ഗംഭീർ ഒരുപാട് നാൾ ഇന്ത്യൻ കോച്ചായി ഉണ്ടാവില്ല. കാരണം പറഞ്ഞ് മുൻ ഇന്ത്യൻ താരം.

gautam gambhir

2024 ട്വന്റി20 ലോകകപ്പിന് ശേഷം രാഹുൽ ദ്രാവിഡ്‌ ഇന്ത്യയുടെ പരിശീലക സ്ഥാനത്തു നിന്ന് രാജി വെച്ചിരുന്നു. ശേഷമാണ് വലിയ പ്രതീക്ഷയോടെ ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലകനായി എത്തിയത്. താൻ പരിശീലകനായെത്തിയ ആദ്യ ട്വന്റി20 പരമ്പരയിൽ ടീമിനെ വിജയിപ്പിക്കാൻ ഗംഭീറിന് സാധിച്ചിരുന്നു.

3- 0 എന്ന നിലയിലാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യ വിജയം സ്വന്തമാക്കിയത്. എന്നാൽ ഏകദിന പരമ്പരയിൽ ഇന്ത്യ ഇതുവരെ പതറുന്നതാണ് കണ്ടത്. ഇന്ത്യയുടെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ അധികം കാലം തുടരില്ല എന്ന പ്രസ്താവനയുമായി ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ജോഗിന്ദർ ശർമ.

2027 ഏകദിന ലോകകപ്പ് വരെയാണ് ഗൗതം ഗംഭീറിന്റെ ഇന്ത്യൻ പരിശീലകനായുള്ള കാലാവധി. എന്നാൽ ഇതിന് മുൻപ് തന്നെ ഗംഭീർ പരിശീലക സ്ഥാനത്തു നിന്ന് ഒഴിയും എന്നാണ് ജോഗിന്ദർ പറയുന്നത്. ഒരു പ്രമുഖ യൂട്യൂബ് ചാനലിൽ സംസാരിക്കുന്ന സമയത്താണ് ജോഗിന്ദർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗംഭീറിന്റെ ചില സ്വഭാവ പ്രത്യേകതകൾ ചൂണ്ടിക്കാട്ടിയാണ് താരം സംസാരിച്ചത്. വളരെ ചൂടനായ ഗംഭീർ പല സമയത്തും പെട്ടെന്ന് തന്നെ തീരുമാനങ്ങൾ കൈക്കൊള്ളുന്ന താരമാണ് എന്ന് ജോഗിന്ദർ പറയുന്നു അതിനാൽ തന്നെ ടീമിലുള്ള ഏതെങ്കിലും താരങ്ങളുമായി ഗംഭീർ വഴക്കിടാനും സാധ്യതയുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു.

Read Also -  കൊല്ലത്തിന്റെ വിജയറൺ അവസാനിപ്പിച്ച് കൊച്ചി ടൈഗേഴ്സ്. 18 റൺസിന്റെ ആവേശവിജയം.

“നിലവിൽ ഗൗതം ഗംഭീറാണ് ഇന്ത്യൻ ടീമിനെ മാനേജ് ചെയ്യുന്നത്. പക്ഷേ അദ്ദേഹം സ്ക്വാഡിനൊപ്പം ഒരുപാട് കാലം ഉണ്ടാവുമെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. കാരണം ഗംഭീറിന് ഇട സമയങ്ങളിൽ കൃത്യമായി തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഒരു ശൈലിയുണ്ട്. പലപ്പോഴും താരങ്ങളുമായി വാക്ക് തർക്കങ്ങളും മറ്റും ഉണ്ടാവാൻ വലിയ സാധ്യത ഇപ്പോഴും നിലനിൽക്കുന്നു. ഞാൻ പറയുന്നത് വിരാട് കോഹ്ലിയുടെ കാര്യമല്ല. ഗൗതം ഗംഭീർ എടുക്കുന്ന പല തീരുമാനങ്ങളും മറ്റു താരങ്ങൾക്ക് ഒട്ടുംതന്നെ ഇഷ്ടപെടണമെന്നില്ല.”- ജൊഗീന്ദർ ശർമ പറയുന്നു.

ഒപ്പം ഗംഭീർ യാതൊരു തരത്തിലും ക്രെഡിറ്റ് എടുക്കാൻ തയ്യാറാവുന്ന താരമല്ല എന്നും ജൊഗീന്ദർ പറയുകയുണ്ടായി. “ഒരിക്കലും ക്രെഡിറ്റിനായി മൈതാനത്ത് തുടരുന്ന താരമല്ല ഗൗതം ഗംഭീർ. വളരെ ആത്മാർത്ഥതയോടെയും സത്യസന്ധമായും തന്റെ ജോലി പൂർത്തീകരിക്കാൻ ഗംഭീർ എല്ലായിപ്പോഴും ശ്രമിക്കാറുണ്ട്.”- ജോഗിന്ദർ കൂട്ടിച്ചേർത്തു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ 0-1 എന്ന നിലയിൽ പിന്നിലാണ് ഇപ്പോൾ ഇന്ത്യ. പരമ്പരയിലെ അവസാന ഏകദിന മത്സരം ഓഗസ്റ്റ് ഏഴിനാണ് നടക്കുന്നത്. മത്സരത്തിൽ വിജയം സ്വന്തമാക്കി പരമ്പര സമനിലയിൽ ആക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

Scroll to Top