അവൻ ഉടനെ തന്നെ ഇന്ത്യൻ ടീമിലെത്തും. യുവതാരത്തിന്റെ ഭാവി പ്രവചിച്ച് ഹസി.

2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച മധ്യനിര ബാറ്റർമാരിൽ ഒരാളാണ് കൊൽക്കത്തയുടെ താരം റിങ്കു സിംഗ്. കഴിഞ്ഞ സീസണുകളിലൊക്കെയും കൊൽക്കത്തയുടെ ടീമിൽ അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അത് മുതലെടുക്കാൻ പലപ്പോഴും റിങ്കുവിന് സാധിച്ചിരുന്നില്ല. മാത്രമല്ല സ്ഥിരമായി ടീമിൽ ഇടം കണ്ടെത്തുന്നതിലും റിങ്കു പരാജയപ്പെട്ടിരുന്നു. എന്നാൽ 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരുമ്പോൾ ഇതിനെയെല്ലാം മറികടന്ന് ഒരു വെടിക്കെട്ട് പ്രകടനം തന്നെയാണ് റിങ്കൂ സിംഗ് കാഴ്ചവെച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ റിങ്കൂ സിങ്ങിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് ഹസി.

റിങ്കു സിംഗ് ഒരു അവിസ്മരണീയനായ ക്രിക്കറ്ററാണെന്നും, അദ്ദേഹം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നുണ്ട് എന്നും ഹസി പറയുകയുണ്ടായി. “റിങ്കു ഒരു അസാമാന്യ ക്രിക്കറ്റർ തന്നെയാണ്. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമൊക്കെ മികച്ച പ്രകടനങ്ങൾ തന്നെ റിങ്കു സിംഗ് കാഴ്ചവയ്ക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അയാളുടെ ആത്മവിശ്വാസം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട് എന്നതാണ്. അങ്ങനെയാണ് അയാൾ ഇപ്പോൾ വളരുന്നത്. റിങ്കുവിന് ഉടൻതന്നെ ഇന്ത്യൻ ടീമിനായി കളിക്കാൻ സാധിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”- ഡേവിഡ് ഹസി പറഞ്ഞു.

നിലവിൽ കൊൽക്കത്ത ടീമിനായി വളരെ മികച്ച പ്രകടനങ്ങൾ തന്നെയാണ് റിങ്കു കാഴ്ചവയ്ക്കുന്നത്. ഈ സീസണിൽ കൊൽക്കത്തയുടെ രണ്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനാണ് റിങ്കു സിംഗ്. ഇതുവരെ കൊൽക്കത്തക്കായി 2 അര്‍ധ സെഞ്ച്വറികൾ നേടുകയുണ്ടായി. ഒപ്പം ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ റിങ്കുവിന്റെ ഫിനിഷിംഗ് ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ എഴുതി ചേർക്കപ്പെട്ടിട്ടുണ്ട്. മത്സരത്തിലെ അവസാന അഞ്ചു പന്തുകളിൽ യാഷ് ദയാലിനെ സിക്സർ പായിച്ചായിരുന്നു റിങ്കു അൽഭുതം കാട്ടിയത്.

image 8

ഇതുവരെ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ൽ എട്ട് മത്സരങ്ങളിൽ നിന്ന് 251 റൺസ് റിങ്കു സിംഗ് നേടി കഴിഞ്ഞിട്ടുണ്ട്. 62.75 ആണ് റിങ്കുവിന്റെ 2023 ഐപിഎല്ലിലെ ശരാശരി. 158.86 ആണ് റിങ്കുവിന്റെ സ്ട്രൈക്ക് റേറ്റ്. നിലവിൽ കൊൽക്കത്ത ടീമിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ് റിങ്കു നിൽക്കുന്നത്. ഒന്നാം സ്ഥാനത്ത് കൊൽക്കത്തയുടെ മുൻനിര ബാറ്റരായ വെങ്കിടേഷ് അയ്യർ 286 റൺസുമായി നിൽക്കുകയാണ്. എന്തായാലും ഇന്ത്യൻ പ്രീമിയർ ലീഗൽ വലിയൊരു തിരിച്ചുവരവ് തന്നെയാണ് റിങ്കു സിങ് ഈ സീസണിൽ നടത്തിയിരിക്കുന്നത്. ഈ പ്രകടനത്തിന്റെ ബലത്തിൽ റിങ്കു ദേശീയ ടീമിൽ ഇടം കണ്ടെത്തും എന്ന് പ്രതീക്ഷയിലാണ് ആരാധകർ.