രോഹിത് വലിയ മത്സരങ്ങളിലെ താരം, ഇന്ത്യയെ കിരീടം ചൂടിയ്ക്കാൻ അവനറിയാം. സഹീർ പറയുന്നു.

rohit sharma world cup 2023

2023 ഏകദിന ലോകകപ്പിന്റെ ഫൈനലിന് തൊട്ടുമുൻപ് ഇന്ത്യൻ നായകൻ രോഹിത് ശർമയെ പ്രശംസിച്ച മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ. ലോകകപ്പ് ഫൈനൽ പോലെയുള്ള വലിയ മത്സരങ്ങൾ ഏതുതരത്തിൽ കൈകാര്യം ചെയ്യണമെന്ന് രോഹിത് ശർമയ്ക്ക് പൂർണമായ ബോധ്യമുണ്ട് എന്നാണ് സഹീർ ഖാൻ പറഞ്ഞത്. നവംബർ 19ന് ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഫൈനൽ മത്സരം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സഹീർ ഖാന്റെ ഈ പ്രസ്താവന.

ഇതുവരെ ഈ ലോകകപ്പിൽ വളരെ മികവാർന്ന പ്രകടനമാണ് രോഹിത് ശർമ പുറത്തെടുത്തിട്ടുള്ളത്. നായകൻ എന്ന നിലയിൽ ടീമിനെ മുന്നിൽ നിന്നു നയിക്കാൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും വിജയം കണ്ടായിരുന്നു ഇന്ത്യ ഫൈനലിൽ എത്തിയത്. ശേഷമാണ് സഹീർ ഖാൻ രോഹിതിന് പ്രശംസകളുമായി എത്തിയത്.

ഒരേസമയം മത്സരത്തെ തീവ്രതയോടെയും ശാന്തമായും നേരിടാൻ സാധിക്കുന്ന ഒരു താരമാണ് രോഹിത് ശർമ എന്ന് സഹീർ ഖാൻ പറഞ്ഞു. “രോഹിത് ശർമ ഒരു അവിസ്മരണീയ നായകൻ തന്നെയാണ്. ഈ ലോകകപ്പിലുടനീളം ആക്രമണവും ശാന്തതയും ഒരേസമയം പുലർത്താൻ രോഹിത് ശർമയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ഡ്രസ്സിംഗ് റൂമിനെ ഏറ്റവുമധികം പോസിറ്റീവായി മാറ്റുന്നതും രോഹിത് ശർമയുടെ സമീപനം തന്നെയാണ്. ”

”ബാറ്റിംഗ് സമയത്ത് എപ്പോഴും രോഹിത് ആക്രമണ പരമായാണ് കാണപ്പെടുന്നത്. ആദ്യ പന്ത് മുതൽ എതിർ ടീമുകളെ സമ്മർദ്ദത്തിലാക്കാൻ രോഹിത് ശ്രമിക്കുന്നുണ്ട്. മികച്ച സ്ട്രൈക് റേറ്റിൽ സെഞ്ച്വറി നേടാനും രോഹിത്തിന് സാധിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളാണ് നമുക്ക് ഒരു നായകനിൽ നിന്ന് ആവശ്യം.”- സഹീർ ഖാൻ പറഞ്ഞു.

Read Also -  "ലോകകപ്പിൽ സൂര്യ മൂന്നാം നമ്പറിൽ ഇറങ്ങണം, കോഹ്ലി നാലാമതും". ബ്രയാൻ ലാറ പറയുന്നു.

“ഇത്തരത്തിൽ ഫൈനൽ മത്സരങ്ങളിൽ ഒരുപാട് തവണ മികവ് പുലർത്തിയ അനുഭവസമ്പത്ത് രോഹിത് ശർമയ്ക്കുണ്ട്. എങ്ങനെയാണ് ഇത്തരം വലിയ സന്ദർഭങ്ങളിൽ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് എന്ന് രോഹിതിന് അറിയാം. നമ്മൾ ഇത്തരം ലെവലിൽ രോഹിത്തിനെ ഒരുപാട് തവണ കണ്ടുകഴിഞ്ഞു.”

” ഏതുതരത്തിൽ കിരീടം സ്വന്തമാക്കണമെന്ന് രോഹിത്തിന് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഈ ഫൈനൽ മത്സരത്തിലും രോഹിത് കാര്യങ്ങൾ ലളിതമായി കാണുമെന്നാണ് ഞാൻ ചിന്തിക്കുന്നത്. എല്ലാം ഇതുവരെ ഉള്ളതുപോലെ അതിന്റെതായ ഫ്ലോയിൽ തന്നെ മുന്നോട്ടു പോകും.”- സഹീർ ഖാൻ കൂട്ടിച്ചേർത്തു.

ലോകകപ്പിലെ ഏറ്റവും വലിയ മത്സരം തന്നെയാണ് അഹമ്മദാബാദ് സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്നത്. 5 തവണ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യ മൈതാനത്ത് ഇറങ്ങുന്നത്. ഈ ടൂർണമെന്റിന്റെ തുടക്കം മുതൽ തന്നെ ഫേവറേറ്റുകൾ ആയിരുന്നു ഇന്ത്യ. പ്രതീക്ഷിക്കൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും അവസാന മത്സരത്തിൽ യാതൊരു പിഴവും വരാതെ കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം.

Scroll to Top