അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഒരു ആൾറൗണ്ടർ എന്നൊരു വിശേഷണം സ്വന്തമാക്കിയ താരമാണ് ഹാർദിക് പാണ്ട്യ. തന്റെ ബാറ്റിങ്, ബൗളിംഗ് മികവ് കൊണ്ട് അനേകം മത്സരങ്ങളിൽ ടീമിന് ജയം സമ്മാനിച്ചിട്ടുള്ള ഹാർദിക് പക്ഷേ തന്റെ കരിയറിലെ തന്നെ ഒരു മോശം കാലയളവിൽ കൂടിയാണ് ഇപ്പോൾ കടന്നുപോകുന്നത് പരിക്കും ഒപ്പം മോശം ഫോമും കാരണം ടീമിൽ നിന്നും തന്നെ പുറത്തായ താരം തന്റെ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്.
വിജയ് ഹസാരെ ട്രോഫിയിൽ നിന്നും വിട്ടുനിന്ന താരം നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലാണ് നിലവിലുള്ളത്. വരുന്ന സൗത്താഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയിൽ ഹാർദിക്കിന് അവസരം ലഭിച്ചേക്കില്ല എന്നുള്ള എല്ലാ റിപ്പോർട്ടുകളും പുറത്തുവരുമ്പോൾ സ്റ്റാർ ആൾറൗണ്ടർക്ക് പകരം താരത്തെ ഇന്ത്യൻ ടീമിന് ലഭിച്ചതായി പറയുകയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം സാംബ കരീം
ഹാർദിക് പാണ്ട്യക്ക് പകരക്കാരനായി മികച്ച ഒരു താരത്തെ ഇന്ത്യൻ ടീമിന് ഇതിനകം ലഭിച്ചതായി പറഞ്ഞ സാംബ കരീം ഒരിക്കലും ഹാർദിക്കിന്റെ അഭാവം ടീം ഇന്ത്യക്ക് തിരിച്ചടിയാകില്ലെന്നും പറഞ്ഞു.” ഇന്ത്യൻ ക്രിക്കറ്റിന് കഴിഞ്ഞ കുറച്ചധികം മാസങ്ങളായി അനേകം മികച്ച താരങ്ങളെ ലഭിക്കുന്നുണ്ട്. നാം വെങ്കടേഷ് അയ്യരുടെ പ്രകടനം നോക്കിയാൽ അയാൾ ഹാർദിക്ക് പാണ്ട്യക്ക് വളരെ കൃത്യമായ ഒരു പകരക്കാരനാണെന്നുള്ള കാര്യം വ്യക്തമാകും. കൂടാതെ എല്ലാവിധ മികവിനാലും ഹാർദിക്ക് പാണ്ട്യയുടെ അഭാവം അയാൾ നികത്തും “മുൻ താരം പറഞ്ഞു.
“മധ്യപ്രദേശ് ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന വെങ്കടേഷ് അയ്യർ, മഹാരാഷ്ട്രക്കായി തിളങ്ങുന്ന ഋതുരാജ് ഗെയ്ക്ഗ്വാദ് എന്നിവർ വൈകാതെ ഇന്ത്യൻ ടീമിനായി കളിക്കണം. അവർ മികച്ച പ്രകടനത്താൽ ഇന്ത്യൻ ടീമിലേക്ക് സ്ഥാനം അർഹിക്കുന്നുണ്ട്.2023ലെ ഏകദിന ലോകകപ്പ് മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകൾ നമ്മൾ ഇതിനകം തന്നെ ആരംഭിക്കുകയാണെൽ ഉറപ്പായും ഈ 2 താരങ്ങൾ ടീമിലേക്ക് ഉടൻ എത്തണം. കൂടാതെ അവർ ഇരുവർക്കും വ്യത്യസ്ത സാഹചര്യങ്ങളിൽ അവസരങ്ങൾ കൂടി നൽകേണ്ടത് ടീം മാനേജ്മെന്റിന്‍റെ ബാധ്യത തന്നെയാണ് “സാംബ കരീം അഭിപ്രായപ്പെട്ടു.