമിക്കുമ്പോൾ തന്നെ മികച്ച ഇന്ത്യൻ യുവ പേസർമാരെ ടീമിലെത്തിച്ച് ചെന്നൈ അത്ഭുതം കാട്ടുകയായിരുന്നു. ആദ്യ റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ കളിച്ച 14 മത്സരങ്ങളിൽ എട്ടെണ്ണത്തിലും വിജയം കാണാൻ ചെന്നൈക്ക് സാധിച്ചു. ഇങ്ങനെ 17 പോയിന്റുകളുമായി ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു ചെന്നൈ ഫിനിഷ് ചെയ്തത്.

ശേഷം ഗുജറാത്ത് ടൈറ്റൻസിനെതിരായ ആദ്യ ക്വാളിഫയറിലും ചെന്നൈ വിജയം കാണുകയുണ്ടായി. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും കാണാൻ സാധിച്ചത് ചെന്നൈ ബോളിഗ് നിരയുടെ ശക്തമായ തിരിച്ചുവരവ് തന്നെയായിരുന്നു. പതിരാന, തുഷാർ ദേശ്പാണ്ഡെ, ദീപക് ചാഹർ എന്നീ പേസ് ബോളർമാർ ചെന്നൈക്കായി വലിയ രീതിയിൽ പ്രകടനങ്ങൾ കാഴ്ചവെക്കുകയുണ്ടായി. ഇവർക്കൊപ്പം ലോകോത്തര നിലവാരമുള്ള ബോളർമാരായ ജഡേജയും മഹേഷ് തീക്ഷണയും ചേരുന്നതോടെ ചെന്നൈ ബോളിങ് ശക്തമാകുന്നു. ഫൈനലിൽ എതിർ ടീമിനെ മറികടന്ന് കിരീടം സ്വന്തമാക്കാൻ എന്തുകൊണ്ടും പ്രാപ്തിയുള്ള ടീമാണ് സൂപ്പർ കിംഗ്സ്.

Scroll to Top