നല്ല താരങ്ങളെ വിട്ടയച്ചു, പകരക്കാരും ഇല്ല. രാജസ്ഥാൻ ടീമിൽ സഞ്ജുവിന് അതൃപ്തി ?

2025 ഐപിഎല്ലിൽ ഇതുവരെ വളരെ മോശം പ്രകടനം കാഴ്ചവച്ച ടീമാണ് രാജസ്ഥാൻ റോയൽസ്. സീസണിന്റെ തുടക്കം മുതൽ ബാറ്റിങ്ങിലും ബോളിങ്ങിലും നിരന്തരം പരാജയപ്പെടുന്ന രാജസ്ഥാനെയാണ് കാണാൻ സാധിക്കുന്നത്. നായകൻ സഞ്ജു സാംസണിന് പരിക്കേറ്റതും രാജസ്ഥാൻ റോയൽസിനെ ബാധിച്ചിരുന്നു.

മാത്രമല്ല ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ രാജസ്ഥാൻ റോയൽസ് മാനേജ്മെന്റുമായി നായകൻ സഞ്ജു സാംസണ് വിയോജിപ്പുണ്ടായിരുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐപിഎൽ ലേലത്തിന് മുൻപ് തങ്ങളുടെ പ്രധാന താരങ്ങളെ വിട്ടു നൽകാനുള്ള രാജസ്ഥാന്റെ തീരുമാനത്തിൽ സഞ്ജു എതിർപ്പ് പ്രകടിപ്പിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഐപിഎൽ സീസണുകളിൽ രാജസ്ഥാൻ റോയൽസ് ടീമിനെ പല മത്സരങ്ങളിലും വിജയത്തിലേക്ക് നയിച്ചത് ജോസ് ബട്ലർ അടക്കമുള്ള താരങ്ങൾ ആയിരുന്നു. പല മത്സരങ്ങളും രാജസ്ഥാനെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ ജോസ് ബട്ലർക്ക് സാധിച്ചിരുന്നു. അതിനാൽ തന്നെ ബട്ലറെ നിലനിർത്തുക എന്നത് രാജസ്ഥാനെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു. മൈതാനത്ത് തന്റെ അനുഭവസമ്പത്ത് ഉപയോഗിച്ച് ഇന്നിങ്സുകൾ നന്നായി മുൻപോട്ടു കൊണ്ടുപോവാനും താരത്തിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ താരം ടീമിൽ തുടരണം എന്ന നിലപാടായിരുന്നു സഞ്ജുവിനുള്ളത്. എന്നാൽ ടീം മാനേജ്മെന്റ് ഈ നിലപാടിനെ എതിർക്കുകയാണ് ചെയ്തത് എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ജോസ് ബട്ലറെ വിട്ടുനൽകിയതിൽ തനിക്ക് വ്യക്തിപരമായി ഒരുപാട് ബുദ്ധിമുട്ടുകളുണ്ട് എന്ന് സഞ്ജു മുൻപ് പറയുകയും ചെയ്തിരുന്നു. മാത്രമല്ല കഴിഞ്ഞ സീസണുകളിലെ രാജസ്ഥാന്റെ പവർപ്ലെയിലെ പ്രധാന ബോളർമാരിൽ ഒരാളായ ട്രെന്റ് ബോൾട്ടിനെ വിട്ടു നൽകാനുള്ള തീരുമാനത്തിനും സഞ്ജു എതിരായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ സീസണുകളിൽ പവർപ്ലേ ഓവറുകളിൽ രാജസ്ഥാൻ റോയൽസിന് കൃത്യമായി വിക്കറ്റുകൾ നൽകാൻ ബോൾട്ടിന് സാധിച്ചിരുന്നു. എന്നാൽ ഇത്തവണത്തെ ലേലത്തിൽ ബോൾട്ടിനെ രാജസ്ഥാൻ സ്വന്തമാക്കുകയാണ് ചെയ്തത്. ബോൾട്ടിന് പകരം ആർച്ചറെ രാജസ്ഥാൻ സ്വന്തമാക്കിയെങ്കിലും സ്ഥിരതയാർന്ന പ്രകടനം താരത്തിൽ നിന്നുണ്ടായിട്ടില്ല

ഇത്തരത്തിലുള്ള പ്രധാന താരങ്ങളെ ലേലത്തിന് മുൻപ് നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് ഇവർക്ക് പകരക്കാരെ കണ്ടെത്തുന്നതിൽ രാജസ്ഥാൻ പൂർണമായും പരാജയപ്പെടുകയായിരുന്നു. ഇത് രാജസ്ഥാനെ ഈ സീസണിൽ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. നിലവിൽ ടൂർണമെന്റിൽ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ ഇടം പിടിച്ചിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം നടക്കുന്നത്. രാജസ്ഥാനെ സംബന്ധിച്ച് ഈ മത്സരം അഭിമാനം തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയാണ്.