“കപ്പ് ഒന്നും വേണ്ട. ലക്ഷ്യം ഇതാണ്” നെതർലൻഡ്സ് താരം പറയുന്നു.

CRICKET ICC MENS WC 2023 PAK PRACTICE 27 1696521370644 1696521400374

2023 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ നേരിടാൻ ഒരുങ്ങുകയാണ് നെതർലൻഡ്സ് ക്രിക്കറ്റ് ടീം. ക്വാളിഫയർ മത്സരങ്ങളിൽ തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുത്ത ശേഷമാണ് നെതർലൻഡ്സ് 2023 ലോകകപ്പിലേക്ക് എത്തുന്നത്. അതിനാൽ തന്നെ ഒരുപാട് അട്ടിമറികൾക്ക് സാധ്യതകളുമുണ്ട്.

ഈ സാഹചര്യത്തിൽ തങ്ങളുടെ ലോകകപ്പിലെ ലക്ഷ്യത്തെപ്പറ്റി സംസാരിക്കുകയാണ് നെതർലൻഡ് താരം ബാസ് ഡി ലീഡേ. സെമിഫൈനൽ എന്നതിൽ കുറഞ്ഞതൊന്നും തന്നെ തങ്ങൾ ലക്ഷ്യം വയ്ക്കുന്നില്ല എന്നാണ് ഡി ലീഡേ പറയുന്നത്. ഈ ലോകകപ്പിലൂടെ ഒരുപാട് പരിചയസമ്പന്നതയും മറ്റും നേടാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഡി ലീഡേ പറയുകയുണ്ടായി.

തങ്ങളുടെ ആദ്യ മത്സരത്തിനു മുൻപ് ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു ഡി ലീഡേ. ടീമിന്റെ ലോകകപ്പിലെ സമീപനത്തെ പറ്റിയാണ് ഡി ലീഡേ സംസാരിച്ചത്. “ഈ ലോകകപ്പിൽ ഒരു ടീമിനും ഒന്നും നഷ്ടപ്പെടാനില്ല എന്നാണ് ഞാൻ കരുതുന്നത്. എല്ലാവർക്കും എന്തെങ്കിലും നേടാനാണുള്ളത്. ആ നേട്ടത്തിന്റെ ഏറ്റവും വലിയ ഉയരം ലോകകപ്പ് വിജയം എന്നതാണ്. 2011 ന് ശേഷം ആദ്യമായാണ് ഞങ്ങൾ ഏകദിന ലോകകപ്പിൽ കളിക്കുന്നത്. എന്നിരുന്നാലും വലിയ ലക്ഷ്യം തന്നെയാണ് ഞങ്ങൾ മുൻപിൽ വച്ചിട്ടുള്ളത്. ലോകകപ്പിന്റെ സെമിഫൈനലിൽ എത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അവിടെയെത്താൻ സാധിച്ചില്ലെങ്കിലും, ഞങ്ങൾ ഒരു പരാജയപ്പെട്ട ടീമാണ് എന്ന് ഞങ്ങൾ കരുതില്ല.”- ഡി ലീഡേ പറഞ്ഞു.

Read Also -  2025 മെഗാലേലത്തിൽ മുംബൈ ലക്ഷ്യം വയ്ക്കുന്ന ഓപ്പണർമാർ. രാഹുൽ അടക്കം 3 പേർ ലിസ്റ്റിൽ.

“സെമിഫൈനലിൽ എത്താൻ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനങ്ങൾ ഞങ്ങൾ ഈ ലോകകപ്പിൽ പുറത്തെടുക്കാൻ ശ്രമിക്കും. അതിന് സാധിച്ചാൽ ഞങ്ങൾ വളരെ അഭിമാനത്തോടെയാവും മടങ്ങുക. എന്നാൽ സെമിഫൈനൽ എന്ന ലക്ഷ്യം മുൻപിൽ വച്ച് കളിക്കുകയാണെങ്കിൽ ആളുകൾ പ്രതീക്ഷിക്കുന്നതിനപ്പുറത്തേക്ക് ഒരു പ്രകടനം കാഴ്ചവയ്ക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് ഞാൻ കരുതുന്നു. അതുകൊണ്ടുതന്നെ എല്ലാത്തിന്റെയും ഒരു മിശ്രിതമാണ് ഞങ്ങൾക്ക് ഈ ലോകകപ്പ്. ഒരുവശത്ത് ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല, മറുവശത്ത് 12 വർഷത്തിനുശേഷം മികച്ച പ്രകടനം പുറത്തെടുക്കാനും ഞങ്ങൾക്ക് ശ്രമിക്കണം.”- ഡി ലീഡേ കൂട്ടിച്ചേർത്തു.

ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളെ പറ്റിയും താരം സംസാരിച്ചു. “ഞങ്ങൾക്ക് ഒരു ടീം എന്ന നിലയിൽ ഒരുപാട് മത്സരങ്ങൾ കളിക്കാൻ സാധിച്ചിട്ടില്ല. കാരണം കളിക്കാരൊക്കെയും വിവിധ ലീഗുകളിൽ ആയിരുന്നു. എന്നിരുന്നാലും ഇന്ത്യയിലെത്തിയ ശേഷം കർണാടകക്കെതിരായ പരിശീലന മത്സരത്തിൽ നിന്ന് ഞങ്ങൾക്ക് കുറച്ചധികം കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. ഒരു ടീം എന്ന നിലയിൽ ഇത്തരത്തിൽ കളിക്കുമ്പോൾ വളരെ മികവുണ്ടാക്കാൻ സാധിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യയിലെ സാഹചര്യങ്ങൾ മനസ്സിലാക്കാനും ഈ പരിശീലനങ്ങൾ സഹായിച്ചു. ഇന്ത്യൻ സാഹചര്യങ്ങളിൽ ഞങ്ങൾക്ക് നല്ല പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.”- ഡി ലീഡേ പറഞ്ഞു വയ്ക്കുന്നു.

Scroll to Top