ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസിന്റെ ആവേശം പോരാട്ടം. വൈകിട്ട് 7.30ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസിനെയാണ് നേരിടുന്നത്. ആദ്യ മത്സരങ്ങളിൽ പരാജയം നേരിട്ട് ടൂർണമെന്റിലേക്ക് വന്ന മുംബൈ ഇന്ത്യൻസ്, ശേഷം തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിച്ചിരുന്നു. എന്നാൽ അവസാന രണ്ട് മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങി പ്രതിസന്ധി നിലയിൽ തന്നെയാണ് മുംബൈ ഇപ്പോഴും. ഈ സാഹചര്യത്തിലാണ് മുംബൈ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടുന്നത്.
നിലവിൽ രാജസ്ഥാൻ റോയൽസ് ടൂർണ്ണമെന്റിൽ ശക്തമായ നിലയിൽ തന്നെയാണ് നിൽക്കുന്നത്. ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 10 പോയിന്റുകളുമായി രാജസ്ഥാൻ മുൻപിൽ തന്നെയുണ്ട്. മാത്രമല്ല കഴിഞ്ഞ 3-4 വർഷത്തെ റെക്കോർഡുകൾ പരിശോധിച്ചാൽ മുംബൈ ഇന്ത്യൻസിനെതിരെ കൃത്യമായ ആധിപത്യം സ്ഥാപിക്കാനും രാജസ്ഥാന് സാധിച്ചിട്ടുണ്ട് എന്ന് വ്യക്തമാകും. ഇത്തവണത്തെ മുംബൈ ബോളിങ്ങ് നിരയിലെ പരിചയസമ്പന്നതക്കുറവും രാജസ്ഥാൻ ബാറ്റർമാരുടെ ഫോമും മത്സരത്തിൽ നിർണായ ഘടകമായി മാറും എന്നതിൽ സംശയമില്ല. എന്തായാലും ബാറ്റിംഗ് പറുദീസയായ വാങ്കടയിൽ ഒരു ഹൈസ്കോറിഗ് മത്സരം തന്നെയാണ് ഞായറാഴ്ച പ്രതീക്ഷിക്കുന്നത്.
പ്രധാനമായും മുംബൈയുടെ പരിചയസമ്പന്നതയില്ലാത്ത ബോളിങ് നിരയും, രാജസ്ഥാന്റെ തകർപ്പൻ ബാറ്റിംഗ് നിരയും തമ്മിലാവും മത്സരത്തിൽ പോരാട്ടം നയിക്കുക. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ വിജയം നേടിയതിനാൽ തന്നെ രാജസ്ഥാൻ തങ്ങളുടെ ടീമിൽ മാറ്റം വരുത്താൻ സാധ്യതയില്ല. കഴിഞ്ഞ മത്സരത്തിൽ മൂന്നാമനായിയായിരുന്നു സഞ്ജു സാംസൺ ക്രീസിലെത്തിയത്. മുംബൈയ്ക്കെതിരെയും അതുതന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും ജയ്സൺ ഹോൾഡറെ ഒരു ബാറ്റർ എന്ന നിലയ്ക്ക് ഇതുവരെ രാജസ്ഥാൻ ഉപയോഗിച്ചിട്ടില്ല എന്നത് ഒരു വിമർശനമായി തന്നെ നിൽക്കുന്നുണ്ട്. മാത്രമല്ല സ്റ്റാർ പേസർ ബോൾട്ടിന് പരിക്കേറ്റത് രാജസ്ഥാനിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നിരുന്നാലും കഴിഞ്ഞ മത്സരത്തിലെ ബോളിംഗ് പ്രകടനം രാജസ്ഥാന് ആവേശം നൽകുന്നതു തന്നെയാണ്.
മറുവശത്ത് ഏറ്റക്കുറച്ചിലുകളുടെ ഒരു സീസനാണ് മുംബൈ ഇന്ത്യൻസിന് വീണ്ടും വന്നു ചേർന്നിരിക്കുന്നത്. ശക്തമായ ബാറ്റിംഗ് നിര തന്നെയാണ് മുംബൈയുടെ കരുത്തായിയുള്ളത്. എന്നാൽ ബോളിംഗിൽ യാതൊരു തരത്തിലും മുൻപിലേക്ക് എത്താൻ മുംബൈയ്ക്ക് സാധിക്കുന്നില്ല. ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർട്ട്മെന്റിലും സ്പിൻ വിഭാഗത്തിലും മുംബൈ ഇന്ത്യൻസിന് ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ വാങ്കടെ സ്റ്റേഡിയത്തിൽ ഇതൊക്കെയും മറികടന്ന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിനെതിരെ കൃത്യമായ വിജയം നേടി ടൂർണമെന്റിലേക്ക് വലിയൊരു തിരിച്ചു വരാൻ നടത്താനുള്ള ശ്രമത്തിലാണ് മുംബൈ ഇന്ത്യൻസ്.