“മാക്സ്വെല്ലും ലിവിങ്സ്റ്റണും ഇന്ത്യയിൽ അവധിക്കാലം ആഘോഷിക്കാൻ വന്നവർ”- സേവാഗിന്റെ വിമർശനം.

ഇന്ത്യൻ പ്രീമിയർ ലീഗിലെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മോശം പ്രകടനങ്ങൾ കാഴ്ചവച്ച ഗ്ലെൻ മാക്സ്വെല്ലിനെയും ലിയാം ലിവിങ്സ്റ്റനെയും രൂക്ഷമായ വിമർശിച്ച് ഇന്ത്യയുടെ മുൻ താരം വീരേന്ദർ സേവാഗ്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ടീമിൽ ഇടം കിട്ടിയിട്ടും വളരെ മോശം ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു ഇരു താരങ്ങളും കാഴ്ചവച്ചത്. ഇത് ടീമുകളുടെ വിജയത്തെയും വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ താരങ്ങൾക്കെതിരെ സേവാഗ് രംഗത്ത് എത്തിയത്. ഇരു താരങ്ങളും ഇന്ത്യയിൽ ഒരു അവധിക്കാല ട്രിപ്പിന് വന്ന രീതിയിലാണ് എന്ന് സേവാഗ് പറയുകയുണ്ടായി.

തങ്ങളുടെ ടീമുകൾക്കായി കിരീടം സ്വന്തമാക്കണമെന്ന ലക്ഷ്യം ഇരു താരങ്ങൾക്കും ഉണ്ടോ എന്നാണ് വീരേന്ദർ സേവാഗ് ചോദിക്കുന്നത്. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിലെ പലതാരങ്ങളും ഒരു അവധിക്കാലം ആഘോഷിക്കാൻ വരുന്ന രീതിയിലാണ് ഐപിഎല്ലിലേക്ക് വരുന്നത് എന്നും സേവാഗ് പറയുന്നു. പലതാരങ്ങൾക്കും തങ്ങളുടെ ടീമുകൾ കിരീടം സ്വന്തമാക്കണമെന്ന ലക്ഷ്യം മനസ്സിലില്ല എന്നാണ് സേവാഗിന്റെ വിലയിരുത്തൽ. ഇതിനോടകം തന്നെ അത്തരമുള്ള താല്പര്യം പല താരങ്ങൾക്കും ഇല്ലാതായി എന്ന സേവാഗ് പറയുന്നു.

“പലതാരങ്ങൾക്കും കിരീടം നേടണം എന്ന ആഗ്രഹം അവസാനിച്ചു കഴിഞ്ഞു. മാക്സ്വെല്ലിനും ലിവിങ്സ്റ്റണും അത്തരമൊരു ആഗ്രഹമുണ്ട് എന്ന് ഞാൻ കരുതുന്നില്ല. അവർ ഇന്ത്യയിൽ വന്നത് അവധിക്കാലം ആഘോഷിക്കാനാണ് എന്ന് തോന്നുന്നു. കാരണം തങ്ങളുടെ ടീമുകളുമായി അത്തരത്തിൽ ഒരു ബന്ധം പുലർത്താൻ അവർക്ക് സാധിക്കുന്നില്ല. ടീമിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നും ടീമിനെ വിജയിപ്പിക്കണം എന്നുമുള്ള ലക്ഷ്യം അവരെ വിട്ടുപോയതാണ് എനിക്ക് തോന്നുന്നത്.”- സേവാഗ് പറയുകയുണ്ടായി.

മുൻപും വിദേശ താരങ്ങൾ ഇത്തരത്തിൽ യാതൊരു ലക്ഷ്യങ്ങളുമില്ലാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട് എന്നാണ് സേവാഗ് പറയുന്നത്. എന്നാൽ ചില താരങ്ങൾ ഐപിഎല്ലിൽ തങ്ങളുടെ ഫ്രാഞ്ചൈസികൾക്കായി അങ്ങേയറ്റം മികവ് പുലർത്താറുണ്ട് എന്നും സേവാഗ് കൂട്ടിച്ചേർത്തു. ഇത്തവണത്തെ ഐപിഎല്ലിൽ 6 ഇന്നിങ്സുകളിൽ നിന്ന് കേവലം 87 റൺസ് മാത്രമാണ് ലിവിങ്സ്റ്റൺ സ്വന്തമാക്കിയിട്ടുള്ളത്. മറുവശത്ത് 5 ഇന്നിംഗ്സുകളിൽ നിന്ന് 41 റൺസ് മാത്രമാണ് മാക്‌സ്വെല്ലിന് സ്വന്തമാക്കാൻ സാധിച്ചത്.