സ്പാനീഷ് സൂപ്പര്‍ കപ്പ് സെമിഫൈനലില്‍ ഒസാസുനയെ പരാജയപ്പെടുത്തി ബാഴ്സലോണ ഫൈനലില്‍ എത്തി. റിയാദില്‍ നടന്ന പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്സലോണയുടെ വിജയം. ബാഴ്സലോണക്കായി റോബര്‍ട്ട് ലെവന്‍ഡോസ്കിയും ലാമിന്‍ യാമലും സ്കോര്‍ ചെയ്തു. ഫൈനലില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡാണ് എതിരാളികള്‍.
മത്സരത്തിന്‍റെ തുടക്കത്തില്‍ ബാഴ്സലോണ ആധിപത്യം നേടിയെങ്കിലും ഗോളുകള്‍ ഒന്നും കണ്ടെത്താനായില്ല. രണ്ടാം പകുതിയില്‍ 59ാം മിനിറ്റിലാണ് ലെവന്‍ഡോസ്കിയുടെ ഗോള്‍ വന്നത്. ഗുണ്ടോഗന്‍റെ പാസ്സില്‍ നിന്നും പോളണ്ട് താരത്തിന്‍റെ ലോ ഷോട്ട് ഒസാസുനയുടെ വലയില്‍ എത്തി.
മത്സരത്തിന്‍റെ അവസാന മിനിറ്റുകളിലാണ് രണ്ടാം ഗോള്‍ വന്നത്. ഫെലിക്സിന്‍റെ മനോഹരമായ റണ്ണിനൊടുവില്‍ യാമല്‍ ബാഴ്സലോണയുടെ ഗോള്‍ നേടി മത്സരം പൂര്‍ത്തിയാക്കി.
സ്പാനീഷ് സൂപ്പര്‍ കപ്പിന്‍റെ ഫൈനല്‍ ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച പുലര്‍ച്ചെ 12:30 നാണ്. മത്സരത്തിനിടെ റാഫീഞ്ഞ പരിക്കേറ്റ് തിരിച്ചു പോയത് ബാഴ്സലോണക്ക് തിരിച്ചടിയായിട്ടുണ്ട്.