സഞ്ജു സാംസനെ അങ്ങേയറ്റം പ്രശംസിച്ചുകൊണ്ട് മുൻ ഓസ്ട്രേലിയന്‍ ഇതിഹാസം ഗ്ലെൻ മക്ഗ്രാത്ത്. ലോക ക്രിക്കറ്റിനെ സംബന്ധിച്ച് സഞ്ജു സാംസൺ ഒരു മികച്ച കളിക്കാരനാണ് എന്ന് മക്ഗ്രാത്ത് പറഞ്ഞു. ഒപ്പം സഞ്ജുവിന്റെ ആക്രമണ മനോഭാവത്തിലുള്ള പ്രകടനങ്ങൾ വളരെ ഗംഭീരമാണെന്നും മഗ്രാത്ത് കൂട്ടിച്ചേർക്കുകയുണ്ടായി. കേരളത്തിലെ യുവതാരങ്ങൾക്കായി എംആർഎഫ് പേസ് ഫൗണ്ടേഷനും കേരള ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പയിന്റെ പരിപാടിയിലാണ് മക്ഗ്രാത്ത് ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്.
സഞ്ജു സാംസനെ മാത്രമല്ല, ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്രയെയും പ്രശംസിക്കാൻ മക്ഗ്രാത്ത് മറന്നില്ല. ഇന്ത്യയെ സംബന്ധിച്ച് ബുമ്ര ഒരു അതുല്യപ്രതിഭയാണ് എന്നാണ് മഗ്രാത്ത് പറഞ്ഞത്. ബുമ്രയുടെ ബോളിംഗ് ശൈലിയെ സംബന്ധിച്ച് മക്ഗ്രാത്ത് തന്റെ അഭിപ്രായം കൂട്ടിച്ചേർക്കുകയുണ്ടായി. വളരെ അസാധാരണമായ രീതിയിലാണ് ബുമ്ര ബോൾ ചെയ്യുന്നത് എന്നായിരുന്നു മക്ഗ്രാത്ത് പറഞ്ഞത്. ബൂമ്രയുടെ ഈ ബോളിംഗ് ശൈലിയാണ് അയാളെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത് എന്ന് മക്ഗ്രാത്ത് കൂട്ടിച്ചേർത്തു. അതോടൊപ്പം താൻ ബുമ്രയുടെ വലിയൊരു ആരാധകനാണെന്നും മക്ഗ്രാത്ത് പറയുകയുണ്ടായി.
കേരളത്തിന്റെ അഭിമാനമായ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെയും പ്രശംസിക്കാൻ മഗ്രാത്ത് മറന്നില്ല. എന്തുകൊണ്ടും അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനുള്ള കെൽപ്പ് കാര്യവട്ടത്തെ സ്റ്റേഡിയത്തിനുണ്ട് എന്ന് മക്ഗ്രാത്ത് പറഞ്ഞു. ഇതിനുശേഷം 2023 ലോകകപ്പിനെ സംബന്ധിച്ചുള്ള തന്റെ പ്രവചനങ്ങളും മക്ഗ്രാത്ത് നടത്തുകയുണ്ടായി. 2023ലെ ഏകദിന ലോകകപ്പിൽ ഏതൊക്കെ ടീം സെമിഫൈനലിൽ എത്തും എന്ന തന്റെ പ്രവചനമാണ് മക്ഗ്രാത്ത് നടത്തിയത്. ഈ വർഷം നടക്കാൻ പോകുന്ന ലോകകപ്പിൽ പാകിസ്ഥാൻ, ഇംഗ്ലണ്ട്, ഇന്ത്യ ഓസ്ട്രേലിയ എന്നീ ടീമുകൾക്കാണ് കൂടുതൽ സാധ്യത എന്നും മക്ഗ്രാത്ത് പറഞ്ഞു.
ഈ സാഹചര്യത്തിലും ന്യൂസിലാൻഡിനെ എഴുതിത്തള്ളാനാവില്ല എന്നും മക്ഗ്രാത്ത് കൂട്ടിച്ചേർക്കുകയുണ്ടായി. 2023ൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യ പ്രിയപ്പെട്ട ടീം തന്നെയാണ് എന്നാണ് മക്ഗ്രാത്തിന്റെ അഭിപ്രായം. മുൻപ് പല മുൻ താരങ്ങളും ഇതേ സംബന്ധിച്ച് സംസാരിക്കുകയുണ്ടായി. സ്പിന്നിനെ അനുകൂലിക്കുന്ന ഇന്ത്യൻ പിച്ചിൽ ഇന്ത്യ കിരീടം ഉയർത്താനുള്ള സാധ്യതകളെ സംബന്ധിച്ചും പലരും ഇതിനു മുമ്പ് ചർച്ചയ്ക്ക് മുതിർന്നിട്ടുണ്ട്. അതിനോടൊപ്പം ചേർത്തു വയ്ക്കാവുന്ന ഒന്നാണ് മഗ്രാത്തിന്റെ അഭിപ്രായവും