കഴിഞ്ഞ വർഷങ്ങളിൽ നിന്നും അടിമുടി മാറ്റമാണ് ഐഎസ്എല്ലിൽ ഇത്തവണ വരുത്തിയിരിക്കുന്നത്. ലീഗ് മത്സരങ്ങളിൽ ഒരു ടീമിന് 20 കളികളാണ് ഉള്ളത്. അതിൽ ആദ്യത്തെ 6 ടീമുകൾക്ക് പ്ലേയോഫിൽ പ്രവേശിക്കാം. ആദ്യം ഫിനിഷ് ചെയ്യുന്ന രണ്ട് ടീമുകൾ നേരിട്ട് സെമിഫൈനലിലേക്ക് യോഗ്യത ചെയ്യും. ബാക്കിയുള്ള രണ്ട് സ്ഥാനങ്ങൾക്ക് വേണ്ടി മറ്റ് നാലു ടീമുകൾ നോക്ക് ഔട്ട് മത്സരം കളിക്കുകയും അതിൽ വിജയിക്കുന്ന രണ്ട് ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കുകയും ചെയ്യും. ഇതാണ് ഇപ്രാവശ്യത്തെ ഐഎസ്എല്ലിലെ സ്ട്രക്ചർ.
കഴിഞ്ഞ ഐഎസ്എല്ലിൽ ഫൈനലിൽ എത്തിയ കൊമ്പന്മാർക്ക് അത്ര നല്ല തുടക്കമല്ല ഇപ്രാവശ്യം ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ വിജയിച്ചെങ്കിലും തുടർന്നുള്ള രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ടു. തുടർച്ചയായി രണ്ടു മത്സരങ്ങൾ പരാജയപ്പെട്ടതോടെ തങ്ങളുടെ കിരീട പ്രതീക്ഷകൾ തകർന്നോ എന്ന ആശങ്കയിലായി ആരാധകർ. കഴിഞ്ഞ സീസണിൽ നിന്ന് ടീമിൽ അടിമുടി മാറ്റമാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ വരുത്തിയിരിക്കുന്നത്.
സീസണിലെ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ട ഡിഫെൻസ് മൂന്നാം മത്സരത്തിൽ ഒഡീഷക്കെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ ആശങ്ക പകരുന്നത് കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന് ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടിയ കീപ്പർ പ്രഭ്സുഖൻ സിംഗ് ഗില്ലിൻ്റെ പ്രകടനമാണ്. ആദ്യ മത്സരം മുതൽ തുടങ്ങിയതാണ് താരത്തിന്റെ പിഴവുകൾ. ഗില്ലിന്റെ ഏറ്റവും വലിയ പ്രശ്നം അനാവശ്യമായി പന്തിന് അഡ്വാൻസ് ചെയ്യുന്നതാണ്. ബ്ലാസ്റ്റേഴ്സിനെതിരെ ഒഡിഷ തങ്ങളുടെ രണ്ടാമത്തെ ഗോളും വിജയ ഗോളും നേടുമ്പോൾ ഗിൽ അഡ്വാൻസ് ചെയ്തു നിൽക്കുകയായിരുന്നു.
ആദ്യ ഗോളും താരത്തിന്റെ കയ്യിൽ നിന്നും തെറിച്ചാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. പന്ത് കൈപ്പിടിയിൽ ഒതുക്കാൻ ഗില്ലിന് സാധിക്കുന്നില്ല. ചെറിയ പരിക്കു പറ്റിയ ഗിൽ എല്ലാ മത്സരങ്ങളിലും കളിക്കാൻ ഇറങ്ങിയിട്ടുണ്ട്. പുതിയ സ്ട്രൈക്കർമാരായ ദിമിത്രിയോസ് ഡയമാൻ്റകോസ്,അപ്പോസ്തോലസ് ജിയാനു എന്നിവർ ഗോൾ നേടാത്തതും ബ്ലാസ്റ്റേഴ്സിന് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
അടുത്ത മത്സരത്തിൽ ഇരുവരും ഗോൾ നേടി തങ്ങളുടെ മികവ് പുറത്തെടുക്കും എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷ. പ്രശ്നങ്ങളൊന്നും ഇപ്പോൾ തന്നെ പരിഹരിച്ചില്ലെങ്കിൽ ഒമ്പതാം സീസണിൽ ബ്ലാസ്റ്റേഴ്സ് ദുരന്തമാകും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.