ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ 200 സിക്സറുകൾ സ്വന്തമാക്കുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് താരം കെഎൽ രാഹുൽ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലായിരുന്നു രാഹുൽ തകർപ്പൻ സിക്സർ സ്വന്തമാക്കി ഈ നേട്ടം കൈവരിച്ചത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ ഏറ്റവും വേഗതയിൽ 200 സിക്സറുകൾ സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് രാഹുൽ. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 129 ഇന്നിംഗ്സുകളാണ് രാഹുൽ കളിച്ചിട്ടുള്ളത്. ഇതിൽ നിന്നാണ് 200 സിക്സറുകൾ താരം സ്വന്തമാക്കിയത്.
മുൻപ് ഏറ്റവും വേഗതയിൽ 200 സിക്സറുകൾ സ്വന്തമാക്കി ഇന്ത്യൻ താരം എന്ന റെക്കോർഡ് മലയാളി താരം സഞ്ജു സാംസണിന്റെ പേരിലായിരുന്നു. 159 ഐപിഎൽ മത്സരങ്ങളിൽ നിന്നായിരുന്നു സഞ്ജു 200 സിക്സറുകൾ സ്വന്തമാക്കിയത്. ഈ റെക്കോർഡ് ആണ് ഇപ്പോൾ രാഹുൽ മറികടന്നിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും വേഗതയിൽ 200 സിക്സറുകൾ സ്വന്തമാക്കിയ താരം ക്രിസ് ഗെയിലാണ്. 69 ഇന്നിംഗ്സുകളിൽ നിന്നാണ് ഗെയിൽ ഇത്തരമൊരു അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് ആൻഡ്ര റസലാണ് ഇടം പിടിച്ചിരിക്കുന്നത്. 69 ഇന്നിങ്സുകളിൽ നിന്നായിരുന്നു റസൽ 200 സിക്സറുകൾ നേടിയത്.
ശേഷമാണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഇപ്പോൾ രാഹുൽ എത്തിയിരിക്കുന്നത്. ലിസ്റ്റിൽ നാലാം സ്ഥാനത്തുള്ളത് ദക്ഷിണാഫ്രിക്കയുടെ മുൻ താരം ഡിവില്ലിയേഴ്സാണ്. 137 ഐപിഎൽ മത്സരങ്ങളിൽ നിന്നാണ് താരം 200 സിക്സറുകൾ താരം സ്വന്തമാക്കിയത്. 148 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 200 സിക്സറുകൾ നേടിയ ഡേവിഡ് വാർണർ ആണ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തുള്ളത്. 150 മത്സരങ്ങളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ വിൻഡീസ് ഇതിഹാസ താരം കീറോൺ പൊള്ളാർഡ് ലിസ്റ്റിൽ ആറാം സ്ഥാനത്ത് നിൽക്കുന്നു.
ഗുജറാത്തിനെതിരായ മത്സരത്തിൽ മികച്ച തുടക്കം തന്നെയായിരുന്നു രാഹുലിന് ലഭിച്ചത്. 14 പന്തുകൾ നേരിട്ട രാഹുലിന് 28 റൺസ് സ്വന്തമാക്കാൻ സാധിച്ചു. പക്ഷേ ഇന്നിംഗ്സ് വലുതാക്കി മാറ്റുന്നതിൽ രാഹുൽ പരാജയപ്പെടുകയായിരുന്നു. 4 ബൗണ്ടറികളും ഒരു സിക്സറുമാണ് രാഹുലിന്റെ ഇന്നിംഗ്സിൽ പിറന്നത്. മത്സരത്തിൽ ഡൽഹി നിശ്ചിത 20 ഓവറുകളിൽ 203 റൺസ് സ്വന്തമാക്കിയെങ്കിലും ഗുജറാത്ത് 7 വിക്കറ്റുകൾ ശേഷിക്കെ വിജയലക്ഷ്യം താണ്ടുകയുണ്ടായി.