ഇന്നലെയായിരുന്നു ലോകകപ്പിലെ ഇന്ത്യ സൗത്ത് ആഫ്രിക്ക പോരാട്ടം. സൗത്താഫ്രികക്ക് എതിരായ മത്സരവും വിജയിച്ച് ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയത്തോടെ സെമി സ്ഥാനം ഉറപ്പിക്കാൻ ഇറങ്ങിയ ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരുന്നു സൗത്താഫ്രിക്ക നൽകിയത്. 5 വിക്കറ്റിന് ആയിരുന്നു സൗത്താഫ്രിക്ക ഇന്ത്യയെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യയുടെ ബാറ്റ്മാൻമാർ സൗത്ത് ആഫ്രിക്കൻ പേസ് ആക്രമണത്തിന് മുമ്പിൽ വീഴുകയായിരുന്നു. പേസ് ആക്രമണത്തിന് മുമ്പിൽ കുറച്ചെങ്കിലും ചെറുത്തു നിന്നത് സൂര്യകുമാർ യാദവായിരുന്നു. 40 പന്തിൽ നിന്നും 68 റൺസ് എടുത്ത താരത്തിന്റെ ബാറ്റിംഗ് മികവിന്റെ പിൻബലത്തിലാണ് ഇന്ത്യ 133 എന്ന സ്കോറിലെത്തിയത്. സൂര്യകുമാർ യാദവിൻ്റെ ഈ പോരാട്ടം ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ റൺസ് 100 കടക്കിലായിരുന്നു. സൗത്താഫ്രിക്കക്ക് വേണ്ടി എങ്കിടി നാലും, പാർനൽ മൂന്നും വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്താഫ്രിക്ക ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് ഡേവിഡ് മില്ലറിൻ്റെയും എയ്ഡൻ മർക്രമിൻ്റെയും മികച്ച ബാറ്റിംഗിന്റെ അടിസ്ഥാനത്തിൽ വിജയം പിടിച്ചടക്കുകയായിരുന്നു. മർക്രം 41 പന്തിൽ നിന്നും 52 റൺസും മില്ലർ 46 പന്തിയിൽ നിന്നും 59 റൺസും നേടി. അതേസമയം കഴിഞ്ഞ ഒരു ദശകമായി നിലനിന്നിരുന്ന ഒരു ചീത്ത പേര് മാറ്റുവാനും ഇന്ത്യക്കെതിരായ വിജയത്തിലൂടെ സൗത്താഫ്രിക്കക്ക് സാധിച്ചു.
11 വർഷങ്ങൾക്ക് ശേഷമാണ് ഐസിസി ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിക്കുന്നത്. 2011ൽ ഇന്ത്യയിൽ വച്ച് നടന്ന ഏകദിന ലോകകപ്പിലാണ് ദക്ഷിണാഫ്രിക്ക അവസാനമായി ഒരു ഐസിസി ടൂർണമെന്റിൽ ഇന്ത്യയെ പരാജയപ്പെടുത്തിയത്. അതിനുശേഷം പല ടൂർണമെന്റുകൾ വന്നെങ്കിലും ഇന്ത്യയെ പരാജയപ്പെടുത്താൻ പ്രോട്ടീസിനു സാധിച്ചിരുന്നില്ല. ഇന്നലത്തെ വിജയത്തോടെ തോൽവികൾ ഒന്നുമില്ലാതെ 5 പോയിന്റുകളുമായി സൗത്താഫ്രിക്കയാണ് ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 4 പോയിന്റുകളുമായി ഇന്ത്യയാണ്.