കോഹ്ലിയുടെ റെക്കോർഡ് തൂത്തെറിഞ്ഞു. ഇഷാൻ കിഷൻ രണ്ടാമത്.

ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ ഒരു അവിസ്മരണീയ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ കാഴ്ചവച്ചത്. 25കാരനായ ഇഷാൻ മത്സരത്തിൽ അഞ്ചാമനായാണ് ക്രീസിലെത്തിയത് 48ന് 3 എന്ന നിലയിൽ തകർന്ന ഇന്ത്യയെ കൈപിടിച്ചു കയറ്റുകയായിരുന്നു ഈ സൂപ്പർ താരം. മത്സരത്തിൽ 81 പന്തുകളിൽ 82 റൺസാണ് ഇഷാൻ കിഷൻ നേടിയത്. മാത്രമല്ല ഹർദിക് പാണ്ഡ്യക്കൊപ്പം ചേർന്ന് 138 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് കെട്ടിപ്പടുക്കാനും കിഷന് സാധിച്ചു. ഈ പോരാട്ടവീര്യമായിരുന്നു ഇന്ത്യയ്ക്ക് മത്സരത്തിൽ ഭേദപ്പെട്ട സ്കോർ നൽകിയത്. ഈ ഇന്നിങ്സോടെ ഒരുപാട് റെക്കോർഡുകൾ സൃഷ്ടിക്കാനും ഇഷാൻ കിഷന് സാധിച്ചിട്ടുണ്ട്.

മത്സരത്തിൽ 82 റൺസ് നേടിയതോടുകൂടി വിരാട് കോഹ്ലിയുടെ ഒരു എലൈറ്റ് ക്ലബ് റെക്കോർഡാണ് ഇഷാൻ കിഷൻ മറികടന്നിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ തങ്ങളുടെ ആദ്യ 17 ഇന്നിങ്സുകളിൽ ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യൻ ബാറ്റർ എന്ന ലിസ്റ്റിൽ രണ്ടാം സ്ഥാനം കയ്യടക്കാൻ കിഷന് സാധിച്ചിട്ടുണ്ട്.

വിരാട് കോഹ്ലിയെ പിന്തള്ളിയാണ് ഇഷാൻ കിഷൻ ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനം കയ്യടക്കിയത്. 2008 ഓഗസ്റ്റ് 15ന് തന്റെ ഏകദിന അരങ്ങേറ്റം കുറിച്ച വിരാട് കോഹ്ലി ആദ്യ 17 ഇന്നിംഗ്സുകളിൽ നിന്ന് 757 റൺസായിരുന്നു നേടിയിരുന്നത്. ഇപ്പോൾ ഇഷാൻ കിഷൻ ഇത് മറികടന്നിരിക്കുകയാണ്. തന്റെ ഏകദിന കരിയറിലെ ആദ്യ 17 ഇന്നിംഗ്സുകളിൽ നിന്ന് ഇഷാൻ കിഷൻ നേടിയത് 776 റൺസാണ്. 48.5 ശരാശരിയിലാണ് ഇഷാൻ കിഷൻ ഈ റൺസ് അടിച്ചുകൂട്ടിയത്.

തന്റെ ഏകദിന കരിയറിൽ ഒരു തകർപ്പൻ ഡബിൾ സെഞ്ച്വറിയും 7 അർത്ഥസെഞ്ച്വറികളുമാണ് ഇഷാൻ കിഷൻ നേടിയിട്ടുള്ളത്. ഈ ലിസ്റ്റിൽ ശുഭമാൻ ഗിൽ മാത്രമാണ് ഇഷാൻ കിഷന് മുൻപിലുള്ളത്. ശുഭമാൻ ഗിൽ തന്റെ ഏകദിന കരിയറിലെ ആദ്യ 17 ഇന്നിങ്സുകളിൽ നിന്ന് 778 റൺസ് നേടുകയുണ്ടായി. ആദ്യ 17 ഇന്നിങ്സുകളിൽ നിന്ന് 750 റൺസ് സ്വന്തമാക്കിയ ശ്രേയര്‍ അയ്യർ ഈ എലൈറ്റ് ക്ലബ്ബിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു. എന്നിരുന്നാലും ഈ താരങ്ങളിൽ 105ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ ഇത്രയധികം റൺസ് നേടിയിട്ടുള്ള ഏക താരം ഇഷാൻ കിഷൻ മാത്രമാണ്.

ഇതിനൊപ്പം മഹേന്ദ്ര സിംഗ് ധോണിയുടെ ഒരു തകർപ്പൻ റെക്കോർഡ് തകർക്കാനും ഇഷാൻ കിഷന് സാധിച്ചിട്ടുണ്ട്. ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡാണ് കിഷൻ സ്വന്തമാക്കിയത്. മുൻപ് മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ഏഷ്യാകപ്പിന്റെ 2008 എഡിഷനിൽ പാക്കിസ്ഥാനെതിരെ 76 റൺസ് സ്വന്തമാക്കാൻ മഹേന്ദ്ര സിംഗ് ധോണിക്ക് സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ 82 റൺസ് നേടി ഇഷാൻ കിഷൻ ഇത് മറികടന്നിരിക്കുകയാണ്. വരും മത്സരങ്ങളിലും ഇഷാൻ കിഷൻ ഈ ഫോം തുടരുമെന്ന് പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.