റിയാദില്‍ പിറന്നത് 8 ഗോള്‍. ത്രില്ലര്‍ പോരാട്ടത്തില്‍ അത്ലറ്റിക്കോയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ഫൈനലില്‍.

real madrid vs atletico madrid

റിയാദിലെ എട്ട് ഗോള്‍ ത്രില്ലറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് റയല്‍ മാഡ്രിഡ് സ്പാനീഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ എത്തി. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തില്‍ മൂന്നിനെതിരെ അഞ്ചു ഗോളിന്‍റെ വിജയമാണ് റയല്‍ സ്വന്തമാക്കിയത്. ഫൈനലില്‍ ബാഴ്സലോണ – ഒസാസുന പോരാട്ടത്തിലെ വിജയിയെ നേരിടും.

മത്സരം തുടങ്ങി ആറ് മിനിറ്റിനുള്ളിൽ തന്നെ അത്ലറ്റിക്കോ ഗോള്‍ കണ്ടെത്തി. ഗ്രീസ്മാൻ നൽകിയ ക്രോസിന് മരിയോ ഹെർമോസോയുടെ ഹെഡ്ഡറിലൂടെയാണ് അത്‌ലറ്റിക്കോ ലീഡ് നേടിയത്, എന്നാൽ 20ാം മിനിറ്റില്‍ അന്റോണിയോ റൂഡിഗറിന്‍റെ ഹെഡറിലൂടെയും 29ാം മിനിറ്റില്‍ ഫെർലാൻഡ് മെൻഡിയുടെ തകര്‍പ്പന്‍ ഫിനിഷിലൂടെയും റയല്‍ ലീഡ് ചെയ്തു.

എന്നാല്‍ അത്ലറ്റിക്കോ മാഡ്രിഡിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ സ്കോററായി ഗ്രീസ്മാന്‍ അത്ലറ്റിക്കോയെ സമനിലയില്‍ എത്തിച്ചു. 37ാം മിനിറ്റില്‍ മോഡ്രിച്ചിനേയും റുഡിഗറേയും മറികടന്നു ഒരു തകര്‍പ്പന്‍ ഗോളാണ് ഫ്രാന്‍സ് താരം അടിച്ചത്. ആദ്യ പകുതി സമനിലയോടെയാണ് പിരിഞ്ഞത്.

78ാം മിനിറ്റില്‍ റൂഡിഗറിന്‍റെ സെൽഫ് ഗോൾ അത്‌ലറ്റിക്കോയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ തൊട്ടു പിന്നാലെ കാര്‍വഹാളിന്‍റെ ബുള്ളറ്റ് ഷോട്ട് റയലിനു സമനില നല്‍കി. മത്സരം എക്സ്ട്രാ ടൈമിലേക്ക് പോയി.

1 03 HE00966

മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിലാണ് റയലിന്‍റെ വിജയഗോളുകള്‍ പിറന്നത്. 116-ാം മിനിറ്റില്‍ കാർവാഹാളിന്റെ ക്രോസ് തടയാൻ ശ്രമിക്കുന്നതിനിടെ അത്‌ലറ്റിക്കോ ഡിഫൻഡർ സ്റ്റെഫാൻ സാവിച്ച് അത് സ്വന്തം വലയില്‍ അടിച്ചു.

പിന്നാലെ ബ്രാഹിം ഡയസിന്‍റെ ഗോളോടെ റയല്‍ മാഡ്രിഡ് വിജയം ഉറപ്പിച്ചു. ഗോളിയില്ലാത്ത അത്ലറ്റിക്കോ പോസ്റ്റില്‍ ഡയസ് ഗോള്‍ നേടി. ജേഴ്സിയൂരി ബ്രാഹീം ഡയസ് ഗോള്‍ സെലിബ്രേഷന്‍ നടത്തി മഞ്ഞ കാര്‍ഡും ലഭിച്ചു. മത്സരത്തിലെ ഏക മഞ്ഞ കാര്‍ഡായിരുന്നു അത്.

Scroll to Top