തുടക്കം ഗംഭീരമാക്കി മിന്നു മണി. 3 മത്സരങ്ങളിലും അഴിഞ്ഞാട്ടം. കേരളത്തിന്റെ അഭിമാനം.

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിൽ അത്യുഗ്രൻ പ്രകടനം തന്നെയാണ് മലയാളി താരം മിന്നുമണി കാഴ്ച വച്ചിരിക്കുന്നത്. 3 ട്വന്റി20 മത്സരങ്ങളിലും ബോളിങ്ങിൽ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ മിന്നുമണിക്ക് സാധിച്ചു. ഇതോടെ കരിയറിൽ മികച്ച ഒരു തുടക്കമാണ് കേരളത്തിന്റെ അഭിമാന താരത്തിന് ലഭിച്ചിരിക്കുന്നത്. മൂന്നു മത്സരങ്ങളിൽ നിന്നായി 5 വിക്കറ്റുകളാണ് മിന്നുമണി സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ ഇന്ത്യ വിജയിച്ച രണ്ടു മത്സരങ്ങളിലും മിന്നുമണിയുടെ പ്രകടനം നിർണായകമായി മാറി. സീരീസില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതും മിന്നുവാണ്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ മിന്നു മണിയായിരുന്നു ഇന്ത്യക്കായി ആദ്യ വിക്കറ്റ് നേടിയത്. ബംഗ്ലാദേശിന്റെ ഓപ്പണർ ഷമീമ സുൽത്താനയെ പുറത്താക്കിയാണ് മിന്നുമണി അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ വരവറിയിച്ചത്. മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റുകൾക്ക് വിജയം നേടുകയുണ്ടായി. 3 ഓവറുകളിൽ 21 റൺസ് വിട്ടുനൽകി ഒരു വിക്കറ്റാണ് മത്സരത്തിൽ മിന്നുമണി നേടിയത്. ശേഷം രണ്ടാം മത്സരത്തിലാണ് മിന്നുമണിയുടെ വളരെയധികം നിർണായകമായ സ്പെൽ പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ കേവലം 95 റൺസിന് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.

ഇതോടെ ഇന്ത്യ പരാജയപ്പെടുമേന്ന് പലരും കരുതി. എന്നാൽ ഒരു അത്യുഗ്രൻ തുടക്കമാണ് മിന്നുമണി ഇന്ത്യയ്ക്ക് നൽകിയത്. ബംഗ്ലാദേശ് ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഷമീമ സുൽത്താനയെ മിന്നുമണി വീഴ്ത്തി. പിന്നീട് ഋതു മോണിയെ വിക്കറ്റിനു മുന്നിൽ കുടുക്കാനും മിന്നുമണിക്ക് സാധിച്ചു. ഇതോടെ മത്സരത്തിൽ ഇന്ത്യ ആധിപത്യം നേടിയെടുക്കുകയായിരുന്നു. മത്സരത്തിൽ 4 ഓവറുകൾ പന്തെറിഞ്ഞ മിന്നുമണി കേവലം 9 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി. മത്സരത്തിൽ ഒരു മെയ്ഡൻ ഓവറെറിയാനും മിന്നുമണിക്ക് സാധിച്ചു. ഇന്ത്യ 8 റൺസിന് കളി ജയിക്കുകയും ചെയ്തു.

ശേഷം മൂന്നാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും മിന്നുമണി തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മത്സരത്തിൽ ശാദി റാണിയുടെയും അക്തറിന്റെയും വിക്കറ്റുകൾ വീഴ്ത്താൻ മിന്നുമണിക്ക് സാധിച്ചു. നാലോവറുകളിൽ 28 റൺസ് വിട്ടു നൽകി രണ്ടു വിക്കറ്റുകളാണ് മിന്നുമണി മത്സരത്തിൽ നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച തുടക്കമാണ് മിന്നുമണിക്ക് ലഭിച്ചിരിക്കുന്നത്. ഈ ഫോം വരും മത്സരങ്ങളിലും തുടരാൻ സാധിച്ചാൽ മിന്നുമണി ഇന്ത്യൻ ടീമിന്റെ സ്ഥിര സാന്നിധ്യമായി മാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Previous article2019 ലോകകപ്പിൽ ഇന്ത്യയെ ധോണി മനപ്പൂർവം തോൽപിച്ചു. വിവാദ പരാമർശവുമായി യുവരാജിന്റെ പിതാവ്.
Next articleഅമ്പാട്ടി റായുഡു വന്നില്ലെങ്കില്‍ എന്താ മറ്റൊരു ചെന്നൈ താരത്തെ സ്വന്തമാക്കി ടെക്സസ് സൂപ്പര്‍ കിംഗ്സ്.