ഞങ്ങൾ ഇത്തരത്തിൽ തിരിച്ചുവരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മുംബൈ പടയോട്ടം എടുത്തുപറഞ്ഞ് രോഹിത്.

rohit sharma ipl 2023

2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പകുതിയിൽ പ്ലേയോഫ് സാധ്യതകൾ തീരെയില്ലാത്ത ടീമായിരുന്നു മുംബൈ ഇന്ത്യൻസ്. എന്നാൽ അവസാന 7 മത്സരങ്ങളിൽ അഞ്ചണ്ണത്തിലും വിജയം കണ്ട് മുംബൈ ഇപ്പോൾ പ്ലേയൊഫിൽ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്. എലിമിനേറ്ററിൽ ലക്നൗവിനെ 81 റൺസിന് പരാജയപ്പെടുത്തി ഇപ്പോൾ മുംബൈ ക്വാളിഫയർ രണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഈ സമയത്ത് 2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈയുടെ പടയോട്ടത്തെ സംബന്ധിച്ച് സംസാരിക്കുകയാണ് നായകൻ രോഹിത് ശർമ. ആരും പ്രതീക്ഷിക്കാത്ത രീതിയിലാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ മുംബൈയുടെ തിരിച്ചുവരവുകൾ എന്ന് രോഹിത് പറയുകയുണ്ടായി.

“കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞങ്ങൾ ഇങ്ങനെയാണ് കാര്യങ്ങൾ ചെയ്യുന്നത്. ഇത്തരത്തിൽ ഞങ്ങൾ തിരികെയെത്തുമെന്ന് യാതൊരു സമയത്തും ആളുകൾ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഞങ്ങൾക്ക് അങ്ങനെ ചെയ്ത് ശീലമായിരിക്കുന്നു.”- രോഹിത് പറയുകയുണ്ടായി. ഒപ്പം മത്സരത്തിലെ ആകാശ് മധ്വാളിന്റെ പ്രകടനത്തെപ്പറ്റിയും രോഹിത് സൂചിപ്പിച്ചു. “കഴിഞ്ഞവർഷം മുതൽ ഒരു സപ്പോർട്ട് ബോളറായി ആകാശ് ഞങ്ങളോടൊപ്പമുണ്ട്. ജോഫ്രാ ആർച്ചർ തിരിച്ചുപോയ സാഹചര്യത്തിൽ അയാളെ ടീമിന്റെ പ്രധാന ബോളറായി മാറ്റാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. അയാൾക്ക് എത്രമാത്രം കഴിവുകളുണ്ട് എന്ന് പൂർണ ബോധ്യം ഞങ്ങൾക്കുണ്ടായിരുന്നു.”- രോഹിത് പറഞ്ഞു.

Read Also -  "രോഹിതിന് ശേഷം സഞ്ജു ഇന്ത്യൻ നായകനാവണം"- ഹർഭജന്റെ വാക്കുകൾക്ക് പിന്തുണ നൽകി ശശി തരൂർ.
madhwal mi

ഇതോടൊപ്പം യുവ താരങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിലെ മുംബൈയുടെ സ്ഥാനത്തെപ്പറ്റിയും രോഹിത് സംസാരിക്കുകയുണ്ടായി. “കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഒരുപാട് താരങ്ങൾ മുംബൈ ഇന്ത്യൻസിലൂടെ കടന്നുവന്ന് ഇന്ത്യക്കായി കളിക്കുകയുണ്ടായി. അങ്ങനെയുള്ള യുവ കളിക്കാർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്. അവർ എപ്പോഴും ടീമിന്റെ ഭാഗമായിരിക്കുകയും പ്രത്യേകതയുള്ളവർ ആയിരിക്കുകയും ചെയ്യണം. അങ്ങനെയെങ്കിൽ അവരെ മൈതാനത്ത് കൂടുതൽ മികച്ച രീതിയിൽ പങ്കെടുപ്പിക്കാൻ എനിക്ക് സാധിക്കും.”- രോഹിത് കൂട്ടിച്ചേർത്തു.

മത്സരത്തിൽ പൂർണമായ ആധിപത്യം സ്ഥാപിച്ചു തന്നെയായിരുന്നു മുംബൈ വിജയം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 182 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ യാതൊരു തരത്തിലും മുംബൈയുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ലക്നൗവിന് സാധിച്ചില്ല. രണ്ടാ ഇന്നിങ്സിൽ കേവലം 101 റൺസ് മാത്രമാണ് ലക്നൗ നേടിയത്. ഇങ്ങനെ 81 റൺസിന്റെ വിജയം മുംബൈ മത്സരത്തിൽ സ്വന്തമാക്കുകയാണ് ഉണ്ടായത്. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസാണ് മുംബൈയുടെ എതിരാളികളാവുന്നത്.

Scroll to Top