സാള്‍ട്ടിന്‍റെയും മാര്‍ഷിന്‍റെയും പ്രകടനം രക്ഷപ്പെടുത്തിയില്ലാ. ഡല്‍ഹിയുടെ തോല്‍വി 9 റൺസിന്.

ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഒരുഗ്രൻ തിരിച്ചുവരവ്. നിർണായകമായ മത്സരത്തിൽ 9 റൺസിന്റെ വിജയമാണ് സൺറൈസേഴ്സ് നേടിയത്. അഭിഷേക് ശർമയുടെയും ക്ലാസന്റെയും തകർപ്പൻ ബാറ്റിംഗ് മികവും ഡെത്ത് ഓവർ ബോളർമാരുടെ കൃത്യതയുമാണ് മത്സരത്തിൽ സൺറൈസേഴ്സിന്റെ വിജയത്തിൽ പ്രധാന പങ്കായി മാറിയത്. ടൂർണമെന്റ്ലെ ഹൈദരാബാദിന്റെ മൂന്നാം വിജയമാണിത്. ഇതോടെ പോയിന്റ്സ് ടേബിളിൽ ഒരു കുതിച്ചുചാട്ടം നടത്താൻ സൺറൈസേഴ്സിന് സാധിച്ചിട്ടുണ്ട്.

ഡൽഹിയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് ഓപ്പണർ അഭിഷേക് ശർമ തകർപ്പൻ തുടക്കം തന്നെയാണ് നൽകിയത്. മായങ്ക് അഗർവാൾ(5) തുടക്കത്തിലെ മടങ്ങിയെങ്കിലും അഭിഷേക് ശർമ ഒരു വശത്ത് ക്രീസിൽ ഉറക്കുകയായിരുന്നു. മറുവശത്ത് വിക്കറ്റുകൾ തുരുതുരാ വീണപ്പോഴും അഭിഷേക് തന്റെ ആക്രമണം തുടർന്നു. വമ്പൻമാരായ ത്രിപാതി(10) മാക്രം(8) ഹാരി ബ്രുക്ക്(0) എന്നിവർ ഞൊടിയിടയിൽ കൂടാരം കയറിയപ്പോൾ അഭിഷേക് ശർമ ഒരു വശത്ത് ആളിക്കത്തുന്നതാണ് കണ്ടത്.

Fu461jwaQAEZfhU

മത്സരത്തിൽ 36 പന്തുകളിൽ 67 റൺസ് ആണ് അഭിഷേക് നേടിയത്. ഇന്നിംഗ്സിൽ 12 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. അഭിഷേക് കൂടാരം കയറിയശേഷം ഹൈദരാബാദ് 109ന് 5 എന്ന നിലയിൽ തകരുന്നതാണ് കണ്ടത്. പക്ഷേ അവിടെ നിന്ന് ഹെൻട്രിച്ച് ക്ലാസൻ ഹൈദരാബാദിനെ ഉയർത്തിക്കൊണ്ടു വരികയായിരുന്നു. മത്സരത്തിൽ 27 പന്തുകളിൽ 53 റൺസാണ് ക്ലാസൻ നേടിയത്. ഈ ഇന്നിംഗ്സിന്റെ ബലത്തിൽ മികച്ച ഒരു ഫിനിഷിംഗ് നടത്താൻ ഹൈദരാബാദിന് സാധിച്ചു. നിശ്ചിത 20 ഓവറുകളിൽ 197 റൺസായിരുന്നു ഹൈദരാബാദ് നേടിയത്.

Fu5WhUjakAAkigy

മറുപടി ബാറ്റിംഗിൽ ഒരു ഷോക്കോട് കൂടിയാണ് ഡൽഹിയുടെ ഇന്നിംഗ്സ് ആരംഭിച്ചത്. നായകൻ ഡേവിഡ് വാർണറെ(0) രണ്ടാം പന്തിൽ തന്നെ ഭുവനേശ്വർ കുമാർ പുറത്താക്കുകയുണ്ടായി. എന്നാൽ രണ്ടാം വിക്കറ്റിൽ സോൾട്ടും മിച്ചൽ മാർഷും ചേർന്ന് ഒരു തകർപ്പൻ കൂട്ടുകെട്ട് ഡൽഹിക്കായി കെട്ടിപ്പടുക്കുകയുണ്ടായി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 112 റൺസാണ് കൂട്ടിച്ചേർത്തത്. മിച്ചൻ മാർഷ് 39 പന്തുകളിൽ 63 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ ഒരു ബൗണ്ടറിയും 6 സിക്സറുകളുമാണ് ഉൾപ്പെട്ടത്. ഫിൽ സോൾട്ട് 35 പന്തുകളിൽ 59 റൺസ് നേടി. എന്നാൽ ചെറിയ ഇടവേളയിൽ തന്നെ ഇരുവരും കൂടാരം കയറിയത് ഡൽഹിയെ ബാധിച്ചു.

മധ്യ ഓവറുകളിൽ ഡൽഹിക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. അതോടെ ഡൽഹിയുടെ റൺ റൈറ്റും കുറയാൻ തുടങ്ങി. അവസാന നാല് ഓവറുകളിൽ 57 റൺസായിരുന്നു ഡൽഹിക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. അക്ഷർ പട്ടേൽ(29) മത്സരത്തിലെ വിജയത്തിനായി കഠിന പ്രയത്നം നടത്തി. എന്നാൽ സൺറൈസേഴ്സ് നിരയിൽ നടരാജനും ഭുവനേശ്വർ കുമാറും കൃത്യതയോടെ യോർക്കറുകൾ എറിഞ്ഞതോടെ മത്സരത്തിൽ ഡൽഹി പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഹൈദരാബാദിന്റെ ഈ സീസണിലെ മൂന്നാം വിജയമാണ് മത്സരത്തിൽ പിറന്നത്.