7 നീണ്ട വർഷങ്ങൾക്ക് ശേഷമാണ് പാക്കിസ്ഥാൻ ടീം ലോകകപ്പിനായി ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യയിലേക്ക് എത്തിയത് മുതൽ വമ്പൻ സ്വീകരണമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. ഇക്കാര്യത്തിൽ തന്റെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ നായകൻ ബാബർ ആസാം. ഇന്ത്യയിൽ ലഭിച്ച സ്വീകരണങ്ങൾ തങ്ങൾക്ക് അങ്ങേയറ്റം ആഹ്ലാദം നൽകുന്നതാണ് എന്നാണ് ആസം പറയുന്നത്. ഹൈദരാബാദിലെത്തിയത് മുതൽ ആളുകൾ നൽകിയ സ്വീകരണവും, പരിശീലന മത്സരത്തിന് നൽകിയ പിന്തുണയും ടീമിന് പുത്തനുണർവ്വ് നൽകി എന്ന് ആസാം പറയുന്നു.
“വളരെ വലിയ സൗകര്യങ്ങൾ തന്നെയാണ് ഞങ്ങളുടെ ടീമിനായി ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇത്തരത്തിൽ ഒരു സ്വീകരണം ഞങ്ങൾ യാതൊരു തരത്തിലും പ്രതീക്ഷിച്ചിരുന്നില്ല. ഇവിടെ ആളുകൾ എല്ലാവരും വളരെ നല്ല പ്രതികരണങ്ങളാണ് ഞങ്ങളുടെ ടീമിനോട് നടത്തിയിരിക്കുന്നത്. ടീമംഗങ്ങൾ എല്ലാവരും ഈ പിന്തുണ ആസ്വദിക്കുന്നുണ്ട്.
ഞങ്ങളിപ്പോൾ ഹൈദരാബാദിലെത്തിയിട്ട് ഒരാഴ്ചയാവുന്നു. എന്നിരുന്നാലും ഇപ്പോൾ ഇന്ത്യയിലാണ് എന്ന തോന്നൽ ഞങ്ങൾക്കില്ല. ഇത് ഞങ്ങളുടെ നാടു പോലെയാണ് തോന്നുന്നത്. ടീമിലുള്ള എല്ലാവർക്കും 100% ആത്മാർത്ഥത കാട്ടി വിജയം നേടാനുള്ള അവസരം കൂടിയാണിത്. മാത്രമല്ല ടൂർണമെന്റ് അങ്ങേയറ്റം ആസ്വദിക്കുക എന്ന ലക്ഷ്യവും ടീമംഗങ്ങൾക്കുണ്ട്.”- ആസം പറയുന്നു.
2016 ലോകകപ്പിന്റെ സമയത്തായിരുന്നു അവസാനമായി പാക്കിസ്ഥാൻ ഇന്ത്യയിലേക്ക് എത്തിയത്. മാത്രമല്ല ഒരുപാട് താരങ്ങളെ സംബന്ധിച്ച് അവരുടെ ഇന്ത്യയിലേക്കുള്ള ആദ്യ വരവ് കൂടിയാണ് ഇത്. “ഞങ്ങൾ ഹൈദരാബാദിലാണ് വന്നിറങ്ങിയത്. എയർപോർട്ട് മുതൽ ഹോട്ടൽ വരെ ആളുകൾ ഞങ്ങൾക്ക് തന്ന സ്വീകരണം അതിഗംഭീരമായിരുന്നു.
മാത്രമല്ല കഴിഞ്ഞ പരിശീലന മത്സരത്തിലും വലിയ പിന്തുണ ലഭിച്ചു. ഇതൊക്കെയും ഞങ്ങൾക്ക് നല്ല സന്തോഷം നൽകുന്നുണ്ട്. എന്നിരുന്നാലും ഞങ്ങളുടെ ആരാധകർക്ക് കൂടി ഇവിടെയെത്താൻ സാധിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിക്കുന്നു. പക്ഷേ ഇവിടെ എല്ലാം മത്സരത്തിലും നല്ല പിന്തുണ ലഭിക്കും എന്നാണ് ഞാൻ കരുതുന്നത്.”- ആസം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ മൈതാനത്തിറങ്ങുമ്പോൾ ഉള്ള സമ്മർദ്ദത്തെ പറ്റിയും ആസാം സംസാരിക്കുകയുണ്ടായി. “നിലവിൽ ഞങ്ങൾക്ക് അത്തരം സമ്മർദ്ദങ്ങൾ ഒന്നുമില്ല. ഇന്ത്യയിലെ സാഹചര്യങ്ങൾ പാക്കിസ്ഥാനിലെതിന് സമാനമാണ്. ബൗണ്ടറികളുടെ ദൈർഘ്യത്തിലും മറ്റുമാണ് വ്യത്യാസമുള്ളത്. ബോളർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ പിഴവുകൾ മത്സരഫലത്തെ ബാധിക്കും.
ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളിലൊക്കെ വലിയ സ്കോറുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതിനനുസരിച്ച് ടീം മാറേണ്ടതുണ്ട്. ഞങ്ങളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഞങ്ങൾ ഇവിടെ കളിക്കണം. ടീമിന്റെ ബോളിഗ് ഏറ്റവും ശക്തമെന്ന് ഞാൻ കരുതുന്നു.”- ആസാം പറഞ്ഞുവയ്ക്കുന്നു.