സഞ്ജു സാംസൺ കുറച്ച് നല്ല വാക്കുകൾ അർഹിക്കുന്നില്ലേ?

സഞ്ജു മോശമായി കളിക്കുമ്പോൾ അയാളെ കുരിശിൽ തറയ്ക്കാൻ പലർക്കും ഭയങ്കര ആവേശമാണ്. പക്ഷേ അയാളുടെ മേന്മകൾ അംഗീകരിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഡെൽഹിയ്ക്കെതിരെ സഞ്ജു ഒരു ഒറ്റയാൾ പോരാട്ടം നടത്തിയിട്ടുണ്ട്. എന്നിട്ടും ചുരുക്കം ചിലർ മാത്രമാണ് സഞ്ജുവിനെ അഭിനന്ദിക്കുന്നത്.

സഞ്ജു പുറത്തെടുത്ത പ്രകടനത്തിൻ്റെ മഹത്വം തെളിയിക്കുന്ന ചില കാര്യങ്ങൾ പറയാം.

ഡെൽഹി ഉയർത്തിയ 155 റൺസിൻ്റെ വിജയലക്ഷ്യം അബുദാബിയിലെ പിച്ചിൽ അതീവ പ്രയാസകരമായിരുന്നു. ഡെൽഹിയുടെ നാല് ബോളർമാർ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രബലരായിരുന്നു-റബാഡ,നോർക്കിയ,അശ്വിൻ,അക്സർ പട്ടേൽ എന്നിവർ. അവർക്കുപുറമെ നന്നായി യോർക്കറുകൾ എറിയുന്ന ആവേശ് ഖാനും. ഈ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബോളിങ്ങ് അറ്റാക്ക് അതുതന്നെ ആയിരിക്കണം.

ഇങ്ങനെയൊരു ആക്രമണത്തിനെതിരെ ചെറുത്തുനിന്നത് 70 റണ്ണുകളെടുത്ത സഞ്ജു മാത്രമാണ്. 19 റൺസെടുത്ത മഹിപാൽ ലോംറോർ ആണ് രണ്ടാമത്തെ ടോപ്സ്കോറർ! ലോംറോർ അടിച്ച ഒരേയൊരു ബൗണ്ടറി മാറ്റിനിർത്തിയാൽ രാജസ്ഥാൻ നേടിയ സകല ഫോറുകളും സിക്സറുകളും ഒഴുകിയത് സഞ്ജുവിൻ്റെ ബാറ്റിൽനിന്ന് തന്നെ!

ഒന്ന് ആലോചിച്ചുനോക്കൂ. ഇത്തരമൊരു ഇന്നിംഗ്സ് കളിച്ചത് ധോനിയോ വിരാടോ രോഹിതോ ആയിരുന്നുവെങ്കിൽ അഭിനന്ദനങ്ങളുടെ പ്രവാഹമുണ്ടാകുമായിരുന്നില്ലേ? അവരെ സഞ്ജുവിനോട് താരതമ്യം ചെയ്യുകയല്ല. കുറച്ച് നല്ല വാക്കുകൾ സഞ്ജു അർഹിക്കുന്നില്ലേ എന്നതാണ് ചോദ്യം.

ഇത്രയും വലിയൊരു ഇന്നിംഗ്സ് കളിച്ചിട്ടുപോലും സഞ്ജുവിന് കേരളത്തിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല.

ഇതിനുമുമ്പ് പഞ്ചാബിനെതിരെ രാജസ്ഥാൻ ജയിച്ചിരുന്നു. പരാജയം ഉറപ്പിച്ച കളിയാണ് സഞ്ജുവും കൂട്ടരും കൈപ്പിടിയിലാക്കിയത്. ആ മത്സരത്തിലെ ഹീറോ കാർത്തിക് ത്യാഗി തന്നെയായിരുന്നു. പക്ഷേ സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയും ഉജ്ജ്വലമായിരുന്നു. എന്നിട്ടും സഞ്ജുവിൻ്റെ ക്യാപ്റ്റൻസി മോശമാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ച നിരവധി മലയാളികളെ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു.

ഡെൽഹിയ്ക്കെതിരെയും സഞ്ജു ഒന്നാന്തരമായി ടീമിനെ നയിച്ചിരുന്നു. മുസ്താഫിസുർ റഹ്മാൻ എന്ന ബോളറെ ഉപയോഗിച്ച രീതി ശ്രദ്ധിച്ചവർക്ക് അക്കാര്യം മനസ്സിലാകും. സഞ്ജുവിൻ്റെ വിക്കറ്റ് കീപ്പിങ്ങും മികച്ചതായിരുന്നു. ഡെൽഹി 154 റൺസിൽ ഒതുങ്ങിയത് അതുകൊണ്ടുകൂടിയാണ്.

റൺചേസിൻ്റെ സമയത്ത് ഒരാളെങ്കിലും പിന്തുണച്ചിരുന്നുവെങ്കിൽ തുടർച്ചയായ രണ്ടാം കളിയും സഞ്ജു ജയിപ്പിച്ചെടുക്കുമായിരുന്നു. പക്ഷേ ചോർച്ചയുള്ള കപ്പലിലെ കപ്പിത്താനെപ്പോലെ ഒറ്റയ്ക്ക് പൊരുതി മുങ്ങിത്താഴാനായിരുന്നു അയാളുടെ വിധി! നിർഭാഗ്യം സഞ്ജുവിനെ വേട്ടയാടി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ സഞ്ജുവിന് സാധിച്ചില്ല എന്നത് സത്യമാണ്. പക്ഷേ അയാളുടെ സഞ്ചാരം ശരിയായ ട്രാക്കിൽ തന്നെയാണ്. ഇന്നല്ലെങ്കിൽ നാളെ സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിരാംഗമാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. അതിനുള്ള കാലിബർ അയാൾക്കുണ്ട്.

സഞ്ജു നിരാശപ്പെടുത്തുമ്പോൾ അയാളെ മാന്യമായി വിമർശിച്ചോളൂ. പക്ഷേ അർഹിക്കുന്ന അവസരങ്ങളിൽ പിന്തുണയും പ്രശംസയും നൽകണം. അത് നമ്മുടെ ചുമതലയാണ്. കാരണം സഞ്ജുവിന് നമ്മളേ ഉള്ളൂ…!

എഴുതിയത് – സന്ദീപ് ദാസ്

Previous articleറദ്ദാക്കിയ മാഞ്ചസ്റ്റര്‍ ടെസ്റ്റ് അടുത്ത വര്‍ഷം
Next articleമോറിസും ലൂയിസും എവിടെ: ഞെട്ടിച്ചെന്ന് ഗംഭീർ