ഇന്നലെയായിരുന്നു ഐ എസ് എല്ലിലെ ബ്ലാസ്റ്റേഴ്സ് ഒഡീഷ പോരാട്ടം. ആദ്യ എവേ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യം ഹോം മത്സരത്തിനിറങ്ങിയ ഒഡീഷയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെട്ടു. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെയും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു.
ആദ്യപകുതിയിൽ ലീഡ് എടുത്തതിനുശേഷം രണ്ട് ഗോൾ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്സ് ഒഡീഷയോട് പരാജയപ്പെട്ടത്. ലൂണ നൽകിയ മനോഹരമായ അസിസ്റ്റിലൂടെ കബ്രയുടെ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരെ ജെറി,പെട്രോ മാർട്ടിൻ എന്നിവരുടെ ഗോളിലൂടെ ഒഡീഷ തിരിച്ചടിക്കുകയായിരുന്നു. ഒഡീഷക്കെതിരായ തോൽവിയെക്കുറിച്ച് മത്സരശേഷം പ്രസ് കോൺഫറൻസിൽ മാധ്യമങ്ങളെ കണ്ട കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകൻ വുക്കാമനോവിച്ച് സംസാരിച്ചു. മത്സരത്തിലെ രണ്ടാം ഗോൾ വഴങ്ങിയത് തന്നെ അസ്വസ്ഥനാക്കി എന്നാണ് മുഖ്യ പരിശീലകൻ പറഞ്ഞത്. അദ്ദേഹത്തിൻ്റെ വാക്കുകൾ വായിക്കാം..
“ഇന്നത്തെ മത്സരം മോശമായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, ഓരോ നിമിഷവും പന്തിനായി പോരാടേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു, മത്സരത്തിന്റെ ഒരു ഭാഗത്ത് ഞങ്ങൾ വളരെ മികച്ചു നിന്നു, ഞങ്ങൾ മത്സരം നിയന്ത്രിച്ചു, എല്ലാം ഞങ്ങളുടെ നിയന്ത്രണ പരിധിയിൽ ആയിരുന്നു. ഞങ്ങൾ ഗോളും നേടി.
ഗോളുകൾ വഴങ്ങുമ്പോൾ സ്വാഭാവികമായും ആശങ്കകളുണ്ടാകും, എന്നാൽ രണ്ടാം പകുതിയിൽ ഗോൾ വഴങ്ങിയതിനു ശേഷവും എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, മത്സരം നിയന്ത്രണത്തിലാക്കാനും ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ രണ്ടാം ഗോൾ വഴങ്ങിയപ്പോൾ ഒരു പരിശീലകനെന്ന നിലയിൽ അതെനിക്ക് അസ്വസ്ഥതയുണ്ടാക്കി.”- ഇവാൻ പറഞ്ഞു