വരാനിരിക്കുന്ന 2023 ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ രണ്ട് മത്സരങ്ങൾക്കായി വേദി മാറ്റാനുള്ള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ അഭ്യർത്ഥന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) ഏകകണ്ഠമായി നിരസിച്ചു. ഏകദിന ലോകകപ്പ് ഒക്ടോബറിലാണ് ഇന്ത്യയിൽ ആരംഭിക്കുന്നത്.
ടൂർണമെന്റിന്റെ ഡ്രാഫ്റ്റ് ഷെഡ്യൂൾ അനുസരിച്ച്, സ്പിന്‍ ബോളര്‍മാരെ തുണക്കുന്ന ചെന്നൈയിലാണ്, പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെ നേരിടുന്നത്. അഫ്ഗാന്‍ നിരയില്‍ ലോകോത്തര സ്‌പിന്നര്‍മാര്‍ ഉള്ളതിനെ തുടര്‍ന്നാണ് വേദി മാറ്റണം എന്നാവശ്യവുമായി പാക്കിസ്ഥാന്‍ എത്തിയത്. ഓസ്‌ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനുമെതിരായ മത്സരങ്ങൾ യഥാക്രമം ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും മാറ്റണമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടത്.
അതേസമയം, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. മുൻ പിസിബി മേധാവി നജാം സേത്തി ഇതേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും ആ അഭ്യർത്ഥനയും തള്ളപ്പെട്ടു.വേദികൾ മാറ്റാൻ മതിയായ കാരണമൊന്നുമില്ലെന്ന് ഐസിസിയും ബിസിസിഐയും വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കിൽ മാത്രമേ വേദി മാറ്റം പരിഗണിക്കൂ.
അതേ സമയം ലോകകപ്പിന്‍റെ ഔദ്യോഗിക ഷെഡ്യൂൾ ബിസിസിഐയും ഐസിസിയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള പോരാട്ടത്തോടെ ഒക്ടോബർ 5 ന് ലോകകപ്പിനു തുടക്കമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.