അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 6 വിക്കറ്റുകളുടെ ആധികാരികമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ബാറ്റിംഗ് ആരംഭിച്ച അഫ്ഗാനിസ്ഥാൻ തങ്ങളുടെ നിശ്ചിത 20 ഓവറുകളിൽ 158 റൺസാണ് നേടിയത്. മുഹമ്മദ് നബിയുടെ ബാറ്റിംഗ് മികവിലായിരുന്നു അഫ്ഗാനിസ്ഥാന്റെ ഈ പ്രകടനം.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 6 വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയുണ്ടായി. ഇന്ത്യൻ നിരയിൽ ശിവം ദുബെയാണ് മികവ് പുലർത്തിയത്. ഒപ്പം റിങ്കു സിങ്ങും അവസാന ഓവറുകളിൽ ഇന്ത്യയ്ക്ക് നിർണായക സംഭാവന നൽകി. മത്സരത്തിലെ പ്രകടനത്തെ പറ്റി റിങ്കു സിംഗ് സംസാരിക്കുകയുണ്ടായി.
ഒരു ഫിനിഷറുടെ റോളിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്നാണ് റിങ്കു പറഞ്ഞത്. ആറാം നമ്പറിൽ തനിക്ക് ലഭിക്കുന്ന പന്തുകളിൽ ഏറ്റവുമധികം റൺസ് കണ്ടെത്താനാണ് താൻ ശ്രമിക്കുന്നതെന്നും റിങ്കു പറഞ്ഞു.
“ആറാം നമ്പരിൽ മികച്ച ബാറ്റിംഗ് പ്രകടനം നടത്തുക എന്നത് എനിക്ക് വളരെ ഇഷ്ടമാണ്. മത്സരം ഫിനിഷ് ചെയ്യുന്നതിലും ഞാൻ സന്തോഷം കണ്ടെത്തുന്നു. മൊഹാലിയിലെ തണുപ്പേറിയ സാഹചര്യം ഞങ്ങൾ വളരെ നന്നായി ആസ്വദിച്ചു. എന്നിരുന്നാലും ഇവിടെ ഫീൽഡ് ചെയ്യുക എന്നത് അല്പം ബുദ്ധിമുട്ടായിരുന്നു. ബാറ്റിംഗ് സമയത്ത് ഞാൻ എന്നോട് തന്നെ സംസാരിക്കാറാണ് ശ്രമിച്ചത്. എല്ലായിപ്പോഴും എനിക്ക് ഒരുപാട് പന്തുകൾ നേരിടാനോ ഒരുപാട് റൺസ് കണ്ടെത്താനോ സാധിക്കില്ല. അതാണ് ഞാൻ എന്നോട് തന്നെ പറയാറുള്ളത്.”- റിങ്കു പറയുന്നു.
ഒപ്പം മഹേന്ദ്ര സിംഗ് ധോണിയുമായി താൻ നടത്തിയ സംഭാഷണങ്ങളെ പറ്റിയും റിങ്കു കൂട്ടിച്ചേർത്തു. അത് തനിക്ക് വലിയ രീതിയിൽ ഉപകാരപ്പെട്ടു എന്നാണ് റിങ്കു പറയുന്നത്. “ഞാൻ മഹീ ഭായിയുമായി സംസാരിച്ചിരുന്നു. സാഹചര്യത്തിനനുസരിച്ച് പ്രതികരിക്കാനാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എല്ലായിപ്പോഴും ശാന്തത പുലർത്താനും എന്നെ ഉപദേശിച്ചിരുന്നു. അതാണ് ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്. ബാറ്റ് ചെയ്യുന്ന സമയത്ത് ഞാൻ കൂടുതൽ കാര്യങ്ങൾ ചിന്തിക്കാറില്ല. എല്ലായിപ്പോഴും ബോളിനെതിരെ പ്രതികരിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്.”- റിങ്കു കൂട്ടിച്ചേർത്തു.
ഇന്ത്യയ്ക്കായി ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇതുവരെ മികച്ച പ്രകടനം മാത്രമാണ് റിങ്കു കാഴ്ച വെച്ചിട്ടുള്ളത്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 9 പന്തുകൾ നേരിട്ട റിങ്കു രണ്ടു ബൗണ്ടറികളുമായി 16 റൺസ് സ്വന്തമാക്കി.
മത്സരത്തിൽ നോട്ടൗട്ടായി നിൽക്കാനും റിങ്കുവിന് സാധിച്ചു. 2024 ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ റിങ്കുവിന്റെ ഈ പ്രകടനങ്ങൾ ഇന്ത്യയ്ക്ക് വലിയ ആവേശം നൽകുന്നുണ്ട്. ഒരു ഫിനിഷർ റോളിൽ ഇന്ത്യക്കായി ലോകകപ്പിൽ തിളങ്ങാൻ റിങ്കുവിന് സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.