കൊല്‍ക്കത്തക്കെതിരെയുള്ള പോരാട്ടത്തില്‍ ഹൈദരബാദിനു വേണ്ടി 4 പേസ് ബോളര്‍മാരാണ് എറിഞ്ഞത്. പന്തെറിഞ്ഞ എല്ലാ ഫാസ്റ്റ് ബോളേഴ്സിനും വിക്കറ്റും ലഭിച്ചിരുന്നു. അതില്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ച് പറ്റിയത് യുവതാരം ഉമ്രാന്‍ മാലിക്കാണ്. മത്സരത്തില്‍ 4 ഓവര്‍ എറിഞ്ഞ താരം 27 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടി.
കൊല്‍ക്കത്താ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യറെ 148 കി.മീ വേഗതയിലുള്ള ഒരു യോര്‍ക്കറില്‍ കീഴടക്കുകയായിരുന്നു. ഷീല്‍ഡണ്‍ ജാക്സണിന്‍റെ വിക്കറ്റ് നേടിയ കാശ്മീര്‍ പേസര്‍ ഫിനിഷര്‍ റോളില്‍ കളിച്ച അന്ദ്രേ റസ്സലിനെ മൗനമാക്കി മാറ്റി.
25 പന്തില്‍ 4 വീതം ഫോറും സിക്സും അടക്കം 49 റണ്ണാണ് വിന്‍ഡീസ് താരം ആന്ദ്ര റസ്സല്‍ നേടിയത്. എന്നാല്‍ ഉമ്രാന്‍ മാലിക്കിന്‍റെ 16ാം ഓവര്‍ മുഴുവന്‍ നേരിട്ട താരത്തിനു വെറും 2 റണ്‍ മാത്രമാണ് ആ ഓവറില്‍ നേടാന്‍ സാധിച്ചത്. യുവതാരത്തിന്‍റെ വേഗതയേറിയ ബൗണ്‍സറുകള്‍ പിടികിട്ടാതെ ആന്ദ്ര റസ്സല്‍ പതറുന്നുണ്ടായിരുന്നു.
22കാരനായ താരം ഓരോ മത്സരത്തിലും തന്റെ വേഗ റെക്കോഡുകളെത്തന്നെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. 153ന് മുകളില്‍ വേഗത്തില്‍ പന്തെറിഞ്ഞ് ഈ സീസണിലെ അതിവേഗ പന്തെന്ന റെക്കോഡ് ഇതിനോടകം ഉമ്രാന്‍ സ്വന്തമാക്കിയിട്ടുണ്ട്.മെഗാ ലേലത്തിനു മുന്നോടിയായി ഹൈദരബാദ് നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളാണ് ഉമ്രാന്‍ മാലിക്ക്.