രോഹിത് ശർമ്മയുടെ കഴിവിൽ ക്രിക്കറ്റ് പ്രേമികൾക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷെ പലപ്പോഴും രോഹിത്തിന് മാത്രമായിരുന്നു സംശയം. അത് താൻ അധീശത്വം പുലർത്തുന്ന നിയന്ത്രിത ഓവർ മത്സരങ്ങളിൽ പോലും ആദ്യകാലത്ത് കണ്ടിരുന്നു. അതിനോടൊപ്പം തന്നെ വലിയ ലക്ഷ്യം മനസിൽ വെക്കാത്തത് പോലുള്ള അലസ സമീപനവും അയാളിലെ പ്രതിഭയെ രാകി മിനുക്കിയെടുക്കുന്നതിന് ഒരു തടസ്സമായിരുന്നു.
ഒടുവിൽ തന്നിലെ മധ്യ നിരക്കാരന് ഒരു ചരിത്ര നിയോഗം പോലെ ഓപ്പണിംഗ് പൊസിഷൻ ലഭിക്കുകയും പിന്നീട് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാൻ എന്ന നിലയിലേക്ക് വളർന്നപ്പോഴും അയാളിലെ പ്രതിഭയെ സംശയിക്കുവാൻ റെഡ് ബോളിലെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങളായിരുന്നു.
ഏതൊരു ബാറ്റ്സ്മാനും ഇതിഹാസമായി വാഴ്ത്തപ്പെടണമെങ്കിൽ അതിൻ്റെ നിലവാരം ടെസ്റ്റ് ക്രിക്കറ്റാണെന്ന തിരിച്ചറിവ് കിട്ടുമ്പോഴും മധ്യനിരയിലെ അവസാനക്കാരനായി തിളങ്ങുവാൻ ,പ്രത്യേകിച്ചും വിദേശപിച്ചുകളിൽ, അയാൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ അയാളെ വെറും ഒരു ഷോർട്ടർഫോർമാറ്റ് ലെഗൻ്റ്മാത്രമായി തരംതാഴ്ത്തപ്പെടുമെന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്ത് വീണ്ടും അടുത്ത ചരിത്ര നിയോഗം ആവർത്തിച്ചു വരികയാണെന്ന് സമീപകാല പ്രകടനങ്ങൾ പറയുന്നു.
തന്നെ ഇതിഹാസമാക്കിയ പരിമിത ഓവർ ക്രിക്കറ്റിലെ പുതിയ വേഷം 32 ആം വയസിൽ അയാൾക്ക് ലഭിക്കുമ്പോൾ സമയം ഒരു പാട് കഴിഞ്ഞിരുന്നു. അപ്പോൾ അയാൾക്ക് ടെസ്റ്റ് കളിക്കാൻ പറ്റുമോ അല്ലെങ്കിൽ സ്വിങ് പന്തുകൾ അയാളെ ചതിക്കുമോ എന്ന ആശങ്കക്കിടയും ടെസ്റ്റ് ക്രിക്കറ്റിൻ്റെ ഇന്നേ വരെയുള്ള ചരിത്രത്തിൽ ഒരു ഓപ്പണറായി അരങ്ങേറ്റം കുറിച്ച 2 ഇന്നിങ്ങ്സിലും സെഞ്ചുറി എന്ന നേട്ടം അയാളുടെ പേരിലേക്ക് ചാർത്തപ്പെടുന്നത് കണ്ടു.
രോഹിത്തിന് മുന്നിൽ കടമ്പകൾ ഒരു പാടുണ്ടായിരുന്നു. ഷോർട്ടർഫോർമാറ്റിൽ ഒരറ്റത്ത് സേഫ് ആയിരിക്കുമ്പോഴും ടെസ്റ്റ് ക്രിക്കറ്റിൽ ധവാനും രാഹുലും അഗർവാളും പൃഥ്വിഷായും അയാൾക്കൊരു വെല്ലുവിളി തന്നെയായിരുന്നു. അതു കൊണ്ട് തന്നെ കഴിഞ്ഞ ഓസീസ് പര്യടനം അയാൾക്ക് കഴിവ് തെളിയിക്കാനുള്ള അവസാന അവസരമായിരുന്നു.
രോഹിത് തന്റെ ബാറ്റിങ്ങിൻ്റെ ശൈലി പൊളിച്ചെഴുതുകയായിരുന്നു. ആസ്ട്രേലിയയിൽ പിടിച്ചു നിന്ന് കളിച്ച് ചെറിയ ചെറിയ ഇന്നിങ്ങ്സുകളിലൂടെ വളർന്ന് ഇംഗ്ലണ്ടിനെതിരായ ഹോം സീരീസിൽ ദുഷ്കരമായ പിച്ചിൽ പലപ്പോഴും ടീമിൻ്റെ ഭാഗധേയം പോലും നിർണയിക്കാൻ കഴിഞ്ഞു.
ഒടുവിൽ അയാളിലെ ടെസ്റ്റ് കളിക്കാരനെ വിലയിരുത്താനുള്ള അവസാന അവസരം ഇംഗ്ളീഷ് സാഹചര്യത്തിലേക്ക് വന്നപ്പോൾ അവിടെയും അയാൾ വിജയിച്ചു കൊണ്ടിരിക്കുന്നു. തൻ്റെ എല്ലാ പ്രിയപ്പെട്ട കാര്യങ്ങളും മാറ്റി വെച്ച് തൻ്റെ ആക്രമണത്വരകളെ ത്യജിച്ച് കഴിഞ്ഞ 3 ടെസ്റ്റുകളിലും അയാൾ ഒരറ്റം കാക്കുകയായിരുന്നു. ചേതേശ്വർ പൂജാരയേക്കാളും വലിയ മതിൽ തീർക്കുന്ന രോഹിത്തിൻ്റെ ട്രാൻസിഷൻ സത്യത്തിൽ ഒരത്ഭുതം തന്നെയാണ് .
അപ്പഴും ഒരു കുറവ് അയാളെ വേട്ടയാടുന്നുണ്ടായിരുന്നു. ഒരു സെഞ്ചുറി .നല്ല തുടക്കം കിട്ടിയിട്ടും മോശം ഷോട്ടുകൾ കളിച്ച് സ്വപ്നങ്ങളെ നഷ്ടപ്പെടുത്തിയ രോഹിത് ഒടുവിൽ ആ സ്വപ്ന സെഞ്ചുറിയും നേടിക്കഴിഞ്ഞു. അതും തനിക്ക് അപ്രാപ്യമെന്ന് കരുതിയ ഇംഗ്ളീഷ് മണ്ണിൽ
രോഹിത്തിന് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു പാട് വർഷങ്ങൾ നഷ്ടപ്പെട്ടു കഴിഞ്ഞു.നേടേണ്ട കരിയർ റൺസിൻ്റെ പകുതിയോളം മാത്രമേ 34 ആം വയസിൽ അയാൾക്ക് നേടാൻ പറ്റിയിട്ടുള്ളു .എങ്കിലും പ്രതീക്ഷകൾ കാത്ത് അയാൾ മുന്നേറുകയാണ്. ടെസ്റ്റ് സ്പെഷ്യലിസ്റ്റുമാരായ പൂജാരയും രഹാനെയും അടക്കമുള്ളവർക്ക് ടീമിലെ സ്ഥാനം പോലും ഭീഷണിയായ സാഹചര്യത്തിൽ അയാൾ കിങ് കോലിയെ പോലും റാങ്കിങ്ങിൽ മറികടക്കുന്ന അപൂർവതക്ക് കൂടി സാക്ഷിയാകുകയാണ്.
ഈ സെഞ്ചുറി അയാൾക്കൊരു ഉൽപ്രേരകമാകും എന്നതിൽ സംശയമില്ല. കരിയർ അവസാനിക്കുമ്പോഴേക്കും ടെസ്റ്റ് ക്രിക്കറ്റിലെയും മികച്ചവൻ എന്ന രീതിയിൽ രോഹിത് അറിയപ്പെടുന്നില്ലെങ്കിൽ അയാളേക്കാൾ നഷ്ടം ഇന്ത്യൻ ക്രിക്കറ്റിനായിരിക്കും .
3000 ടെസ്റ്റ് റൺസുകൾക്ക് പിന്നാലെ രാജകീയ ശൈലിയിൽ സിക്സർ പറത്തി രോഹിത് സെഞ്ചുറി നേടിയപ്പോഴും 200 ലധികം പന്തുകൾ നേരിട്ടു എന്നത് പറയും അയാളിലെ മനോഭാവം മാറ്റിയ ടെസ്റ്റ് ക്രിക്കറ്ററെ
എഴുതിയത് – Dhanesh Damodaran