കോഹ്ലിയേയും രോഹിതിനെയും കളിപ്പിക്കേണ്ടിയിരുന്നില്ല, ഗംഭീർ യുവതാരങ്ങളുടെ അവസരം നശിപ്പിച്ചെന്ന് ആശിഷ് നെഹ്റ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ വലിയ സമ്മർദ്ദത്തിന്റെ മുൻപിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരത്തിൽ സമനില കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ ദയനീയമായ പരാജയമാണ് ഇന്ത്യയെ തേടിയെത്തിയത്.

ഇതോടെ മൂന്നാം മത്സരത്തിൽ വിജയം നേടുക എന്നത് ഇന്ത്യയുടെ ഏറ്റവും വലിയ ലക്ഷ്യമായി മാറിയിരിക്കുകയാണ്. ഈ സമയത്ത് മൂന്നാം ഏകദിനത്തിൽ ഇന്ത്യ തങ്ങളുടെ പ്ലെയിങ് ഇലവനിൽ മാറ്റം വരുത്തുമോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. ഇതിനെതിരെ പ്രതികരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കായി ടീം തിരഞ്ഞെടുക്കുന്നതിൽ വലിയ രീതിയിലുള്ള പരാജയം ഗംഭീറിന് നേരിട്ടു എന്നാണ് നെഹ്റ പറയുന്നത്.

ഇന്ത്യ ഒരു കാരണവശാലും വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും പ്രസ്തുത പരമ്പരയിൽ ഉൾപ്പെടുത്തേണ്ടിയിരുന്നില്ല എന്നാണ് നെഹ്റയുടെ വാദം. ഒരു പുതിയ പരിശീലകൻ എന്ന നിലയ്ക്ക് ഇന്ത്യയുടെ ബെഞ്ച് ശക്തി പരീക്ഷിക്കാനുള്ള വലിയ അവസരമാണ് ഗംഭീറിന് കൈവന്നത് എന്ന് നെഹ്റ കരുതുന്നു.

അതിനാൽ തന്നെ കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകി അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയാക്കി ശ്രീലങ്കൻ പര്യടനം മാറ്റേണ്ടതായിരുന്നു എന്നാണ് നെഹ്റ കരുതുന്നത്. ഇന്ത്യയ്ക്ക് ഇനി ഏകദിന പരമ്പര വരുന്നത് 3 മാസങ്ങൾക്ക് ശേഷമായതിനാൽ തന്നെ, ഇപ്പോൾ രോഹിത്തിനെയും കോഹ്ലിയെയും ഏകദിനത്തിൽ കളിപ്പിച്ച് ഒരു അവസരം നഷ്ടപ്പെടുത്തുകയാണ് ഉണ്ടായത് എന്ന് നെഹ്റ കരുതുന്നു.

“ഇന്ത്യയ്ക്ക് ഇനിയൊരു ഏകദിന പരമ്പര വരുന്നത് 2-3 മാസങ്ങൾക്ക് ശേഷമാണ് എന്നോർക്കണം. അത് നമുക്ക് അപൂർവ്വമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ രോഹിത്തിനെയും കോഹ്ലിയെയും ടീമിൽ ഉൾപ്പെടുത്തണമായിരുന്നോ എന്നതാണ് ഒരു ചോദ്യം. കാരണം അങ്ങനെയൊരു സാഹചര്യമുള്ളപ്പോൾ ഈ പരമ്പരയിൽ ഇന്ത്യ കൂടുതലായി മറ്റു താരങ്ങൾക്ക് അവസരം നൽകേണ്ടതായിരുന്നു. ഗൗതം ഗംഭീർ ഒരു പുതിയ കോച്ചാണ് എന്നത് ഞാൻ മനസ്സിലാക്കുന്നു. പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം സമയം ചിലവഴിക്കാൻ അവൻ ആഗ്രഹിച്ചിരുന്നു. പക്ഷേ കോഹ്ലിയെയും രോഹിത്തിനെയും നന്നായി അറിയാത്ത ആളല്ല ഗംഭീർ.”- നെഹ്റ പറയുന്നു.

“ഒരിക്കലും ഗംഭീർ ഒരു വിദേശ കോച്ചല്ല എന്ന് ഓർക്കണം. അതുകൊണ്ടുതന്നെ കോഹ്ലിയും രോഹിത്തും തമ്മിലുള്ള ഇക്വേഷൻ ഇപ്പോൾ പരീക്ഷിക്കേണ്ടിയിരുന്നില്ല. പുതിയ താരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ഒരു അവസരമായിരുന്നു ശ്രീലങ്കൻ പര്യടനം. ശേഷം കോഹ്ലിയും രോഹിത്തും ഹോം സീസണിൽ ഏകദിനങ്ങളിൽ കളിച്ചാൽ മതിയായിരുന്നു. എന്തായാലും ഗംഭീറിന്റെ ഒരു മോശമായ മനോഭാവമാണ് എന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഈ പരമ്പരയിൽ ഇത്തരത്തിൽ ഒരു തന്ത്രമായിരുന്നില്ല പ്രയോഗിക്കേണ്ടിയിരുന്നത്.”- നെഹ്റ കൂട്ടിച്ചേർക്കുന്നു.

Previous articleബാറ്റിംഗ് നിര കോമഡി. സ്പിൻ പിച്ചിൽ പരാഗ് എവിടെ? ഗംഭീർ ഇന്ത്യയെ നശിപ്പിക്കുമോ? വമ്പൻ വിമർശനം.
Next articleഗംഭീർ ഒരുപാട് നാൾ ഇന്ത്യൻ കോച്ചായി ഉണ്ടാവില്ല. കാരണം പറഞ്ഞ് മുൻ ഇന്ത്യൻ താരം.