എക്കാലവും ക്രിക്കറ്റ് ലോകത്ത് വളരെ അധികം ആവേശമായി മാറാറുണ്ട് ഇന്ത്യ :പാകിസ്ഥാൻ പോരാട്ടങ്ങൾ. ടി :20 ലോകകപ്പിൽ ഇത്തവണ ഇന്ത്യൻ ടീമിനെ 10 വിക്കറ്റിന് തോൽപ്പിച്ചാണ് പാക് ടീം ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. അടുത്ത ഇന്ത്യയും പാകിസ്ഥാൻ ടീമും തമ്മിലുള്ള മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിലവിൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇരു ടീമുകളുക പരസ്പരം ഏറ്റുമുട്ടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര വർഷങ്ങൾക്ക് മുൻപാണ് നിർത്തി വെച്ചത്.
ഇരു രാജ്യങ്ങളും തമ്മിൽ ടെസ്റ്റ് ലോകകപ്പിലും മത്സരങ്ങൾ നടക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.വൈകാതെ തന്നെ നിഷ്പക്ഷ വേദിയിൽ ഇരു രാജ്യങ്ങളും പരമ്പരകൾ കളിക്കണമെന്നുള്ള ആവശ്യം ശക്തമാണെങ്കിലും ഇക്കാര്യത്തിൽ രണ്ട് ക്രിക്കറ്റ് ബോർഡുകളും നിലപാട് ഒന്നും വ്യക്തമാക്കിയിട്ടില്ല .എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ വളരെ വ്യത്യസ്ത അഭിപ്രായവുമായി എത്തുകയാണ് മുൻ പാകിസ്ഥാൻ താരവും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ റമീസ് രാജ.
വരാനിരിക്കുന്ന ഏഷ്യ കപ്പിൽ അടക്കം കളിക്കാൻ പാകിസ്ഥാനിലേക്ക് ഇല്ല എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം എങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങൾ വൈകാതെ തന്നെ ആരംഭം കുറിക്കണമെന്ന് തുറന്ന് പറയുകയാണ് റമീസ് രാജ . പുതിയ ഒരു ടൂർണമെന്റ് എന്നുള്ള ആശയമാണ് റമീസ് രാജ വിശദമാക്കുന്നത്.രാഷ്ട്രീയ സാഹചര്യങ്ങളും ക്രിക്കറ്റും കൂട്ടികലർത്തി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തീരുമാനം കൈകൊള്ളരുതെന്ന് പറഞ്ഞ റമീസ് രാജ നാല് ടീമുകൾ കളിക്കുന്ന ഒരു പുതിയ ടി :20 ടൂർണമെന്റ് എന്നുള്ള ആശയമാണ് മുന്നോട്ട് വെക്കുന്നത്.
“ഇന്ത്യ :പാകിസ്ഥാൻ മത്സരങ്ങൾ വീണ്ടും ആരംഭിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഞങ്ങൾ മുന്നോട്ട് വെക്കുന്ന ഒരു നിർദേശം പുതിയ ഒരു ടി :20 ടൂർണമെന്റ് തന്നെയാണ്. വൈകാതെ ഇന്ത്യ,പാകിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾ കളിക്കുന്ന ഒരു ടി :20 ക്രിക്കറ്റ് ടൂർണമെന്റ് ഞങ്ങൾ ആഗ്രഹിക്കുന്നു. റൊട്ടേഷൻ അടിസ്ഥാനത്തിൽ ടി :20 ടൂർണമെന്റ് ഓരോ രാജ്യത്തായി നമുക്ക് നടത്താം ” റമീസ് രാജ വാചാലനായി.