ചഹൽ ബാറ്റിംഗിന് ഇറങ്ങരുതെന്ന് ദ്രാവിഡ്.. ചഹൽ തന്നെ ഇറങ്ങണമെന്ന് അംപയർ. സംഭവം ഇങ്ങനെ..

ഇന്ത്യയ്ക്കായി മികച്ച ബോളിംഗ് പ്രകടനങ്ങൾ കാഴ്ചവെക്കുന്ന സ്പിന്നറാണ് യൂസ്വേന്ദ്ര ചഹൽ. എന്നാൽ ബാറ്റിംഗിൽ ചഹൽ അല്പം പിന്നിലാണ് എന്ന് പറയാതിരിക്കാനാവില്ല. ഇതുവരെ തന്റെ ട്വന്റി20 അന്താരാഷ്ട്ര കരിയറിൽ കേവലം 6 റൺസ് മാത്രമാണ് ചഹൽ നേടിയിട്ടുള്ളത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെയും ലിസ്റ്റ് എ ക്രിക്കറ്റിലെയും എല്ലാ ട്വന്റി20 മത്സരങ്ങളുടെയും കണക്കെടുത്തു പരിശോധിച്ചാൽ 802 റൺസ് മാത്രമാണ് ചാഹലിന്റെ സമ്പാദ്യം. അതിനാൽ തന്നെ ചാഹലിന്റെ ബാറ്റിംഗിൽ ഇന്ത്യയ്ക്ക് അത്ര ആത്മവിശ്വാസമില്ല. ഇതിന് ആക്കം കൂട്ടുന്ന ഒരു സംഭവം ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിനിടെയുണ്ടായി.

മത്സരത്തിൽ ഇന്ത്യൻ ഇന്നിംഗ്സിന്റെ അവസാന ഓവറിലായിരുന്നു കുൽദീപ് യാദവിനെ റൊമാരിയോ ഷേപ്പേർഡ് ക്ലീൻ ബൗണ്ടാക്കിയത്. ആ സമയത്ത് ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 5 പന്തുകളിൽ 10 റൺസാണ്. 19ആം ഓവറിൽ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത അർഷദീപ് സിംഗ് നോൺ സ്ട്രൈക്കർ എൻഡിൽ നിൽക്കുന്നു.

കുൽദീപ് പുറത്തായ ശേഷം ഇന്ത്യയ്ക്കായി ബാറ്റിംഗിന് ഇറങ്ങേണ്ടത് ചാഹലായിരുന്നു. ചാഹൽ മൈതാനത്തേക്ക് ബാറ്റുമായി ഓടിയെത്തി. എന്നാൽ രാഹുൽ ദ്രാവിഡും ഹർദിക് പാണ്ട്യയും ചാഹലിന്റെ ബാറ്റിംഗിൽ അത്ര ആത്മവിശ്വാസം പുലർത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ചാഹലിന്റെ സ്ഥാനത്ത്, അതായത് പത്താം നമ്പരിൽ അരങ്ങേറ്റക്കാരനായ മുകേഷ് കുമാർ ഇറങ്ങണമെന്ന അഭിപ്രായം ഇവരിൽ നിന്നു വന്നു.

ഈ സാഹചര്യത്തിൽ മൈതാനത്തേക്ക് ഇറങ്ങിയ ചാഹൽ തിരിച്ചു നടക്കാൻ തുടങ്ങി. മാത്രമല്ല മുകേഷ് കുമാർ പത്താം നമ്പറിലെത്താനും തയ്യാറായി. പക്ഷേ മത്സരത്തിലെ അമ്പയർമാർ അത് സമ്മതിച്ചില്ല. ക്രിക്കറ്റിലെ നിയമം അനുസരിച്ച് ഒരു ബാറ്റർ, ഒരു വിക്കറ്റിന് ശേഷം മൈതാനത്തേക്ക് ബാറ്റ് ചെയ്യാൻ വന്നാൽ അദ്ദേഹത്തിന് തിരികെ പോകാൻ സാധിക്കില്ല. മറ്റൊരു ബാറ്ററെ പകരക്കാരനായി മൈതാനത്തേക്ക് വിടാനും സാധിക്കില്ല. ഈ സാഹചര്യത്തിൽ ചാഹൽ തന്നെ മുകേഷ് കുമാറിന് പകരം പത്താം നമ്പറിൽ ഇറങ്ങേണ്ടി വരികയായിരുന്നു.

മത്സരത്തിൽ നിർണായക സമയത്ത് ക്രീസിലെത്തിയ ചഹൽ ആദ്യ ബോളിൽ തന്നെ സിംഗിൾ നേടുകയുണ്ടായി. എന്നാൽ മറുവശത്തു നിന്ന അർഷദീപിന് അടുത്ത പന്തുകളിൽ ബൗണ്ടറി നേടാൻ സാധിച്ചില്ല. മാത്രമല്ല ഓവറിലെ അഞ്ചാം പാത്തിൽ അർഷദീപ് റണ്ണൗട്ടായി പുറത്താക്കുകയും ചെയ്തു. അവസാന പന്തിൽ 6 റൺസാണ് ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അരങ്ങേറ്റക്കാരനായ മുകേഷ് കുമാറിന് കേവലം ഒരു റൺ മാത്രമേ നേടാൻ സാധിച്ചുള്ളൂ. ഇങ്ങനെ ഇന്ത്യ 4 റൺസിന് മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തു.