വീരന്മാരെ അട്ടിമറിച്ച് ഒമാൻ വരുന്നു. 2023 ലോകകപ്പ് ക്വാളിഫയറിൽ വമ്പൻ ടീമുകള്‍ക്ക് പരാജയം.

2023ലെ 50 ഓവർ ലോകകപ്പിനുള്ള ക്വാളിഫയർ റൗണ്ടിൽ അട്ടിമറികളുമായി ഒമാൻ ക്രിക്കറ്റ് ടീം. പലരും വിലകുറച്ചു കണ്ടിരുന്ന ഒമാൻ ടീമിന്റെ ഒരു വമ്പൻ തിരിച്ചുവരവാണ് ലോകകപ്പിന്റെ ക്വാളിഫയർ റൗണ്ടിൽ കാണുന്നത്. തങ്ങളുടെ ആദ്യ മത്സരത്തിൽ ശക്തരായ അയർലൻഡിനെ പരാജയപ്പെടുത്തിയ ഒമാൻ രണ്ടാം മത്സരത്തിൽ യുഎഇ ടീമിനെയും പരാജയപ്പെടുത്തിയിരിക്കുകയാണ്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയം കണ്ടതിനാൽ തന്നെ നിലവിൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ് ഒമാൻ നിൽക്കുന്നത്. ഇനി ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് ഒമാന് അവശേഷിക്കുന്നത്. എന്തായാലും ഒമാന്റെ ഈ തകർപ്പൻ വിജയങ്ങൾ ടൂർണമെന്റിലെ മറ്റു ടീമുകൾക്കും പേടിസ്വപ്നമായി മാറിയിട്ടുണ്ട്.

ആദ്യ മത്സരത്തിൽ ശക്തരായ അയർലൻഡിനെ ആവേശോജ്ജ്വലമായ രീതിയിൽ പരാജയപ്പെടുത്തുകയായിരുന്നു ഒമാൻ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 281 എന്ന വമ്പൻ സ്കോർ നേടുകയുണ്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഒമാനായി തങ്ങളുടെ ഓരോ ബാറ്റർമാരും നിറഞ്ഞാടുന്നതാണ് കാണാൻ സാധിച്ചത്. ഓപ്പണർ കശ്യപ് (72), ഇല്യാസ്(52), മക്സൂദ്(59), നദീം(46) എന്നീ ബാറ്റർമാർ തിളങ്ങിയപ്പോൾ മത്സരത്തിൽ അഞ്ചു വിക്കറ്റുകളുടെ വിജയമാണ് ഒമാൻ നേടിയത്. ഒമാൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ഇത്.

ശേഷം യുഎഇക്കെതിരായ മത്സരത്തിലും ഈ തകർപ്പൻ പ്രകടനം ഒമാൻ തുടരുകയുണ്ടായി. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത യുഎഇ 227 റൺസാണ് നിശ്ചിത 50 ഓവറിൽ നേടിയത്. ഈ സ്കോർ മറികടക്കുക എന്ന ലക്ഷ്യം ഒമാൻ അനായാസം നടപ്പിലാക്കി. തങ്ങളുടെ ഓപ്പണർമാരെ തുടക്കത്തിൽ നഷ്ടമായെങ്കിലും മൂന്നാമതായിറങ്ങിയ ഇല്യാസും(53) നാലാമനായിറങ്ങിയ ശുഐബ് ഖാനും(52) ഒമാൻ സ്വപ്നങ്ങൾക്ക് മുൻപിൽ കാവലാവുകയായിരുന്നു. ഒപ്പം മധ്യനിരയിൽ നദീംമും(50) അയാൻ ഖാനും(41) നിറഞ്ഞുനിന്നപ്പോൾ ഒമാൻ മത്സരത്തിൽ അഞ്ചു വിക്കറ്റുകളുടെ വിജയം സ്വന്തമാക്കി.

ടൂർണമെന്റിലെ മറ്റു ടീമുകൾക്ക് പേടിസ്വപ്നമായി മാറുകയാണ് ഒമാൻ ഇപ്പോൾ. അവശേഷിക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിൽ കൂടി വിജയം നേടാനായാൽ ഒമാന് അടുത്തഘട്ടത്തിലേക്ക് കടക്കാൻ സാധിക്കും. ഈ ഫോം ടൂർണമെന്റിലൂടനീളം തുടരുകയാണെങ്കിൽ 2023 ലോകകപ്പിനായി ഒമാൻ ക്രിക്കറ്റ് ടീമിന് ഇന്ത്യയിലേക്ക് വണ്ടി കയറാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ലോക ക്രിക്കറ്റിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് മുൻപിലേക്കെത്തുന്ന ഒമാൻ ടീമിന് പ്രശംസകളുമായി ഒരുപാട് മുൻ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.