സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരവും വിജയിച്ച് ഇന്ത്യ സീരീസ് സ്വന്തമാക്കി. 162 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 25.4 ഓവറില്‍ വിജയം കണ്ടെത്തി. 39 പന്തില്‍ 3 ഫോറും 4 സിക്സും സഹിതം 43 റണ്‍സ് നേടിയ സഞ്ചുവായിരുന്നു ടോപ്പ് സ്കോറര്‍. വിക്കറ്റിനു പുറകില്‍ 3 ക്യാച്ചുകളുമായി ഗംഭീര പ്രകടനമാണ് സഞ്ചു കാഴ്ച്ചവച്ചത്.
തകര്‍പ്പന്‍ പ്രകടനത്തോടെ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് മലയാളി താരത്തിനു ലഭിച്ചു. ഇതാദ്യമായാണ് ഏകദിനത്തിൽ സിംബാബ്‌വെയിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്നത്. 1992 മുതൽ 33 ഏകദിന മത്സരങ്ങൾ സിംബാബ്‌വെയിൽ കളിച്ചിട്ടുണ്ടെങ്കിലും മറ്റൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർക്കും സിംബാബ്‌വെയിൽ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടുവാൻ സാധിച്ചിരുന്നില്ല.
1 റണ്‍ വേണമെന്നിരിക്കെ സിക്സടിച്ചാണ് സഞ്ചു സാംസണ്‍ ഫിനിഷ് ചെയ്തത്. സഞ്ചൂ….സഞ്ചൂ….എന്ന് ആര്‍ത്തു വിളിച്ച കാണികളെ നിരാരാക്കാന്‍ സഞ്ചുവിന് സാധ്യമായിരുന്നില്ലാ. ഇന്നസെന്‍റെ കൈയയുടെ പന്ത് ലോങ്ങ് ഓണില്‍ കൂറ്റന്‍ സിക്സടിച്ചാണ് മത്സരം ഫിനിഷ് ചെയ്തത്.
7 വര്‍ഷം മുന്‍പ് ഫിനിഷ് ചെയ്യാന്‍ കഴിയാതിരുന്നതാണ് സഞ്ചു സാംസണ്‍ എന്ന് ചെയ്തത്. ഇന്ന് മത്സരം നടന്ന ഹരാരയില്‍ തന്നെയായിരുന്നു, സഞ്ചു സാംസണിന്‍റെ അരങ്ങേറ്റ ടി20 മത്സരം. 2015 ആഗസ്റ്റില്‍ നടന്ന മത്സരത്തില്‍ സിംബാബ്‌വെ ഉയര്‍ത്തിയ 146 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 10 റണ്‍ അകലെ എത്താനേ കഴിഞ്ഞുള്ളു.
അന്ന് ഏഴാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജു 24 പന്തില്‍ 19 റണ്‍സെടുത്ത് മടങ്ങി. അന്ന് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ലാ. മലയാളി താരം പുറത്താവുമ്പോള്‍ ഇന്ത്യക്ക് 29 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായി പ്ലേയര്‍ ഓഫ് ദ് മാച്ചായതിനൊപ്പം കരിയറില്‍ ആദ്യമായി ഇന്ത്യയുടെ വിജയറണ്ണും സിംബാബ്‌വെ മണ്ണില്‍ സഞ്ജു സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നു.