ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഏകദിന ബോളർമാരിൽ ഒരാളാണ് മുഹമ്മദ് ഷാമി എന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെ. കഴിഞ്ഞ മത്സരങ്ങളിലെ മുഹമ്മദ് ഷാമിയുടെ മിന്നുന്ന പ്രകടനങ്ങൾ വിലയിരുത്തിയാണ് അനിൽ കുംബ്ലെ ഇത്തരമൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ സെമിഫൈനൽ മത്സരത്തിൽ 57 റൺസ് മാത്രം വിട്ടുനൽകി 7 വിക്കറ്റുകൾ മുഹമ്മദ് ഷാമി സ്വന്തമാക്കുകയുണ്ടായി.
700ലധികം റൺസ് പിറന്ന മത്സരത്തിൽ ഇത്തരം ഒരു മികവാർന്ന പ്രകടനം പുറത്തെടുത്തെങ്കിൽ, അത് മുഹമ്മദ് ഷാമിയുടെ കാലിബർ സൂചിപ്പിക്കുന്നതാണ് എന്ന് അനിൽ ചൂണ്ടിക്കാട്ടുന്നു. ഏകദിന ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് മുഹമ്മദ് ഷാമി എന്ന് ചൂണ്ടിക്കാണിക്കുന്ന നമ്പരുകളാണ് അയാളുടേത് എന്ന് കുംബ്ലെ പറയുന്നു.
2023 ഏകദിന ലോകകപ്പിന്റെ ടൂർണമെന്റിലുടനീളം മികച്ച പ്രകടനങ്ങളാണ് മുഹമ്മദ് ഷാമി പുറത്തെടുത്തിട്ടുള്ളത്. കേവലം 17 മത്സരങ്ങളിൽ നിന്ന് ലോകകപ്പിലെ തന്റെ 50 വിക്കറ്റുകൾ പൂർത്തീകരിക്കാനും മുഹമ്മദ് ഷാമിക്ക് സാധിച്ചിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വേഗതയിൽ 50 വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമായി മുഹമ്മദ് ഷാമി മാറിയിരുന്നു.
മിച്ചൽ സ്റ്റാർക്കിനെ പിന്തള്ളിയായിരുന്നു ഷാമിയുടെ ഈ നേട്ടം. 2023 ഏകദിന ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ ഇതുവരെ മുഹമ്മദ് ഷാമി സ്വന്തമാക്കിയിട്ടുണ്ട്. 9.13 എന്ന ശരാശരിയിലാണ് ഷാമിയുടെ വിക്കറ്റ് നേട്ടം. ഇത്രയും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ശേഷമാണ് കുംബ്ലെയുടെ ഈ പ്രസ്താവന.
“മുഹമ്മദ് ഷാമി ഇന്ത്യൻ ക്രിക്കറ്റ് കണ്ടതിൽ ഏറ്റവും മികച്ച ബോളർമാരിൽ ഒരാൾ തന്നെയാണ്. അയാളുടെ റെക്കോർഡുകൾ സൂചിപ്പിക്കുന്നത് അതുതന്നെയാണ്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഏകദിനങ്ങളിലെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമാണ് മുഹമ്മദ് ഷാമി പുറത്തെടുത്തത്. അവിശ്വസനീയം തന്നെയാണ് അത്.
ഈ ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ മുഹമ്മദ് ഷാമി സ്വന്തമാക്കിയിട്ടുണ്ട്.സെമിഫൈനലിൽ 7 വിക്കറ്റുകളും. അതും വളരെ ഫ്ലാറ്റായ ഒരു പിച്ചിൽ. മത്സരത്തിൽ ഇരു ടീമുകളും ചേർന്ന് 730 റൺസോളം നേടുകയുണ്ടായി. ആ സമയത്താണ് ഷാമിയുടെ ഈ പ്രകടനം. ഇന്ത്യൻ ക്രിക്കറ്റ് കണ്ടതിൽ ഏറ്റവും മികച്ച നിശ്ചിത ഓവർ ബോളർമാരിൽ ഒരാൾ തന്നെയാണ് മുഹമ്മദ് ഷാമി എന്ന് നിസംശയം പറയാൻ സാധിക്കും.”- കുംബ്ലെ പറയുന്നു.
ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരത്തിലും ഷാമി ഇത്തരത്തിലുള്ള മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മുൻപ് ലീഗ് റൗണ്ടിൽ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ പോരാടിയപ്പോൾ മുഹമ്മദ് ഷാമി ടീമിൽ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും സമീപകാലത്ത് ഓസ്ട്രേലിയക്കെതിരെ പോരാടിയപ്പോൾ വളരെ മികച്ച റെക്കോർഡുകളാണ് ഷാമിയ്ക്ക് ഉള്ളത്. മാത്രമല്ല ഷാമിയുടെ ഈ ടൂർണമെന്റിലെ മിന്നും പ്രകടനം ഓസ്ട്രേലിയൻ ബാറ്റർമാരെ ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഫൈനൽ മത്സരത്തിലും മികവുപുലർത്തി ഇന്ത്യക്ക് കിരീടം സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാമി.