തോൽവിയുടെ വക്കിൽ നിന്നും ഇന്ത്യയെ വിജയത്തിൽ എത്തിച്ചത് വിരാട് കോഹ്ലിയുടെ പോരാട്ടവീര്യമായിരുന്നു. കോഹ്ലിയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സ് തന്നെയായിരുന്നു പാക്കിസ്ഥാനെതിരെ പിറന്നത്. പാക്കിസ്ഥാൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ഇന്ത്യ മറികടന്നത്. 53 പന്തുകളിൽ നിന്ന് 6 ഫോറുകളും 4 സിക്സറുകളുമടക്കം 82 റൺസ് ആണ് കോഹ്ലി നേടിയത്.
കോഹ്ലിക്ക് മികച്ച പിന്തുണ നൽകി ഹർദിക് പാണ്ഡ്യയും ഉണ്ടായിരുന്നു. ഇന്നലത്തെ വിജയത്തോടെ കഴിഞ്ഞ ലോകകപ്പിൽ ആദ്യം മത്സരത്തിൽ തങ്ങളെ തോൽപ്പിച്ചതിന് പാക്കിസ്ഥാനോട് കണക്ക് വീട്ടുവാനും ഇന്ത്യക്ക് സാധിച്ചു. ഇന്നലെ മുതൽ കായിക ലോകത്തും മറ്റും എല്ലാവരും ചർച്ച ചെയ്യുന്നത് ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലിയുടെ ഐതിഹാസികമായ പോരാട്ടത്തെയാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് കോഹ്ലിയെ കുറിച്ച് പറഞ്ഞ പാക്കിസ്ഥാൻ താരം മാലിക്കിന്റെ വാക്കുകളാണ്.
“എതിരാളികളെ സമ്മർദ്ദത്തിലേക്ക് തള്ളിവിടുവാൻ കോഹ്ലിക്ക് സാധിക്കുന്നു.നേട്ടങ്ങൾ വരുന്നത് അനുഭവങ്ങളിലൂടെയാണ്. നമുക്ക് വേണ്ടത് ആത്മവിശ്വാസമാണ്. ചേസ് ചെയ്യുമ്പോൾ ഒരു ബാറ്റർ എന്ന നിലയിൽ നമ്മൾ സമ്മർദ്ദത്തിലാണെങ്കിൽ എതിരാളികളും സമ്മർദ്ദിത്താലാണെന്ന് ഓർക്കണം. വിരാടിന്റെ വിജയം എന്താണെന്ന് വച്ചാൽ, അദ്ദേഹം എതിർ ടീമിന്റെ ആത്മവിശ്വാസം തകർക്കുന്നൊരു
ഘട്ടത്തിലേക്ക് അവരെ കൊണ്ടു പോകുമെന്നതാണ്. പിന്നീടാണ് അദ്ദേഹം തന്റെ ഗെയിം നടപ്പിലാക്കുക. അതാണ് ഏറ്റവും മികച്ചത്.സാഹചര്യം മനസിലാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം.
അദ്ദേഹം ആദ്യം ബാറ്റ് ചെയ്താലും ആവറേജ് അത് തന്നെയായിരിക്കും. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യേണ്ടപ്പോള്‍ ചെയ്യും. വലിയ ഷോട്ടുകളും കളിക്കും. ഏറ്റവും മികച്ച കാര്യം എന്തെന്നാല്‍ അദ്ദേഹം ഗ്യാപ്പുകള്‍ നോക്കിയാണ് കളിക്കുന്നതെന്നാണ്. തന്റെ ഷോട്ടുകളെയാണ് വിശ്വസിക്കുന്നത്. പേടിക്ക് അടിമപ്പെടില്ല. തന്റെ ഷോട്ടുകളിലൂടെ തന്നെ കളിക്കും.എന്തൊരു ക്രിക്കറ്റ് മത്സരത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്. ഈ വിരാട് കോലി ഒരു ബീസ്റ്റാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ലോകത്ത് മറ്റൊരാളുമായി അയാളെ താരതമ്യം ചെയ്യാനാകില്ല. ആങ്കര്‍ ചെയ്യാനും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും സിക്‌സുകള്‍ അടിക്കാനും മത്സരം ഫിനിഷ് ചെയ്യാനും അയാള്‍ക്കറിയാം.”- മാലിക് പറഞ്ഞു