പ്രതിഷേധിച്ച് പണി വാങ്ങി കേരളം. ലോകകപ്പന്റെ വേദികളും വിവരങ്ങളും പുറത്തുവന്നു

2023ലെ ഏകദിന ലോകകപ്പിന്റെ പുതിയ വിവരങ്ങൾ പുറത്തുവന്നു. 2023 ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് നടക്കാൻ സാധ്യത എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യയിലുടനീളം 12 വേദികളിലായിയാണ് ഇത്തവണത്തെ ലോകകപ്പ് നടക്കുന്നത്. ഇഎസ്പിഎൻ ക്രിക് ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയമാണ് ലോകകപ്പിന്റെ പ്രധാന വേദി. ടൂർണമെന്റിന്റെ ഫൈനലിന് ആതിഥേയത്വം വഹിക്കുന്നതും നരേന്ദ്രമോഡി സ്റ്റേഡിയം തന്നെയായിരിക്കും.

10 ടീമുകൾ അണിനിരക്കുന്ന ടൂർണ്ണമെന്റിൽ 48 മത്സരങ്ങളാണ് സെമിഫൈനലുകളും ഫൈനലുമടക്കമുള്ളത്. അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്റ്റേഡിയം കൂടാതെ 11 വേദികൾ കൂടി ഇത്തവണത്തെ ലോകകപ്പിൽ ഉണ്ടാകും. ബംഗളൂരു, ചെന്നൈ, ഡൽഹി, ധർമ്മശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലക്നൗ, ഇൻഡോർ, രാജ്കോട്ട്, മുംബൈ എന്നീ വേദികളിലാവും ലോകകപ്പിലെ മറ്റു മത്സരങ്ങൾ നടക്കുന്നത്. എന്നിരുന്നാലും ഏതൊക്കെ മത്സരങ്ങൾ ഏതൊക്കെ വേദികളിൽ നടക്കുമെന്ന വിവരം ഇതുവരെ ഔദ്യോഗികമായി ബിസിസിഐ പുറത്തു വിട്ടിട്ടില്ല. ഇതിനൊപ്പം ടീമുകളുടെ പരിശീലന മത്സരങ്ങളെ സംബന്ധിച്ചുള്ള പൂർണ വിവരവും പുറത്തുവന്നിട്ടില്ല.

greenfield stadium

ടൂർണമെന്റിന്റെ പൂർണമായുള്ള ഷെഡ്യൂളും വേദികളുടെ ലിസ്റ്റും സാധാരണയായി ഐസിസി നേരിട്ട് തന്നെയാണ് അറിയിക്കാറുള്ളത്. ബിസിസിഐയുടെ ഭാഗത്തുനിന്നുള്ള ചില തടസ്സങ്ങളാണ് ഇത് വൈകാൻ കാരണം. ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയുടെ പലയിടത്തും മഴ ഭീഷണിയായി എത്തുന്നതിനാൽ തന്നെ ഇതിന്റെ കൂടെ അടിസ്ഥാനത്തിലാവും അവസാന ഘട്ടത്തിൽ വേദി നിശ്ചയിക്കുന്നത്. ഒപ്പം പാക്കിസ്ഥാന് വിസ ക്ലിയറൻസ് നൽകുന്നതിനെ സംബന്ധിച്ച് കൃത്യമായി തീരുമാനങ്ങൾ ഇതുവരെ എടുത്തിട്ടില്ല. നിലവിൽ ഇന്ത്യ ഏഷ്യാകപ്പിനായി പാക്കിസ്ഥാനിൽ കളിക്കാത്ത പക്ഷം, പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ വന്ന് ലോകകപ്പ് കളിക്കുമോ എന്ന കാര്യത്തിലും ഉറപ്പു വന്നിട്ടില്ല.

ഇതിനോടൊപ്പം പ്രധാനപ്പെട്ട ഒരു കാര്യം കേരളത്തിലെ യാതൊരു വേദികളും ലോകകപ്പിൽ പങ്കാളികളാവില്ല എന്നുള്ളതാണ്. കഴിഞ്ഞ സമയങ്ങളിൽ കേരളത്തിൽ നടന്ന മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം ബി.സി.സി. ഐ മീറ്റിങ്ങിൽ ചർച്ചയായിട്ടുണ്ട് എന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും കാര്യവട്ടം സ്റ്റേഡിയം ലോകകപ്പിന് വേദിയാകാൻ സാധ്യതകൾ വളരെ കുറവാണ്.

Previous articleഅവന് എന്നെപോലെ കളിക്കാൻ പ്രാപ്തിയുണ്ട്. തന്റെ പിൻഗാമിയെ ചൂണ്ടിക്കാട്ടി സേവാഗ്.
Next articleവമ്പൻ മാറ്റവുമായി ഓസീസ്. വെടിക്കെട്ട് ഓപ്പണർ തിരിച്ചെത്തി. ടോസ് ഓസീസിന്