കോഹ്ലിയും സമയത്തെ പിടിച്ചു നിര്‍ത്തി. എന്തിനു ദീപാവലി വില്‍പ്പന വരെ കുറഞ്ഞു

സച്ചിന്‍ 98ല്‍ ബാറ്റ് ചെയ്യുമ്പോള്‍ സെഞ്ചുറി തികയ്ക്കുന്നത് കാണാന്‍ വേണ്ടി ട്രെയിന്‍ നിര്‍ത്തിയ കഥ എല്ലാവര്‍ക്കും സുപരിചിതമാണ്. അന്ന് സച്ചിന്‍ ടൈം സ്റ്റോപ് ചെയ്തതുപോലെയാണ് കഴിഞ്ഞ ദിവസം നടന്ന വിരാട് കോഹ്ലിയുടെ ഇന്നിംഗ്സും പിടിച്ചു നിര്‍ത്തിയത്.

അന്ന് ട്രയിനായിരുന്നെങ്കില്‍ ഇന്ന് ഫ്ലൈറ്റായിരുന്നു. ബോളിവുഡ് താരം ആയുഷ്മാന്‍ ഖുറാനായാണ് ഇക്കാര്യം പറഞ്ഞത്. കോഹ്ലിയുടെ ഇന്നിംഗ്സ് കാരണം 5 മിനിറ്റ് ഫ്ലൈറ്റ് വൈകിയെന്നും എന്നാല്‍ ആരും പരാതിപ്പെടാതെ മുന്‍ നായകന്‍റെ കളി കണ്ടും എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

” ഈ കഥ എന്റെ ഭാവി തലമുറക്ക് വേണ്ടിയുള്ളതാണ്. മത്സരത്തിന്റെ അവസാന രണ്ട് ഓവര്‍ മുംബൈ – ചണ്ഡിഗഢ് ഫ്‌ളൈറ്റിനുള്ളില്‍ ഇരുന്നുകൊണ്ടാണ് ഞാന്‍ കണ്ടത്. ഞാന്‍ മാത്രമായിരുന്നില്ല, ഒപ്പമുണ്ടായിരുന്ന എല്ലാവരും ഫോണില്‍ തന്നെ കണ്ണും നട്ടിരിക്കുകയായിരുന്നു. ” ആയുഷ്മാന്‍ ഖുറാന കുറിച്ചു.

ക്രിക്കറ്റ് ഭ്രാന്തനായ പൈലറ്റ് ബോധപൂര്‍വം അഞ്ച് മിനിട്ട് വൈകിപ്പിച്ചതാണെന്ന് എനിക്കുറപ്പാണ്, പക്ഷേ ഒരാള്‍ പോലും പരാതി പറയുന്നുണ്ടായിരുന്നില്ല, എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

ഇത് കൂടാതെ വിരാട് കോഹ്ലിയുടെ ഇന്നിംഗ്സിനിടെ യുപിഐ ട്രാന്‍സാക്ഷനുകളുടെ ഗണ്യമായ കുറുവുണ്ടായതായും രേഖപ്പെടുത്തി. ദീപാവലി വില്‍പന ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും മറ്റും തകര്‍ത്തു നടക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ-പാക് തുടങ്ങിയതോടെ ഈ വില്‍പന ഇടിയുകയായിരുന്നു. കോഹ്ലി ബാറ്റിംഗിന് വന്നതോടെ അത്ര നേരം വന്‍ ഉയര്‍ച്ചയില്‍ പോയിരുന്ന യുപിഐ ഇടപാടുകള്‍ വളരെ താഴ്ന്നു. ഇടപാടുകാര്‍ ക്രിക്കറ്റ് ആരവത്തില്‍ മുഴുകിയതാണ് ഇതിനു കാരണമായത്.