2024 ട്വന്റി20 ലോകകപ്പോട് കൂടിയാണ് വിരാട് കോഹ്ലി അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. കോഹ്ലിയുടെ കാര്യത്തിൽ ഇത് അല്പം നേരത്തെ ആയിപ്പോയി എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. 2026 വരെ ട്വന്റി20 ക്രിക്കറ്റിൽ അണിനിരക്കാനുള്ള ഫിറ്റ്നസും പ്രതിഭയും വിരാട് കോഹ്ലിയ്ക്ക് ഉണ്ടായിരുന്നു എന്നാണ് സുരേഷ് റെയ്ന പറയുന്നത്.
2026 ട്വന്റി20 ലോകകപ്പിലും കോഹ്ലിയ്ക്ക് കളിക്കാൻ സാധിക്കുമായിരുന്നു എന്ന് റെയ്ന പറയുന്നു. ഐപിഎല്ലിൽ രാജസ്ഥാനെതിരായ മത്സരത്തിൽ 42 പന്തുകളിൽ 70 റൺസ് സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. ഇതിന് ശേഷമാണ് സുരേഷ് റെയ്നയുടെ അഭിപ്രായ പ്രകടനം.
ഇപ്പോഴും വിരാട് കോഹ്ലിയ്ക്ക് മൈതാനത്ത് ഇറങ്ങി മികവ് പുലർത്താൻ സാധിക്കുന്നുണ്ട് എന്ന റെയ്ന കൂട്ടിച്ചേർക്കുകയുണ്ടായി. “ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരാട് കോഹ്ലി നേരത്തെ തന്നെ വിരമിച്ചതായാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. കാരണം 2026 വരെ ട്വന്റി20 ക്രിക്കറ്റ് കളിക്കാൻ അവന് സാധിക്കുമായിരുന്നു. മുൻപോട്ടു പോവുകയാണെങ്കിൽ വിരാട് കോഹ്ലിയ്ക്ക് ഇനിയും മികവ് പുലർത്താൻ കഴിഞ്ഞേനെ. 2025 ചാമ്പ്യൻസ് ട്രോഫിയിലും മികച്ച താളത്തിലാണ് കോഹ്ലി കളിച്ചത്. ഇപ്പോൾ അവൻ അവന്റെ ഫിറ്റ്നസ് നിയന്ത്രിക്കുന്ന രീതി വെച്ചു നോക്കിയാൽ പീക്ക് ലെവലിൽ തന്നെയാണ്.”- റെയ്ന സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
ഇന്ത്യക്കായി 125 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളാണ് വിരാട് കോഹ്ലി കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് 48.69 എന്ന ശരാശരിയിൽ 4188 റൺസ് സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചു. ഒരു സെഞ്ച്വറിയും 38 അർത്ഥസെഞ്ച്വറികളും കോഹ്ലിയുടെ ട്വന്റി20 അന്താരാഷ്ട്ര യാത്രയിൽ പിറന്നിരുന്നു. ഇപ്പോഴും ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ താരം വിരാട് കോഹ്ലി തന്നെയാണ്. ലോകകപ്പ് ചരിത്രത്തിൽ 1292 റൺസ് ആണ് കോഹ്ലിയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്.
നിലവിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് വിരാട് കോഹ്ലി പുറത്തെടുക്കുന്നത്. അത്ര മികച്ച തുടക്കമായിരുന്നില്ല 2025 ഐപിഎല്ലിൽ വിരാട് കോഹ്ലിയ്ക്ക് ലഭിച്ചത്. എന്നാൽ അവസാന മത്സരങ്ങളിൽ ശക്തമായ രീതിയിൽ തന്നെ ക്രീസിലുറച്ച് റൺസ് സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിട്ടുണ്ട്. വരും മത്സരങ്ങളിലും കോഹ്ലി ഇത്തരത്തിൽ മുൻനിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ഐപിഎൽ കിരീടം എന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിക്കും.