ഈ സീസണിൽ മോശം പ്രകടനം ആവർത്തിക്കുന്ന രാജസ്ഥാൻ റോയൽസ് ടീം നായകൻ റിയാൻ പരാഗിനെതിരെ മുൻ ഇന്ത്യൻ താരം. മത്സരത്തിൽ പരാഗ് പുലർത്തുന്ന മനോഭാവത്തെ ചോദ്യം ചെയ്താണ് മുൻ ഇന്ത്യൻ താരം അമിത് മിശ്ര സംസാരിച്ചത്. ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ നിൽക്കുന്നത്.
കേവലം 4 പോയിന്റ്കൾ മാത്രമാണ് രാജസ്ഥാന് ഇതുവരെ നേടാൻ സാധിച്ചത്. എന്നിട്ടും പല മത്സരങ്ങളിലും നായകൻ പരഗ് തന്റെ സഹതാരങ്ങളെ കുറ്റപ്പെടുത്തുകയാണ് എന്ന് അമിത് മിശ്ര പറയുന്നു. പരാഗിന്റെ മോശം തീരുമാനങ്ങളും മോശം ഷോട്ട് സെലക്ഷനുമാണ് കഴിഞ്ഞ മത്സരങ്ങളിലെ രാജസ്ഥാന്റെ പരാജയത്തിന് കാരണമായത് എന്ന് മിശ്ര കരുതുന്നു.
ബാംഗ്ലൂരിനെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷമാണ് മിശ്ര ഇക്കാര്യം ബോധിപ്പിച്ചത്. പരാഗ് സ്വയം പിഴവ് വരുത്തിയിട്ടും മറ്റുള്ള താരങ്ങളെ കുറ്റപ്പെടുത്തുകയാണ് എന്ന് മിശ്ര പറയുന്നു. ഇക്കാര്യത്തിൽ മാത്രം പരാഗ് ശ്രദ്ധിച്ചിട്ട് കാര്യമില്ല എന്നൊരു പ്രമുഖ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ മിശ്ര കൂട്ടിചേർക്കുകയുണ്ടായി.
“ഇത്തരത്തിൽ സ്വയം പിഴവുകൾ വരുത്തിയിട്ട് നിങ്ങൾ എങ്ങനെയാണ് മറ്റുള്ള താരങ്ങളെ കുറ്റപ്പെടുത്തി രക്ഷപ്പെടുന്നത്. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രാജസ്ഥാൻ ഒരുപാട് പിന്നിലായിരുന്നില്ല. മത്സരത്തിൽ വിജയം സ്വന്തമാക്കാനുള്ള എല്ലാ അവസരവും രാജസ്ഥാന് ഉണ്ടായിരുന്നു.”- മിശ്ര പറയുന്നു.
“ആ മത്സരത്തിൽ രാജസ്ഥാൻ പരാജയപ്പെട്ടത് 40 റൺസിനോ 50 റൺസിനോ ഒന്നുമല്ല. കേവലം ചെറിയ വ്യത്യാസത്തിലാണ് രാജസ്ഥാന് മത്സരത്തിൽ പരാജയം നേരിടേണ്ടി വന്നത്. ഇതിന് പ്രധാന കാരണമായി മാറിയത് പരഗിന്റെ തെറ്റായ തീരുമാനമാണ്. മത്സരത്തിന്റെ നിർണായക സമയത്ത് പരാഗ് പുറത്തായില്ലായിരുന്നുവെങ്കിൽ രാജസ്ഥാന് അനായാസം വിജയം സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. നിർണായകമായ സാഹചര്യങ്ങളിൽ മോശം ഷോട്ടുകൾ പരീക്ഷിക്കുന്നതാണ് പരാഗിന്റെ പ്രശ്നം. ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനെ വിജയിപ്പിക്കുക എന്നതിനെപറ്റി പരാഗ് ചിന്തിക്കുന്നു പോലുമില്ല.”- അമിത് മിശ്ര പറയുകയുണ്ടായി.
ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 10 പന്തുകളിൽ 22 റൺസ് എടുത്താണ് പരാഗ് പുറത്തായത്. താരത്തിന്റെ വിക്കറ്റ് മത്സരത്തിലെ രാജസ്ഥാന്റെ പരാജയത്തിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്തു. നാളെ ഗുജറാത്ത് ടൈറ്റൻസ് ടീമിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം നടക്കുന്നത്. ജയ്പൂരിൽ നടക്കുന്ന മത്സരം രാജസ്ഥാനെ സംബന്ധിച്ച് ഒരു അഭിമാന പോരാട്ടം തന്നെയാണ്. കേവലം 2 മത്സരങ്ങൾ മാത്രമാണ് ഈ സീസണിൽ ഇതുവരെ രാജസ്ഥാന് വിജയിക്കാൻ സാധിച്ചത്.