ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ പലതാരങ്ങൾക്കും വമ്പൻ തുക ലഭിക്കാറുണ്ട്. ഇതിൽ ചില താരങ്ങൾ മാത്രമാണ് മൈതാനത്ത് സീസണിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാറുള്ളത്. എന്നാൽ മറ്റു ചില താരങ്ങൾ ഐപിഎൽ ലേലത്തിൽ വലിയ തരംഗം ഉണ്ടാക്കാതെ ചെറിയ തുകയ്ക്ക് ടീമുകളിലെത്തി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് എല്ലാവരെയും ഞെട്ടിക്കാറുണ്ട്. 2025 ഐപിഎൽ സീസണിൽ ഇത്തരത്തിൽ ചെറിയ തുകയ്ക്ക് ടീമിലെത്തി വലിയ പ്രകടനങ്ങൾ കാഴ്ചവെച്ച താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.
- Digvesh Rathi
ഇത്തവണത്തെ ഐപിഎല്ലിൽ കേവലം 30 ലക്ഷം രൂപയ്ക്ക് ലക്നൗ സ്വന്തമാക്കിയ താരമാണ് ഡിഗ്വേഷ് റാത്തി. ഡൽഹി പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിന് ശേഷമായിരുന്നു താരം ലക്നൗവിലേക്ക് എത്തിയത്. ഇതുവരെ 9 മത്സരങ്ങളിൽ ലക്നൗ ടീമിനായി കളിച്ച താരം 7.3 എന്ന കുറഞ്ഞ എക്കണോമി റൈറ്റിൽ 9 വിക്കറ്റുകൾ സ്വന്തമാക്കി മികവ് പുലർത്തിയിട്ടുണ്ട്.
- Vipraj Nigam
ലേലത്തിൽ 50 ലക്ഷം രൂപയ്ക്കായിരുന്നു ഡൽഹിയുടെ ആഭ്യന്തര താരമായ വിപ്രാജ് നിഗം ഡൽഹി ക്യാപിറ്റൽസ് ടീമിലേക്ക് എത്തിയത്. ഇതുവരെ ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനമാണ് ഈ യുവതാരം പുറത്തെടുത്തിട്ടുള്ളത്. 8 മത്സരങ്ങളിൽ നിന്ന് 7 വിക്കറ്റുകളും 54 റൺസും സ്വന്തമാക്കാൻ വിപ്രാജിന് സാധിച്ചിട്ടുണ്ട്. ഒരു യുവതാരം എന്ന നിലയിൽ മികച്ച പ്രകടനമാണ് ഇതുവരെ താരം കാഴ്ച വച്ചിട്ടുള്ളത്.
- R Sai Kishore
ഗുജറാത്ത് ടൈറ്റൻസ് ഈ ലേലത്തിൽ 2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരമാണ് സായി കിഷോർ. കഴിഞ്ഞ സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സ് സ്ക്വാഡിൽ അവസരം ലഭിച്ചിട്ടും ടീമിൽ കളിക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. പക്ഷേ ഈ സീസണിൽ ഗുജറാത്ത് നൽകിയ അവസരം സായി നന്നായി മുതലാക്കി. 8 മത്സരങ്ങളിൽ നിന്ന് ഇതുവരെ 12 വിക്കറ്റുകൾ ആണ് സായി സ്വന്തമാക്കിയത്.
- Aiden Markram
ഈ സീസണിലെ ഒരു സർപ്രൈസിംഗ് താരം തന്നെയായിരുന്നു മാർക്രം. ലേലത്തിൽ 2 കോടി രൂപയ്ക്കാണ് ലക്നൗ മാർക്രത്തെ സ്വന്തമാക്കിയത്. പക്ഷേ ഈ സീസണിൽ ലക്നൗവിനായി ഓപ്പണിങ്ങിൽ അങ്ങേയറ്റം വെടിക്കെട്ട് പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. ഇതുവരെ 9 മത്സരങ്ങളിൽ നിന്നും 326 റൺസ് ആണ് മാർക്രം സ്വന്തമാക്കിയത്. മാത്രമല്ല 4 വിക്കറ്റുകൾ തന്റെ ടീമിനായി സ്വന്തമാക്കാനും ഈ താരത്തിന് സാധിച്ചു.
- Priyansh Arya
പഞ്ചാബ് ടീമിലെ സർപ്രൈസിംഗ് താരമായ പ്രിയാൻഷ് ആര്യയ്ക്ക് മികച്ച തുടക്കമാണ് ഈ ഐപിഎല്ലിൽ ലഭിച്ചിരിക്കുന്നത്. 3.8 കോടി രൂപയ്ക്കായിരുന്നു പ്രിയാൻഷ് ആര്യയെ പഞ്ചാബ് ടീമിലെത്തിച്ചത്. ഇതുവരെ 8 മത്സരങ്ങളിൽ നിന്ന് 254 റൺസ് സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ 39 പന്തുളിൽ സെഞ്ച്വറി നേടാനും താരത്തിന് സാധിച്ചിരുന്നു.