ഇന്ത്യൻ ടീമിനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ ഒരു അത്ഭുത പ്രകടനം പുറത്തെടുത്ത ശേഷമാണ് യുവ ഓപ്പണർ ജയിസ്വാൾ മടങ്ങിയത്. വിൻഡിസിനെതിരായ തന്റെ ആദ്യ മത്സരത്തിൽ 387 പന്തുകളിൽ 16 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെടെ 171 റൺസ് ജയസ്വാൾ നേടുകയുണ്ടായി. വിൻഡിസ് ഉയർത്തിയ 150 എന്ന ആദ്യ ഇന്നിങ്സ് സ്കോർ മറികടക്കാനിറങ്ങിയ ഇന്ത്യയ്ക്ക് മത്സരത്തിൽ വലിയ ആധിപത്യമാണ് ജയിസ്വാളിന്റെ ഈ ഇന്നിംഗ്സ് സമ്മാനിച്ചത്. ഈ തകർപ്പൻ ഇന്നിങ്സിൽ ഒരുപാട് റെക്കോർഡുകളും ജയിസ്വാൾ മറികടക്കുകയുണ്ടായി. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണ് ജെയ്സ്വാൾ മത്സരത്തിൽ നേടിയത്.
ഈ റെക്കോർഡിൽ ജയിസ്വാളിന് മുൻപിലുള്ളത് കേവലം 2 ഇന്ത്യക്കാർ മാത്രമാണ്. ശിഖർ ധവാനും രോഹിത് ശർമയും. 2013ൽ മൊഹാലിയിൽ ഓസ്ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച ധവാൻ ആ മത്സരത്തിൽ നേടിയത് 187 റൺസ് ആയിരുന്നു. ആ വർഷം തന്നെ രോഹിത് ശർമ തന്റെ ടെസ്റ്റ് അരങ്ങേറ്റ മത്സരത്തിൽ 177 റൺസ് വെസ്റ്റിൻഡീസിനെതിരെ നേടുകയും ചെയ്തു. ഇവർക്ക് പിന്നിലാണ് 171 റൺസ് നേടിയ ജയിസ്വാൾ നിൽക്കുന്നത്. ഈ മൂന്നുപേർ മാത്രമാണ് ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇന്ത്യയ്ക്കായി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിട്ടുള്ളത്.
മാത്രമല്ല വിദേശപിച്ചിൽ ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമായും ജയിസ്വാൾ മാറുകയുണ്ടായി. മുൻപ് സൗരവ് ഗാംഗുലിയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ലോഡ്സിൽ ഇംഗ്ലണ്ടിനെതിരെ 131 റൺസാണ് ഗാംഗുലി തന്റെ വിദേശ പിച്ചിലെ അരങ്ങേറ്റ മത്സരത്തിൽ നേടിയത്. തന്റെ കന്നി മത്സരത്തിൽ ഏറ്റവുമധികം പന്തുകൾ നേരിട്ട ഇന്ത്യൻ താരമെന്ന റെക്കോർഡും ജയിസ്വാൾ സ്വന്തമാക്കിയിട്ടുണ്ട്. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 387 പന്തുകളാണ് ജയിസ്വാൾ നേരിട്ടത്. മാത്രമല്ല വിൻഡിസിനെതിരെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇടംകയ്യൻ ബാറ്റർ എന്ന റെക്കോർഡും ജയിസ്വാൾ പേരിൽ ചേർത്തിട്ടുണ്ട്.
എന്തായാലും തന്റെ ടെസ്റ്റ് കരിയറിന് ഉഗ്രൻ തുടക്കം തന്നെയാണ് ഈ മത്സരത്തിലൂടെ ജയിസ്വാൾ നേടിയെടുത്തത്. മത്സരത്തിൽ ഇന്ത്യ ഇത്ര ശക്തമായ നിലയിലെത്താൻ പ്രധാന കാരണമായി മാറിയത് ജെയിസ്വാളിന്റെയും രോഹിത് ശർമയുടെയും സെഞ്ചുറിയാണ്. മൂന്നാം ദിവസം പൂർണ്ണമായും ഇന്ത്യ ഈ ആധിപത്യം മുതലെടുക്കുകയാണെങ്കിൽ വിൻഡിസിന് മേൽ വലിയൊരു ലീഡ് സ്വന്തമാക്കി വിജയം അനായാസം കൈപ്പിടിയിലൊതുക്കാൻ ജയിസ്വാളിന് സാധിക്കും.