പാണ്ഡ്യ- കിഷൻ വെടിക്കെട്ടിൽ ഇന്ത്യൻ സ്കോർ 266. വിജയ പ്രതീക്ഷയിൽ ഇന്ത്യൻ പട.

പാക്കിസ്ഥാനെതിരായ ഏഷ്യകപ്പ് മത്സരത്തിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് ഇന്ത്യൻ നിര. ഇന്നിംഗ്സിന്റെ ആദ്യ സമയത്ത് ബാറ്റിംഗിൽ പതറിയെങ്കിലും പിന്നീട് അച്ചടക്കത്തോടെ മുൻപോട്ടു പോകാൻ ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തിൽ 266 എന്ന ഭേദപ്പെട്ട സ്കോറാണ് ഇന്ത്യ നേടിയത്. ഹർദിക് പാണ്ഡ്യയുടെയും ഇഷാൻ കിഷന്റെയും തകർപ്പൻ ബാറ്റിംഗ് മികവാണ് ഇന്ത്യയെ ഇത്തരം ഒരു സ്കോറിൽ എത്തിച്ചത്. എന്നിരുന്നാലും ശക്തമായ ബാറ്റിംഗ് നിരയുള്ള പാക്കിസ്ഥാനെ സംബന്ധിച്ച് മത്സരത്തിൽ വിജയ സാധ്യതയുണ്ട്.

ഹൈ വോൾട്ടേജ് മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നിംഗ്സിന്റെ ആദ്യ സമയങ്ങളിൽ പതിവുപോലെ പാകിസ്ഥാൻ ബോളർമാർക്ക് മുൻപിൽ ഇന്ത്യൻ മുൻനിര പതറുകയുണ്ടായി.

രോഹിത് ശർമ(11), ശുഭമാൻ ഗിൽ(10), വിരാട് കോഹ്ലി(4), ശ്രേയസ് അയ്യർ(14) എന്നിവർ ചെറിയ ഇടവേളയിൽ കൂടാരം കയറിയതോടെ ഇന്ത്യ മത്സരത്തിൽ പതറുകയാണ് എന്ന തോന്നലുണ്ടായി. പക്ഷേ പിന്നീട് ഇഷാൻ കിഷനും ഹർദിക് പാണ്ഡ്യയും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റുന്നതാണ് കണ്ടത്.

66ന് 4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഒരു വെടിക്കെട്ട് കൂട്ടുകെട്ടിലൂടെ ഇരുവരും ചേർന്ന് രക്ഷിക്കുകയായിരുന്നു. ഇഷാൻ കിഷൻ യാതൊരുവിധ സമ്മർദ്ദവുമില്ലാതെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റുവീശി. ഹർദിക് പാണ്ഡ്യ അല്പമൊന്ന് പതിഞ്ഞ താളത്തിൽ ക്രീസിൽ തുടർന്നെങ്കിലും കൃത്യമായ രീതിയിൽ റൺസ് ഉയർത്താൻ സാധിച്ചു.

ഇതോടെ സമ്മർദ്ദം തിരികെ പാക്കിസ്ഥാനിലേക്ക് എത്തുകയായിരുന്നു. മത്സരത്തിൽ ഇഷാൻ കിഷാൻ 81 പന്തുകളിൽ 9 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 82 റൺസാണ് നേടിയത്. പാണ്ഡ്യയും കിഷനും ചേർന്ന് അഞ്ചാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്കായി കെട്ടിപ്പടുത്തത്.

ഇഷാൻ കിഷൻ പുറത്തായ ശേഷവും ഹർദിക് പാണ്ഡ്യ തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തുടരുകയായിരുന്നു അവസാന ഓവറുകളിൽ പാണ്ഡ്യ കൂടുതൽ അപകടകാരിയായി മാറി. മത്സരത്തിൽ പാണ്ഡ്യ 90 പന്തുകളിൽ 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 87 റൺസ് ആയിരുന്നു നേടിയത്.

എന്നാൽ മത്സരത്തിന്റെ 44ആം ഓവറിൽ ഹർദിക് പാണ്ഡ്യയെ പുറത്താക്കി ഷാഹിൻ അഫ്രീദി പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ തുടർച്ചയായി വിക്കറ്റുകൾ വീണതോടെ ഇന്ത്യയുടെ വമ്പൻ സ്കോർ എന്ന ലക്ഷ്യം ഇല്ലാതാവുകയായിരുന്നു. എന്നിരുന്നാലും 266 എന്ന ഭേദപ്പെട്ട സ്കോറിൽ ഇന്നിങ്സ് ഫിനിഷ് ചെയ്യാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ബോളർമാർ കൂടി മികവ് പുലർത്തുകയാണെങ്കിൽ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം കാണാൻ സാധിക്കും.