2023 ലോകകപ്പ് സ്‌ക്വാഡ് നിശ്ചയിച്ച് ബിസിസിഐ. സഞ്ജുവും തിലകും പുറത്ത്. സർപ്രൈസ് താരങ്ങളുടെ നിര.

0
1

2023 ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ സ്‌ക്വാഡിനെ തിരഞ്ഞെടുത്ത് ബിസിസിഐ സീനിയർ നാഷണൽ സെലക്ഷൻ കമ്മിറ്റി. ഇന്ത്യയുടെ പാക്കിസ്ഥാതിരായ ഏഷ്യാകപ്പ് മത്സരത്തിനുശേഷമാണ് സെലക്ഷൻ കമ്മിറ്റി ലോകകപ്പിനുള്ള സ്ക്വാഡിനെ നിശ്ചയിച്ചത്. ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം അജിത്ത് അഗാർക്കർ നേതൃത്വം നൽകുന്ന കമ്മറ്റി നിശ്ചയിച്ച സ്ക്വാഡിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചിട്ടില്ല.

നിലവിൽ ഏഷ്യാകപ്പ് സ്ക്വാഡിനൊപ്പം ശ്രീലങ്കയിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി തുടരുകയാണ് സഞ്ജു സാംസൺ. സഞ്ജുവിനൊപ്പം യുവതാരം തിലക് വർമ്മ, പേസർ പ്രസീദ് കൃഷ്ണ എന്നിവരെയും ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്ന് ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഏറെക്കാലം പരിക്കിന്റെ പിടിയിലായിരുന്ന കെ എൽ രാഹുലിന് 15 അംഗ സ്ക്വാഡിൽ ഇടം പിടിക്കാൻ സാധിച്ചിട്ടുണ്ട്.

2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമ തന്നെയാണ് നായകനായുള്ളത്. ഒക്ടോബര്‍ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യ തങ്ങളുടെ ഏകദിന ലോകകപ്പ് ക്യാമ്പയിൻ ആരംഭിക്കുന്നത്. ഇന്ത്യയുടെ ബാറ്റിംഗ് നട്ടെല്ലായ ശുഭമാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവരും സ്ക്വാഡിൽ ഉൾപ്പെടുന്നുണ്ട്. ഇവർക്ക് ഒപ്പം രാഹുൽ, ഇഷാൻ കിഷൻ എന്നിവരെയാണ് ഇന്ത്യ വിക്കറ്റ് കീപ്പർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവർ ലോകകപ്പിൽ ഇന്ത്യയുടെ ഓൾറൗണ്ടർമാരായി മാറും. കുൽദീപ് യാദവ് മാത്രമാണ് സ്ക്വാഡിൽ സ്പെഷ്യലിസ്റ്റ് സ്പിന്നറായുള്ളത്.

ജസ്പ്രീറ്റ് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി, ശർദുൽ താക്കൂർ എന്നിവരെയാണ് ടീമിന്റെ പേസർമാരായി നിയോഗിച്ചിട്ടുള്ളത്. റിപ്പോർട്ടനുസരിച്ച് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത്ത് അഗാർക്കർ ശ്രീലങ്കയിലേക്ക് എത്തുകയായിരുന്നു. അവിടെവച്ച് നായകൻ രോഹിത് ശർമയേയും കോച്ച് രാഹുൽ ദ്രാവിഡിനെയും അഗാർക്കർ കണ്ടുമുട്ടി. ശേഷമാണ് ടീം തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ സംസാരിച്ചത്. രാഹുലിന്റെ ഫിറ്റ്നസ് സംബന്ധിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ അജിത്ത് അഗാർക്കർ മുൻപിലേക്ക് വെച്ചിരുന്നു. എന്നാൽ മെഡിക്കൽ ടീം രാഹുലിന്റെ നിലവിലെ ഫിറ്റ്നസ്സിൽ പച്ച കാർഡ് നൽകിയതോടെയാണ് സ്ക്വാഡിൽ ഉൾപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചത്.

ഏഷ്യാകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപനത്തിന് ഇടയിൽ തന്നെ അജിത് അഗാർക്കർ ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള സ്ക്വാഡിനെ സംബന്ധിച്ച് സൂചനകൾ നൽകിയിരുന്നു. ഏഷ്യാകപ്പിൽ തിരഞ്ഞെടുത്ത 18 അംഗ സ്ക്വാഡിൽ നിന്ന് മൂന്നു പേരെ ഒഴിവാക്കി 15 അംഗ സ്ക്വാഡ് നിർമിക്കാനാണ് തങ്ങളുടെ ശ്രമം എന്ന് അഗാർക്കർ പറയുകയുണ്ടായി. അതിൽ നിന്ന് യാതൊരു മാറ്റവും ഇല്ലാതെയാണ് ഇപ്പോൾ സ്ക്വാഡ് വിവരങ്ങൾ പുറത്തുവരുന്നത്. എന്നിരുന്നാലും മലയാളി താരം സഞ്ജു സാംസണ് ലോകകപ്പിൽ അവസരം ലഭിക്കാത്തത് ഒരുപാട് നിരാശ ഉണ്ടാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here