ഇന്ന് രാത്രിയാണ് ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ മൊറോക്കോ-ഫ്രാൻസ് പോരാട്ടം. ഇത്തവണത്തെ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയെ പരാജയപ്പെടുത്തുന്നത് ഫ്രാൻസിന് അത്ര എളുപ്പമാകില്ല. പ്രീക്വാർട്ടറിൽ സ്പെയിനിനേയും ക്വാർട്ടർ ഫൈനലിൽ പോർച്ചുഗലിനെയും പരാജയപ്പെടുത്തിയാണ് മൊറോക്കോ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
ഒരു ഫുട്ബോൾ ആരാധകനും പ്രതീക്ഷ ഇല്ലാതെ വന്ന ടീമായിരുന്നു മൊറോക്കോ. എന്നാൽ ഇപ്പോൾ എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ ആഫ്രിക്കൻ വമ്പന്മാർ. പ്രീക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും തങ്ങൾ കാഴ്ചവെച്ച അതേ പോരാട്ടം സെമി ഫൈനലിലും പുറത്തെടുത്ത് കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യന്മാരെ പുറത്താക്കും എന്നാണ് മൊറോക്കോയുടെ വിശ്വാസം.
ഇപ്പോഴിതാ മൊറോക്കൻ പരിശീലകൻ മത്സരത്തിന് മുൻപ് പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഫ്രാൻസിനെ പരാജയപ്പെടുത്തി ഫൈനലിൽ ജയിച്ച് കപ്പ് ഉയർത്തും എന്നാണ് പരിശീലകൻ വാലിദ് റെഗയൂയി പറയുന്നത്.”ഫൈനലിൽ എത്തി ഞങ്ങൾക്ക് ജയിക്കണം. എന്ത് ചെയ്തിട്ടും ആ നേട്ടം സ്വന്തമാക്കാൻ ഞങ്ങൾ ഒരുക്കമാണ്. ഞങ്ങൾക്ക് നാളെ അസാധാരണമായ എനർജി ആയിരിക്കും ഉണ്ടാവുക.
ഞങ്ങളെ സംബന്ധിച്ച് ചേരുന്ന കാര്യമല്ല സെമിഫൈനലിൽ എത്തിയതിൽ ഞങ്ങൾ സംതൃപ്തരാണെന്ന്. ഞങ്ങൾക്ക് വിജയിക്കാനുള്ള ഏക അവസരമാണ് ഇത്. ഒട്ടും തളരാത്ത ഞങ്ങൾ കുതിക്കാൻ തന്നെയാണ് ഒരുങ്ങുന്നത്.”- അദ്ദേഹം പറഞ്ഞു. ലോകകപ്പ് സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ ടീമാണ് മൊറോക്കോ. ഇന്ന് നിലവിലെ ലോക ചാമ്പ്യന്മാർക്കെതിരെ എന്തായിരിക്കും മൊറോക്കോയുടെ തന്ത്രം എന്ന് കണ്ടു തന്നെ അറിയണം.