അഫ്ഗാനിസ്ഥാൻ പഴയ അഫ്ഗാനിസ്ഥാനല്ല. പാകിസ്ഥാനു വീണ്ടും പരാജയം. പരമ്പര നഷ്ടം.

പാകിസ്താനെ വീണ്ടും ഞെട്ടിച്ച് അഫ്ഗാനിസ്ഥാൻ ചുണക്കുട്ടികൾ. പാക്കിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിലും വിജയം സ്വന്തമാക്കി പരമ്പര കൈക്കലാക്കിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ ടീം. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിയാണ് പാകിസ്ഥാനെതിരെ ഒരു ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കുന്നത്. അത്യന്തം ആവേശകരമായ രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റുകൾക്കായിരുന്നു അഫ്ഗാനിസ്ഥാൻ ടീമിന്റെ തകർപ്പൻ വിജയം. ഫസൽ ഫറൂക്കിയുടെ ബോളിംഗ് മികവും, മുൻനിരയുടെ തകർപ്പൻ ബാറ്റിംഗ് പോരാട്ടവുമാണ് അഫ്ഗാനിസ്ഥാനെ മത്സരത്തിൽ വിജയത്തിൽ എത്തിച്ചത്.

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആദ്യ മത്സരത്തിലെതിന് സമാനമായി മോശം തുടക്കം തന്നെ പാകിസ്ഥാന് ലഭിച്ചു. ഇന്നിംഗ്സിലെ ആദ്യ ഓവറിൽ തന്നെ ഓപ്പണറായ  അയ്യൂബിനെയും ഷഫീഖിനെയും പൂജ്യരായി മടക്കാൻ ഫസൽ ഫറൂക്കിക്ക് സാധിച്ചു. എന്നാൽ പിന്നീട് വന്ന ഇമാദ് വസീം പാക്കിസ്ഥാനായി കളം നിറയുകയായിരുന്നു. പലപ്പോഴും സ്കോറിങ് ഉയർത്താൻ വസീം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയുണ്ടായി. ഇന്നിംഗ്സിൽ 57 പന്തുകളിൽ 64 റൺസ് ആണ് ഇമാദ് വസീം നേടിയത്. നായകൻ ശതാബ് ഖാൻ 25 പന്തുകളിൽ 32 റൺസ് നേടി അവസാന ഓവറുകളിൽ പാകിസ്താനെ രക്ഷപ്പെടുത്തി. അങ്ങനെ നിശ്ചിത 20 ഓവറുകളിൽ 130 റൺസിന് പാക്കിസ്ഥാൻ ഇന്നിങ്സ് അവസാണിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ വളരെ പതിയെ തന്നെയാണ് അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണർ ഉസ്മാൻ ഗനിയെ(7) തുടക്കത്തിലെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഗുർബാസും സദ്രാനും ചേർന്ന് അഫ്ഗാനിസ്ഥാനായി കൂടാരം തീർത്തു. ഗുർബാസ് 49 പന്തുകളിൽ 44 റൺസ് നേടിയപ്പോൾ, സദ്രാൻ 40 പന്തുകളിൽ 38 റൺസ് നേടി. എന്നാൽ അവസാന ഓവറുകളിൽ അഫ്ഗാനിസ്ഥാന് ഒരു വെടിക്കെട്ട് തന്നെ ആവശ്യമായിരുന്നു. ഈ സമയത്താണ് നജീബുള്ളയും നബിയും ചേർന്ന് അഫ്ഗാനിസ്ഥാനെ ഒരു വെടിക്കെട്ട് പ്രകടനത്തിനോടെ രക്ഷപ്പെടുത്തിയത്. നജീബുള്ള 12 പന്തുകളിൽ 23 റൺസ് നേടിയപ്പോൾ, മുഹമ്മദ് നബി 9 പന്തുകളിൽ 14 റൺസാണ് നേടിയത്. ഇരുവരുടെയും പോരാട്ടവീര്യത്തിന്റെ ഫലമായി ഏഴ് വിക്കറ്റുകളുടെ വിജയമാണ് അഫ്ഗാനിസ്ഥാൻ മത്സരത്തിൽ നേടിയത്.

20230327 081510

ആദ്യമായാണ് പാക്കിസ്ഥാനെ അഫ്ഗാനിസ്ഥാൻ തുടർച്ചയായി രണ്ടു മത്സരങ്ങളിൽ പരാജയപ്പെടുത്തുന്നത്. പിഎസ്എല്ലിൽ ഒരുഗ്രൻ പ്രകടനം കാഴ്ചവച്ച മികവിലാണ് പാകിസ്ഥാൻ യുവതാരങ്ങൾ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20യ്‌ക്കെതിയത്. എന്നാൽ വളരെ നിരാശാജനകമായ പ്രകടനം തന്നെയാണ് യുവതാരങ്ങളിൽ നിന്ന് പരമ്പരയിൽ ഉണ്ടായിരിക്കുന്നത്. പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നാണ് നടക്കുന്നത്.

Previous articleഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആറ് ഗോള്‍ വിജയം
Next article“ഞാനാണ് സെലക്ടറെങ്കിലും ഗില്ലിനെ ടീമിൽ ഉൾപെടുത്തിയേനെ. ശിഖർ ധവാൻ പറയുന്നു!!