ഇവിടെ സെമിഫൈനൽ നടക്കുന്ന സമയത്ത് പാകിസ്ഥാൻ നാട്ടിലായിരിക്കും. ടീമിന്റെ ദുർബലത ചൂണ്ടിക്കാട്ടി ഹർഭജൻ

Harbhajan Singh

2023 ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ ടീം സെമിഫൈനൽ കാണാതെ പുറത്താവുമെന്ന പ്രവചനവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. മുൻപ് പാക്കിസ്ഥാൻ സെമിഫൈനലിലെത്തും എന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത് എന്ന് ഹർഭജൻ പറയുന്നു. എന്നാൽ പരിശീലന മത്സരത്തിലെ അടക്കമുള്ള പാക്കിസ്ഥാന്റെ ബാറ്റിംഗ് പ്രകടനങ്ങൾ കണക്കിലെടുക്കുമ്പോൾ നിരാശ ഉണ്ടാവുന്നു എന്നാണ് ഹർഭജൻ പറയുന്നത്.

ഒരു പ്രമുഖ ഷോയിൽ സംസാരിക്കവെയാണ് ഹർഭജൻ തന്റെ അഭിപ്രായം അറിയിച്ചത്. പാകിസ്ഥാന്റെ ബാറ്റിംഗ് നിരയുടെ പോരായ്മയാണ് ഹർഭജൻ സിങ് പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം സ്പിന്നർമാർ കൃത്യമായി വിക്കറ്റുകൾ സ്വന്തമാക്കാതിരിക്കുന്നതും പാകിസ്ഥാനെ ലോകകപ്പിൽ ബാധിക്കുമെന്ന് ഹർഭജൻ പറയുന്നു.

“ഇത്തവണത്തെ ലോകകപ്പിൽ സെമിഫൈനലിൽ എത്തുന്ന മൂന്ന് ടീമുകൾ ഇംഗ്ലണ്ടും ഇന്ത്യയും ഓസ്ട്രേലിയയുമാവും. നാലാമതായി സെമിഫൈനലിൽ എത്തുന്നത് ഏത് ടീമുമാവാം. കുറച്ചു മുമ്പ് വരെ നമ്മൾ പാക്കിസ്ഥാൻ സെമിഫൈനലിൽ എത്തും എന്നാണ് കരുതിയിരുന്നത്. പക്ഷേ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി അവരുടെ ബാറ്റിംഗ് ഞാൻ കാണുകയാണ്. അത് വളരെ മോശം തന്നെയാണ്.

മുൻപ് അവർക്ക് സാഖലിന്‍ മുസ്താഖ്, സയ്യിദ് അജ്മൽ, ഷാഹിദ് അഫ്രീദി, മുസ്താഖ് അഹമ്മദ് തുടങ്ങിയ വലിയ സ്പിന്നർമാർ ടീമിലുണ്ടായിരുന്നു. ഇപ്പോൾ അവരുടെ ടീമിലുള്ളത് ശതാബ് ഖാനാണ്. അദ്ദേഹം നല്ല സ്പിന്നറാണെങ്കിലും കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ എത്ര മികച്ച ബോളിഗ് പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. ഇപ്പോൾ ശതാബ് വിക്കറ്റുകൾ സ്വന്തമാക്കാനല്ല ശ്രമിക്കുന്നത്.”- ഹർഭജൻ പറഞ്ഞു.

Read Also -  വീണ്ടും കൊല്ലം സ്വാഗ്. കാലിക്കറ്റിനെ വിറപ്പിച്ച് കെസിഎല്ലിന്റെ പ്ലേയോഫിൽ.

“ഒരു ഏകദിന മത്സരത്തിൽ 50-60 റൺസ് വിട്ടു നൽകി വിക്കറ്റൊന്നും സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും ശതാബ് സന്തോഷവാനാണ്. അത്തരമൊരു മാനസിക നിലവാരം ഒരു സ്പിന്നറും പുലർത്താൻ പാടില്ല. അങ്ങനെയെങ്കിൽ നമുക്ക് ടീമിനെ മത്സരങ്ങളിൽ വിജയിപ്പിക്കാനും സാധ്യമല്ല. അതുകൊണ്ട് അവരുടെ സ്പിന്‍ ഡിപ്പാർട്ട്മെന്റ് അത്ര ശക്തമാണ് എന്ന് ഞാൻ കരുതുന്നില്ല. അത് ശക്തമാവണം. ഒപ്പം ബാറ്റിംഗും മെച്ചപ്പെടണം.”- ഹർഭജൻ കൂട്ടിച്ചേർക്കുന്നു.

“സത്യസന്ധമായി പറഞ്ഞാൽ ബോൾ സിങ് ചെയ്യുമ്പോൾ പാകിസ്ഥാൻ ബാറ്റർമാർക്ക് യാതൊരു ഐഡിയയുമില്ല. ബോൾ സ്പിൻ ചെയ്യുമ്പോഴും ഇതേ അവസ്ഥയാണ്. ഇന്ത്യയിലുടനീളം ബാറ്റിംഗിന് മാത്രം അനുകൂലമായ ഫ്ലാറ്റ് വിക്കറ്റുകൾ ലഭിക്കില്ല. ഒന്നോ രണ്ടോ മൈതാനങ്ങളിൽ മാത്രമാവും ഇത്തരത്തിൽ ഫ്ലാറ്റ് വിക്കറ്റുകളുള്ളത്.

എതിർ ടീമിലെ ബോളർമാർ ബോൾ സ്വിങ് ചെയ്യിപ്പിക്കാനും, സ്പിൻ ചെയ്യിപ്പിക്കാനും ശ്രമിച്ചാൽ പാകിസ്ഥാൻ എത്ര ദൂരം ഈ ലോകകപ്പിൽ മുന്നിലേക്ക് പോകും എന്നത് എന്നെ ആശങ്കയിലാക്കുന്നുണ്ട്. അതിനാൽ തന്നെ സെമിയിലെത്തുന്ന നാലാമത്തെ ടീം ന്യൂസിലാൻഡോ ദക്ഷിണാഫ്രിക്കയോ ആവാനാണ് സാധ്യത. എന്തായാലും പാക്കിസ്ഥാനെ ഞാൻ നാലാം ടീമായി തിരഞ്ഞെടുക്കുന്നില്ല.”- ഹർഭജൻ പറഞ്ഞുവെക്കുന്നു.

Scroll to Top